ADVERTISEMENT

കീടങ്ങൾ അഥവാ ഇൻസെക്റ്റ്സ് എന്ന് വിളിക്കുന്ന ജീവികളിലെ തന്നെ ഏറ്റവുമധികം വിഷമുള്ള ഇനം റെക്കോർഡ് നേടിയിരിക്കുകയാണ് അമേരിക്കയിലെ ഒരു ചൊറിയൻ പുഴു വിഭാഗം. ഓസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡ് സർവ്വകലാശാല നടത്തിയ പഠനത്തിലാണ് പരിണാമത്തിലൂടെ വിഷത്തിന് വീര്യം കൂടി വരുന്ന ഈ പുഴുവിന്റെ പ്രത്യേകത ഗവേഷകർ തിരിച്ചറിഞ്ഞ്. ഭൂമിയിലെ തന്നെ ഏറ്റവും പുരാതനമായ ചില മൈക്രോബുകളുടെ സഹായത്തോടെയാണ് ഈ ചൊറിയൻപുഴു അഥവാ കാറ്റർപില്ലറിന്റെ വിഷത്തിന്റെ വീര്യം വർധിക്കുന്നതെന്നും ഗവേഷകർ തിരിച്ചറിഞ്ഞു. 

തലമുറകൾ തമ്മിലുള്ള ജനിതക കൈമാറ്റത്തിനിടയിലാണ് ബാക്ടീരിയകളിൽ നിന്ന് വിഷം ഈ ചൊറിയൻ പുഴുക്കളിലേക്ക് എത്താൻ ഇടയായത്. ഫ്ലാനൽ മോത്ത് എന്ന് വിളിക്കുന്ന നിശാശലഭങ്ങളുടെ ലാർവകളാണ് ഈ ചൊറിയൻ പുഴുക്കൾ. രണ്ട് ഇനം ഫ്ലാനൽ മോത്തുകളാണ് അമേരിക്കയിൽ ഉള്ളത്. നോർത്ത് ഫ്ലാനൽ മോത്തുകളും, സൊത്ത് ഫ്ലാനൽ മോത്തുകളും. ഇവയുടെ ലാർവകളെ പുസ് കാറ്റർ പില്ലർ എന്നു കൂടി വിളിക്കാറുണ്ട്. ഇതിന് കാരണവും ഇവയുടെ പഞ്ഞിക്കെട്ടിന് സമാനമായ രോമവൃതമായ ശരീരമാണ്. ചൊറിയൻ പുഴുവിന്റെ വലിപ്പമുള്ള ഒരു കുട്ടി പൂച്ച എന്ന് തോന്നുന്ന വിധത്തിലാണ് പലപ്പോഴും ഇവയെ കാണപ്പെടുക.

ചുട്ടുപഴുത്ത കൽക്കരിയിലൂടെ നടക്കുന്ന വേദന

എന്നാൽ പുസ്സ് കാറ്റർപില്ലാർ എന്ന് മാത്രമല്ല, ആസ്പ് കാറ്റർപില്ലാർ എന്നൊരു വിളിപ്പേര് കൂടി ഇവയ്ക്കുണ്ട്. ഈ പേരാണ് ഇവയുടെ കൊടിയ വിഷത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്നത്. ഇവയുടെ രോമങ്ങളിലൂടെ തന്നെയാണ് വിഷം ഇവയെ ആക്രമിക്കുന്ന ജീവികളിലേക്കോ അല്ലെങ്കിൽ ഇവയെ കയ്യിലെടുക്കുന്ന മനുഷ്യരിലേക്കോ എത്തുക. 

സ്ലഗ് കാറ്റർപില്ലർ, സാഡിൽബാക്ക് കാറ്റർപില്ലർ (Photo: Twitter/@SciBugs, @PamMartella)
സ്ലഗ് കാറ്റർപില്ലർ, സാഡിൽബാക്ക് കാറ്റർപില്ലർ (Photo: Twitter/@SciBugs, @PamMartella)

വലിപ്പം കൊണ്ട് തീരെ ചെറുതാണെങ്കിൽ കൂടി മനുഷ്യരെ സംബന്ധിച്ചും വളരെയധികം വേദന നൽകുന്നതാണ് ഈ ചൊറിയൻ പുഴുവിൽ നിന്നുള്ള ആക്രമണം. ഇവയുടെ വിഷമേറ്റ ഭാഗത്ത് കഠിനമായ വേദനയും നീറ്റലും അനുഭവപ്പെടും. ബേസ്ബോൾ ബാറ്റിന് അടിയേറ്റ പോലുള്ള വേദനയോടോ, ചുട്ടുപഴുത്ത കൽക്കരിയിലൂടെ നടക്കുന്ന നീറ്റലിന് സമാനമാണിതെന്ന് ഗവേഷകർ പറയുന്നു.

വിഷത്തിന്റെ ഘടന

തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ മില്യൺ കണക്കിന് വർഷം പഴക്കമുള്ള സൂക്ഷ്മാണുജീവികളിൽ നിന്നാണ് ഈ പുഴുക്കളിലേക്ക് ഇത്രയധികം കഠിനമായ വിഷം എത്തിച്ചേർന്നത്. ജനിതകമായി കൈമാറി കിട്ടുന്ന വിഷം അതേസമയം തലമുറകൾ പിന്നിടും തോറും വീര്യം കൂടി വരുന്നത് കൂടിയാണെന്നും ഗവേഷകർ പറയുന്നു. സ്വയം വിഷം ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു ബാക്ടീരിയ ആണ് ഈ പുഴുക്കളിലെയും വിഷത്തിന്റെ സാന്നിധ്യത്തിന് പിന്നിൽ. ഈ ബാക്ടീരിയയും ചൊറിയൻ പുഴുവും തമ്മിലുള്ള ബന്ധത്തിന് ഏതാണ്ട് 400 മില്യൺ വർഷത്തെ ചരിത്രം ഉണ്ടെന്നും ഗവേഷകർ പറയുന്നു.

Stinging slug caterpillar (Photo: Twitter/@crevicedwelling)
Stinging slug caterpillar (Photo: Twitter/@crevicedwelling)

മെഗാലിസിൻ ടോക്സിക് എന്ന വിഭാഗത്തിൽ പെടുന്നതാണ് ഈ ചൊറിയൻ പുഴുക്കളിൽ കണ്ടെത്തിയിട്ടുള്ള വിഷം. കോശങ്ങളിൽ ദ്വാരം സൃഷ്ടിക്കാൻ ഈ വിഷത്തിന് കഴിയും. ത്വക്കിന്റെ അടിയിലേക്ക് വലിയ അളവിൽ വിഷമെത്തിക്കാൻ ഈ പുഴുക്കൾക്കോ അല്ലെങ്കിൽ അവയെ സഹായിക്കുന്ന ബാക്ടീരിയക്കോ സാധിക്കും. അതിനാലാണ് ഈ പുഴുക്കളുടെ വിഷം ഇത്രയധികം വേദന ഉളവാക്കുന്ന ഒന്നാകുന്നതും.

പുഴുക്കളിലെ വിഷം മനുഷ്യന് ഗുണമാകുമോ?

സമീപകാലത്തായി ശാസ്ത്രലോകം വളരെയധികം ഗവേഷണങ്ങൾ നടത്തുന്നത് വിവിധ ജീവി ഇനങ്ങളുടെ വിഷങ്ങളിലാണ്. ഇതിൽ പാമ്പുകൾ മുതൽ കീടങ്ങൾ വരെ ഉൾപ്പെടുന്നു. വളരെ സങ്കീർണ്ണമായ ജൈവഘടകങ്ങൾ അടങ്ങുന്ന പദാർത്ഥമാണ് ജീവികൾ ഉത്പാദിപ്പിക്കുന്ന വിഷം അതിനാൽ തന്നെ ഇവയിൽ നിന്ന് പലതരത്തിലുള്ള മരുന്നുകളുടെ വികസിപ്പിക്കാൻ ആകുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ഇക്കാരണം കൊണ്ട് തന്നെ ജീവൻ രക്ഷാ മരുന്നുകൾക്കായാണ് ഈ ജിവികളുടെ വിഷങ്ങൾ ഗവേഷകർ പഠന വിധേയമാക്കുന്നതും.

