ADVERTISEMENT

സമുദ്രങ്ങളിലെ ആഴമുള്ള ഭാഗത്തെപ്പറ്റിയുള്ള മനുഷ്യരുടെ അറിവുകൾ തീർത്തും കുറവാണ്. ജന്തുശാസ്ത്രവിദഗ്ധർക്കും പോലും പിടികൊടുക്കാതെ ഒട്ടേറെ ദുരൂഹജീവികൾ ഇവിടെ വിഹരിക്കുന്നുണ്ട്. അതിലൊന്നാണ് ആംഗ്ലർ ഫിഷ്, ആഴക്കടലിന്റെ ചെകുത്താൻ!

ആഴക്കടലിൽ സൂര്യപ്രകാശം എത്താത്തതിനാൽ നല്ല ഇരുട്ടാണ്. ഇവയുടെ നെറ്റി ഭാഗത്തു നിന്നും കൊമ്പു പോലെ ഒരു നീണ്ട ശരീരഭാഗമുണ്ട്. ഇതിന്റെ അറ്റത്ത് ടോർച്ചിൽ നിന്നുള്ളതു പോലെ പ്രകാശം വരും. ഒറ്റനോട്ടത്തിൽ കണ്ടാൽ നെറ്റിയിൽ ഒരു പന്തം കുത്തി നടക്കുകയാണെന്നു തോന്നും. ല്യൂർ എന്നറിയപ്പെടുന്ന ഈ ഭാഗത്തിന്റെ അറ്റത്തുള്ള പ്രത്യേകതരം ബാക്ടീരിയകളാണ് പ്രകാശത്തിനു കാരണമാകുന്നത്.

ഇരുട്ടത്തു ലൈറ്റടിച്ചു പോകാനാണ് ഈ വിദ്യയെന്നു കരുതിയെങ്കിൽ തെറ്റി. തങ്ങളുടെ ഭക്ഷണത്തിനായുള്ള ഇരകളെ മുഖത്തിനടുത്തേക്ക് ആകർഷിക്കാനാണ് ഈ വിദ്യ. ഇര അടുത്തെത്തി കഴിഞ്ഞാൽ വായ തുറന്ന് അകത്താക്കും. വലിയ വായകളുള്ള ഇവയ്ക്കു വലിയ ജീവികളെപ്പോലും ഭക്ഷിക്കാൻ കഴിയും. ഇരപിടിക്കുന്ന നേരത്ത്, വയറിന്റെ വലുപ്പം ഇരട്ടിയാക്കാനും ആംഗ്ലർഫിഷിനു കഴിവുണ്ട്.

1833 ൽ ഗ്രീൻലൻഡിന്റെ തീരത്താണ് ആംഗ്ലർ ഫിഷ് ആദ്യമായി അടിഞ്ഞത്. ജൊഹാന്നസ് ക്രിസ്റ്റഫർ ഹേഗ്മാൻ എന്ന ജന്തുശാസ്ത്രജ്ഞൻ പിന്നീട് ഇതിൽ പഠനങ്ങൾ നടത്തി.

Read Also: അർജന്റീനയുടെ തലസ്ഥാനത്ത് വെള്ളി ഒഴുകുന്ന നദി! സഞ്ചാരികളുടെ ഉറക്കം കെടുത്തിയ റിവർപ്ലേറ്റ്

ബ്രൗൺ അല്ലെങ്കിൽ കടുത്ത ചാരനിറമുള്ള ആംഗ്ലർഫിഷിനു വലുപ്പമേറിയ തലകളും അർധചന്ദ്രാകൃതിയിലുള്ള വലിയ വായകളും അതിനുള്ളിൽ മുള്ളുകൾ പോലുള്ള പല്ലുകളുമാണ്. മൊത്തത്തിൽ ഒരു പേടിപ്പെടുത്തുന്ന രൂപം. സമുദ്രത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന ജീവിയായിട്ടാണു ആംഗ്ലർഫിഷ് പരിഗണിക്കപ്പെടുന്നത്.

ഇന്ന് വരെ 170 ൽ അധികം ആംഗ്ലർ ഫിഷ് വിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ലോകത്തെ എല്ലാ സമുദ്രങ്ങളിലും ഇവയുണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു. സമുദ്രത്തിൽ 16,000 അടി വരെ താഴ്ചയിലാണ് ഇവയുടെ വാസം. പല സമുദ്രജീവികളും കൂട്ടമായി പോകുന്നവയാണ്. എന്നാൽ ആംഗ്ലർഫിഷ് തനിയെ ജീവിക്കുകയും തനിയെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന മത്സ്യമാണ്.

പൊതുവേ ആംഗ്ലർ ഫിഷിനു 16 സെന്റിമീറ്റർ മുതൽ 4 അടി വരെ വലുപ്പം വയ്ക്കും. പെൺമത്സ്യങ്ങൾ ആൺമത്സ്യങ്ങളേക്കാൾ പത്തിരട്ടി വലുപ്പമുള്ളവയാണ്. ആദ്യകാലത്ത് ആംഗ്ലർഫിഷുകളെപ്പറ്റി ഗവേഷണം നടത്തിയ ശാസ്ത്രജ്ഞരെ അമ്പരപ്പിച്ച ഒരു സംഗതിയുണ്ട്. തീരങ്ങളിലും മറ്റും ചത്തുപൊങ്ങുന്നതുൾപ്പെടെ കണ്ടുകിട്ടുന്ന ആംഗ്ലർ മത്സ്യങ്ങളെല്ലാം പെണ്ണാണ്. ഒരൊറ്റ ആൺമത്സ്യത്തിനെ കിട്ടുന്നില്ല. ഇതിന്റെ കാരണമെന്താണ്?

ഒടുവിൽ കാരണവും കണ്ടെത്തി. ആൺമത്സ്യങ്ങൾ തങ്ങളുടെ ജീവിതത്തിന്റെ ഒരു കാലഘട്ടത്തിൽ പെൺമത്സ്യത്തിന്റെ ശരീരത്തിൽ പറ്റിച്ചേരും. പിന്നീട് ഇവയുടെ ശരീരം പെൺമത്സ്യത്തിന്റെ ഭാഗമായി മാറും. വിചിത്രമായ ഈ രീതി കടൽജീവികളിൽ അപൂർവമാണ്. ജീവികളുടെ ശരീരത്തിൽ ഒരു പ്രതിരോധ വ്യവസ്ഥ ഉണ്ടെന്ന് അറിയാമല്ലോ? എന്നാൽ ആംഗ്ലർ ഫിഷ് മത്സ്യങ്ങൾക്ക് പ്രതിരോധ കോശങ്ങളില്ല. അഗാധസമുദ്രത്തിൽ പറയത്തക്ക ശത്രുക്കളോ വേട്ടക്കാരോ ഇല്ലാത്ത ഈ വിചിത്രമത്സ്യങ്ങൾക്ക് പക്ഷേ ഡീപ് സീ മൈനിങ് പോലെയുള്ള വ്യവസായപ്രവർത്തനങ്ങൾ ഇപ്പോൾ ഒരു വിനയായി മാറുന്നുണ്ട്.

Content Highlights: AnglerFish | Ocean | Fish | Deep sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT