Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ഭീമൻപക്ഷിയെ ഇല്ലായ്മ ചെയ്തതും മനുഷ്യൻ

genyonis

ഓസ്ട്രേലിയയാണ് ജന്മദേശം, ഏഴടിയോളം ഉയരം, 227 കിലോഗ്രാം വരും ഭാരം, പേര് ജെന്യോണിസ് ന്യൂടോണി(Genyornis newtoni). 50,000 വർഷങ്ങൾക്കു മുൻപ് ഭൂമിയിലെ ചിറകുള്ള ചങ്ങാതിമാരിലൊരാളായിരുന്നു ഈ പക്ഷി. ചിറകുണ്ടെങ്കിലും ഒത്ത ഒരു ആടിന്റെ തൂക്കമുള്ളതിനാൽ ഇതിനു പറക്കാനാകില്ലായിരുന്നു. അതിനാൽത്തന്നെ മാംസഭുക്കുകളായ മറ്റു ജീവികളുടെ പ്രധാന ഇരകളായിരുന്നു ഇവ. വിശക്കുമ്പോൾ മാത്രമേ പക്ഷേ ആ ജീവികൾ ഇവയെ കൊല്ലാറുള്ളൂ. വിശന്നില്ലെങ്കിലും വിനോദത്തിനായും കൊല്ലുന്ന ഒരു ‘ജീവി വർഗം’ ഓസ്ട്രേലിയയിലെത്തിയതോടെ ജെന്യോണിസ് പക്ഷികൾ എന്നന്നേക്കുമായി ഭൂമി വിട്ടുപോയി. ഈ പക്ഷികളുടെയും വംശനാശത്തിനു കാരണം മനുഷ്യനാണെന്ന കണ്ടെത്തൽ നേച്വറൽ കമ്യൂണിക്കേഷൻ എന്ന ജേണലിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഏറെ നാളായി അന്വേഷിക്കപ്പെട്ടിരുന്ന ഈ വംശനാശത്തിന്റെ യാഥാർഥ്യം കണ്ടെത്തിയതാകട്ടെ അമേരിക്കൻ ഗവേഷകരായ ഗിഫോഡ് മില്ലറും. കാലാവസ്ഥാമാറ്റമാണ് ജെന്യോണിസ് ജീവിവർഗത്തിന്റെ വംശനാശത്തിന് കാരണമായതെന്നായിരുന്നു ഇതുവരെയുള്ള നിഗമനം.

50,000 വർഷം മുൻപാണ് ആദ്യമായി മനുഷ്യൻ ഓസ്ട്രേലിയയിലെത്തുന്നത്. ഭക്ഷണം തേടിയലഞ്ഞ അവരുടെ പ്രധാന ഇരയായി ന്യൂടോണിപ്പക്ഷികൾ മാറാൻ അധികം താമസം വേണ്ടിവന്നില്ല. പക്ഷികളെക്കാളും അവയുടെ മുട്ടകളാണ് മനുഷ്യനെ ആകർഷിച്ചത്. മണൽക്കൂന കൂട്ടി അവയിൽ സുരക്ഷിതമായിടുന്ന മുട്ടകൾ കണ്ടെത്താനും എളുപ്പമായിരുന്നു. മനുഷ്യനും ഭീമൻ ഉരഗജീവികളും കൂടി ഉൽസാഹിച്ചതോടെ മുട്ടകളൊന്നും തന്നെ ഓസ്ട്രേലിയയിൽ ബാക്കിയില്ലാത്ത അവസ്ഥയായി.

വംശവർധനവിനു സാധ്യമാകാതെ ജെന്യോണിസ് പക്ഷികൾ എന്നന്നേക്കുമായി ഭൂമി വിട്ടു പോവുകയും ചെയ്തു. 50,000 വർഷങ്ങൾക്കു മുൻപുള്ള ഗെന്യോർനിസ് പക്ഷികളുടെ മുട്ടത്തോടിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. അവയിലെല്ലാം മുട്ട ചുട്ടെടുത്തതിന്റെ പാടുകളുണ്ടായിരുന്നു. അതായത് കൃത്യമായി കുറേനേരം ഒരേ അളവിലുള്ള തീ ഏറ്റതു പോലെയുള്ള പാടുകൾ. കാട്ടുതീ കൊണ്ട് അങ്ങനെ എന്തായാലും സംഭവിക്കില്ല. ഇത് മനുഷ്യൻ തീക്കൂന കൂട്ടി അതിൽത്തന്നെ ചുട്ടെടുത്തതാണെന്ന് ഉറപ്പായിരുന്നു.

പലയിടത്തും ഒരു നിശ്ചിത പ്രദേശത്തു നിന്നാണ് മുട്ടത്തോടുകളിലേറെയും കിട്ടിയത്. മുട്ടയുടെ അകത്തെ കരു ഭക്ഷണമാക്കിയതിനു ശേഷം അവിടെത്തന്നെ മുട്ടത്തോട് ഉപേക്ഷിച്ചതിനു സമാനമായിരുന്നു അത്. രണ്ടായിരത്തോളം ഇടങ്ങളിൽ നിന്ന് തീച്ചൂടേൽക്കാത്ത മുട്ടത്തോടുകളും ലഭിച്ചു. അവയ്ക്ക് പക്ഷേ 50,000 വർഷത്തിലേറെ പഴക്കമുണ്ടായിരുന്നു. 44,000–54,000 വർഷം പഴക്കമുള്ള മുട്ടത്തോടുകളിൽ മാത്രമേ തീച്ചൂട് ഏറ്റ പാടുള്ളൂ. ഇക്കാലത്താണ് മനുഷ്യൻ ഓസ്ട്രേലിയയിൽ ആദ്യമായെത്തുന്നതും. എമുപ്പക്ഷികളുടെ മുട്ടകളും ഇത്തരത്തിൽ ചുട്ടു തിന്നതായി ഫോസിൽ രേഖകളുണ്ട്. അതും 50,000 വർഷത്തിനടുത്ത് പഴക്കമുള്ളവയാണ്. ശരാശരി 45 കി.ഗ്രാം മാത്രം ഭാരമുള്ള എമുപ്പക്ഷികൾ ഇപ്പോഴും ഓസ്ട്രേലിയയിലുണ്ട്. ഓടിരക്ഷപ്പെടാൻ അ വയ്ക്കുണ്ടായിരുന്ന കഴിവുകൊണ്ടായിരിക്കണം അതെന്നാണു നിഗമനം.

എന്തായാലും മഡഗാസ്കർ ദ്വീപുകളിൽ മനുഷ്യൻ വേട്ടയാടി ഇല്ലാതാക്കിയ ഡോഡോപ്പക്ഷിക്കു സമാനമായിട്ടാണ് ജെന്യോണിസിന്റെയും വംശനാശത്തെ പാരിസ്ഥിതികലോകം കണക്കാക്കുന്നത്. ഓസ്ട്രേലിയയാകട്ടെ സ്റ്റാംപ് വരെ പുറത്തിറക്കി ഈ പക്ഷികളെ ആദരിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.