Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂവാറിൽ വിശറിക്കഴുത്തൻ; പുതിയ ഇനം ഓന്തിനെ കണ്ടെത്തി

chameleon

തിരുവനന്തപുരം പൂവാറിലെ തീരപ്രദേശത്തുനിന്നു പുതിയ ഇനം വിശറിക്കഴുത്തൻ ഓന്തിനെ ഗവേഷകർ കണ്ടെത്തി. സിറ്റാന ജനുസിൽ പെട്ടതാണു പുതിയ സ്പീഷീസ്. ഡോ. കലേഷ് സദാശിവൻ, എം.രമേഷ് (ട്രാവൻകൂർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി), മുഹമ്മദ് ജാഫർ പാലോട്ട് (സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കോഴിക്കോട്) എന്നിവരാണു പുതിയ ഇനം ഓന്തിനെ കണ്ടെത്തിയത്. 

ബെംഗളൂരുവിലെ നാഷനൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലെ മയൂരേഷ് അംബേദ്കർ, സീഷൻ എ.മിർസ എന്നിവരും ഗവേഷണത്തിൽ സഹകരിച്ചിരുന്നു. ഗവേഷണ പ്രബന്ധം രാജ്യാന്തര പ്രസിദ്ധീകരണമായ സൂടാക്സയിൽ പ്രസിദ്ധീകരിച്ചു. പ്രശസ്ത പ്രകൃതി നിരീക്ഷകനും ഡോക്കുമെന്ററി നിർമാതാവുമായ ഡേവിഡ് ഫ്രെഡറിക് ആറ്റൻബറോയുടെ സ്മരണയ്ക്കായി ‘സിറ്റാന ആറ്റൻബറോയി’ എന്നാണു പുതിയ ഓന്തിനു നൽകിയ ശാസ്ത്രനാമം. 

തീരപ്രദേശത്തെ മുൾച്ചെടികൾക്കിടയിലാണ് ഇതിനെ കണ്ടെത്തിയത്. മണൽഖനനം, അനിയന്ത്രിത ടൂറിസം മൂലമുണ്ടാകുന്ന ആവാസവ്യവസ്ഥാ നാശം എന്നിവ ഈയിനം ഓന്തുകളുടെ നിലനിൽപിനു ഭീഷണിയാകുന്നുണ്ടെന്നു ഗവേഷകർ പറഞ്ഞു. 

വിശറി ആൺ ഓന്തിന് 

ആൺ ഓന്തുകളുടെ കഴുത്തിൽ വർണശബളമായ വിശറി പോലുള്ള അവയവം ഉള്ളതാണ് ഇവയ്ക്കു വിശറിക്കഴുത്തൻ ഓന്തെന്നു പേര് വരാൻ കാരണം. പ്രജനന കാലത്ത് ഇണയെ ആകർഷിക്കാൻ വേണ്ടിയാണ് ഈ ‘വിശറി’. സിറ്റാന ജനുസിൽ പെടുന്ന ഓന്തിനെ കേരളത്തിൽ ആദ്യമായാണു കണ്ടെത്തുന്നത്.