ക്യൂൻസ് ലാൻഡിലെ ഗവേഷക സംഘവും ഈ ചൊറിയൻ പുഴുക്കളിലെ വിഷത്തെക്കുറിച്ച് പഠിക്കുന്നത് സമാനമായ സാഹചര്യത്തിലാണ്. ഇതിനിടയാണ് മില്യൺ കണക്കിന് വർഷം പഴക്കമുള്ള ബാക്ടീരിയക്ക് ഈ വിഷത്തിലുള്ള പ്രാധാന്യം ഗവേഷകർ തിരിച്ചറിഞ്ഞത്. ഇത് മനുഷ്യർക്കാവശ്യമായ മരുന്നുകൾ ഉത്പാദിപ്പിക്കാനുള്ള ഗവേഷണത്തിൽ നിർണ്ണായകം ആയേക്കാവുന്ന കണ്ടെത്തലാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

English Summary: അയ്യോ...പ്രേതം! ഉറക്കത്തിൽ പേടിച്ചുവിറച്ച് പൂച്ചക്കുഞ്ഞ്; ആശ്വസിപ്പിച്ച് അമ്മപൂച്ച– വിഡിയോ

കാറ്റർ പില്ലറുകൾ

ചൊറിയൻ പുഴുക്കൾ, കരടിപ്പുഴുക്കൾ, കമ്പിളി പുഴുക്കൾ ഇങ്ങനെ പലപേരിൽ അറിയപ്പെടുന്ന കീടങ്ങളാണ് കാറ്റർ പില്ലറുകൾ. പതിനായിരക്കണക്കിന് വകഭേദങ്ങളിൽ ഈ കാറ്റർ പില്ലറുകളുടെ ഭൂമിയിൽ കണ്ടെത്താനാകും. ജീവിതകാലം മുഴുവൻ ഒരേ രൂപത്തിൽ കഴിയുന്ന മറ്റ് പുഴുക്കളിൽ നിന്ന് വ്യത്യസ്തമാണ് കാറ്റർ പില്ലറുകൾ. ഇവ ഒരു ഘട്ടം കഴിയുമ്പോൾ പൂർണ്ണമായും മറ്റൊരു ജീവിയായി മാറും. ചിത്രശലഭമായും, നിശാശലഭമായും എല്ലാം പിന്നീട് രൂപം മാറുന്നത് ഇത്തരത്തിലുള്ള കാറ്റർ പില്ലറുകളാണ്.

ഇങ്ങനെ പറക്കാനുള്ള കഴിവ് വരും മുൻപ് പുഴുക്കളായി കഴിയുന്ന കാലം ഈ ജീവിവർഗ്ഗങ്ങളുടെ ഏറ്റവും ദുർബലമായ കാലഘട്ടമാണ്. വേഗത്തിൽ സഞ്ചരിക്കാൻ കഴിയാത്ത ഏതൊരു ജീവിക്കും എളുപ്പത്തിൽ ഇരയായി മാറേണ്ടി വരും. ഈ സമയം  സുരക്ഷിതമായി തുടരാൻ ഇവയെ സഹായിക്കുന്നത് ഈ വിഷത്തിന്റെ സാന്നിധ്യമാണ്. വളരെ കുറിച്ച് ജീവികൾക്ക് മാത്രമാണ് കാറ്റർപില്ലറുകളുടെ വിഷത്തെ ചെറുക്കാനും അവയെ ഭക്ഷണമാക്കാനുമുള്ള ശേഷിയുള്ളത്.

English Summary: This Fuzzy Caterpillar Conceals a Venom Unlike Any Ever Seen in Insects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT