അറബിക്കടലിൽ രണ്ട് അപൂർവ തിമിംഗലങ്ങൾ; കണ്ടെത്തിയത് പയ്യന്നൂരിനടുത്തും ഉഡുപ്പിയിലും
Mail This Article
അറബിക്കടലിൽ രണ്ട് അപൂർവ തിമിംഗലങ്ങളെ കണ്ടെത്തി. ബ്ലെയിൻവിൽസ് ബീക്ക്ഡ്, ഓമ്യുറാസ് എന്നീ തിമിംഗലങ്ങളെയാണ് ഫിഷറി സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഗവേഷണം നടത്തുന്നവർ കണ്ടെത്തിയത്. കണ്ണൂരിലെ പയ്യന്നൂരിൽനിന്ന് 54 നോട്ടിക്കൽ മൈൽ ദൂരെയാണ് 2 ബ്ലെയിൻവിൽസ് തിമിംഗലത്തെ കണ്ടത്. ഓമ്യുറാസിനെ ഉഡുപ്പിയിൽനിന്ന് 111 നോട്ടിക്കൽ മൈൽ അകലെയുമാണ് ദൃശ്യമായത്.
പ്രധാനമന്ത്രി മത്സ്യസമ്പദ്‌യോജന പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ സമുദ്രത്തിലെ സസ്തനികളുടെ കണക്കെടുക്കുന്നതിനിടെയാണ് ഈ അപൂർവ തിമിംഗലവ വിഭാഗത്തെ കണ്ടെത്തിയത്. മീസോപ്ലോഡൻ വിഭാഗത്തിൽപ്പെടുന്ന ബ്ലെയിൻവിൽസ് ബീക്ക്ഡ് തിമിംഗലങ്ങളെ കഴിഞ്ഞ ഡിസംബറിലും ബലീൻ തിമിംഗലങ്ങളുടെ ഉപവിഭാഗമായ ഓമ്യുറാസിനെ ഈ വർഷം മാർച്ചിലുമാണ് ഇന്ത്യൻ സമുദ്രപരിധിയിൽ കാണുന്നത്.
ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ചേക്കേറുന്നവരാണ് തിമിംഗലങ്ങൾ. ചിലർ ആയിരത്തിലധികം കിലോമീറ്ററുകൾ സഞ്ചരിക്കും മറ്റ് ചിലത് ആവാസമേഖലാ പരിധിയിൽ തന്നെ വസിക്കും. ഭക്ഷണം, കാലാലസ്ഥ, പ്രജനനം എന്നിവ അടിസ്ഥാനമാക്കിയാണ് ഇവയുടെ സഞ്ചാരം. വേൽക്കാലത്ത് ധ്രുവമേഖലയിലേക്കും ശീതകാലത്ത് ചൂടുള്ള മേഖലയിലേക്കും ഇവ പാലായനം ചെയ്യുന്നു. ഈ കാലയളവിലാണ് ഇവർ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്.
English Summary: Two rare whale species have been spotted in Arabian Sea