Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണില്ലാത്ത ക്രൂരത; വളർത്തു നായയെ അയൽവാസി അടിച്ചുകൊന്നു, നിയമ നടപടിക്കൊരുങ്ങി ഉടമ

Bob

വളർത്തു നായയെ അടിച്ചുകൊന്ന അയൽവാസിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് എറണാകുളം ഞാറയ്ക്കൽ സ്വദേശി ജിതേന്ദ്രദാസ്. തന്റെ ബോക്സർ ഇനത്തിൽ പെട്ട അരുമയായ വളർത്തു നായ ബോബിനെ അയൽവാസിയായ ഓട്ടോഡ്രൈവർ തല്ലിക്കൊന്നതിനെതിരെയാണ് ജിതേന്ദ്രദാസ് കേസ് നൽകിയിരിക്കുന്നത്. ഇനിയൊരു മിണ്ടാപ്രാണിക്കും ഈ ഗതി വരാതിരിക്കാനാണ് താൻ പ്രതികരിക്കുന്നതും ഇദ്ദേഹം മനോരമ ഓൺനൈനോട് വ്യക്തമാക്കി.

മിണ്ടാപ്രാണികളോട് കണ്ണില്ലാത്ത ക്രൂരത കാണിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമമുണ്ടെങ്കിലും അതൊന്നും നിലവിൽ അത്ര പ്രബലമല്ല. 50 രൂപ പിഴയടച്ചാൽ ഈ ജീവികളെ കൊല്ലുന്നവർക്ക് സുഖമായി ഊരിപ്പോരാം. അതുകൊണ്ടു തന്നെയാണ് ഇത്തരം ക്രൂരകൃത്യങ്ങൾ ഇവിടെ തുടർകഥയാകുന്നത്. 

ഐപിസി സെക്‌ഷൻ 428, 429 പ്രകാരം 5 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. മിണ്ടാപ്രാണികൾക്കു നേരെയുള്ള ക്രൂരതയ്ക്കെതിരെ കടുത്ത ശിക്ഷാനടപ‌ടികൾ നടപ്പിലാക്കാനുളള പോരാട്ടത്തിലാണ് ജിതേന്ദ്രദാസ്. എറണാകുളം മഹാരാജാസ് കൊളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ് ജിതേന്ദ്രദാസ്. അമ്മയും സഹോദരിയും അടങ്ങുന്നതാണ് ജിതേന്ദ്രന്റെ കുടുംബം. വീടിന്റെ പരിസരം അത്ര സുരക്ഷിതമല്ലാത്തതിനാലാണ് ജിതേന്ദ്രദാസ് നായയെ വളർത്തിയത്. മികച്ച കാവൽക്കാരനും അനുസരശീലമുള്ളതുമായിരുന്നു ഈ നായ. അയൽവാസിയുടെ കോഴിയെ കൊന്നുവെന്ന് പറഞ്ഞാണ് നായയെ പൈപ്പുപയോഗിച്ച് അയാൾ തലയ്ക്കടിച്ചു കൊന്നത്. ഒന്നിലധികം തവണ നായയുടെ തലയ്ക്ക് മാരകമായ അടിയേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 

അയല്‍വാസിയായ സുനി എന്ന ഓട്ടോ ഡ്രൈവറാണ് ഈ കൊടും ക്രൂരതയ്ക്കു പിന്നിൽ. ഇയാൾക്കെതിരെ ജിതേന്ദ്രദാസ്  പൊലീസില്‍ പരാതി നൽകിയിരുന്നു. ഈ സംഭവത്തിൽ ആദ്യം കേസെടുക്കാന്‍ മടിച്ചെങ്കിലും പിന്നീട് സുനിക്കെതിരെ കേസെടുക്കാൻ ഞാറയ്ക്കല്‍ പൊലീസ് തയാറാവുകയായിരുന്നു. തന്റെ കുട്ടികളയുൾപ്പെടെ ആക്രമിക്കാൻ ശ്രമിച്ചതിനാലാണ് നായയെ  കൊന്നതെന്നായിരുന്നു പൊലീസിനോട് സുനിന്റെ വിശദീകരണം. പൊലീസ് പിന്നീട് ഇയാളെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു.മുൻപും ജീവികളെ ക്രൂരമായി കൊല്ലുന്ന ശീലം സുനിക്കുണ്ടായിരുന്നു. വീട്ടിലെത്തുന്ന പൂച്ചകളേയും മറ്റും അമ്പെയ്തു കൊന്നെന്ന ആരോപണവും ഇയാൾക്കെതിരെയുണ്ട്.  

വീട്ടിലുള്ളവരോടും അയൽവാസികളോടും സ്നേഹത്തോടെയായിരുന്നു നായയുടെ പെരുമാറ്റമെന്ന് ജിതേന്ദ്രദാസ് വ്യക്തമാക്കി. എന്നാൽ കോഴി, പൂച്ച തുടങ്ങിയ മൃഗങ്ങളെ കാണുമ്പോൾ ഇടയ്ക്ക് അക്രമാസക്തനാകാറുണ്ടായിരുന്നു. സുനിലിന്റെ വീട്ടിൽ വളർത്തുന്ന കോഴികൾ ജിതേന്ദ്രന്റെ വീട്ടുമുറ്റത്തെത്തുമ്പോഴായിരുന്നു നായ പ്രകോപിതനായിരുന്നത്. രണ്ടാഴ്ച മുൻപ് ഇവരുടെ വീട്ടിലേക്കെത്തിയ കോഴിയെ നായ തുടലുപൊട്ടിച്ചു പോയിപിടിച്ചിരുന്നു. അന്ന് ഭീഷണിയുമായി വന്ന സുനിലിനെ പുതിയ കോഴിയെ വാങ്ങി നല്‍കാമെന്നു പറഞ്ഞാണ് പ്രശ്നം പരിഹരിച്ചത്. ഇതിനിടയിലാണ് ഇയാള്‍ തന്റെ നായയെ കൊന്നതെന്നാണ് ജിതേന്ദ്രന്റെ ആരോപണം.

ജനുവരി 23നാണ് ദാരുണമായ ഈ സംഭവം നടന്നത്. പൊതുവെ ഈ സംഭവത്തിനു ശേഷം കൂട്ടില്‍നിന്ന് പുറത്തിറക്കാറില്ലാത്ത നായയെ അന്ന് പുറത്തുകൊണ്ടുപോയതിന് ശേഷം മുറ്റത്ത് കെട്ടിയിട്ടു. നായയ്ക്കുള്ള ആഹാരവുമായി തിരിച്ചുവന്നപ്പോള്‍ അതിനെ അവിടെ കണ്ടില്ല. പിന്നീടന്വേഷിച്ചപ്പോഴാണ് സുനിൽ നായയെ കൊണ്ടുപോയെന്നറിഞ്ഞത്.

അവിടേക്കോടിയെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. നായയെ അന്വേഷിച്ചെത്തിയ ജിതേന്ദ്രനാട് ''എന്റെ കോഴിയെ പിടിച്ചതിന് നിന്റെ നായയെ തല്ലിക്കൊന്നിട്ടിട്ടുണ്ട്'' എന്നായിരുന്നു സുനിലിന്റെ മറുപടി. നായയുടെ സമീപമെത്തിയപ്പോൾ തലപൊട്ടി ചോരയൊലിക്കുന്ന അവസ്ഥയിലായിരുന്നു. ചെറിയൊരു മിടിപ്പ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും നായ ജീവൻ വെടിഞ്ഞിരുന്നു.

തുടര്‍ന്നാണ് ഇതിനെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. കോഴിയെ പിടിച്ചാല്‍ ആരായാലും നായയെ കൊല്ലില്ലേ എന്നായിരുന്നു അവിടെയുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിളിന്റെ പ്രതികരണം. ഇതോടൊപ്പം ജിതേന്ദ്രദാസ് കേന്ദ്രമന്ത്രി മേനക ഗാന്ധിയ്ക്കും ശ്രീറാം വെങ്കിട്ടരാമനും പരാതി നല്‍കി. ആദ്യം കേസ് ഒത്തുതീർപ്പാക്കാമെന്നു പറഞ്ഞ് എസ്ഐ വിളിപ്പിച്ചെങ്കിലും അതിനു വഴങ്ങാത്തതിനാൽ പിന്നീട് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. 

തുടര്‍ന്ന് സുനിലിന്റെ വീട്ടില്‍ നിന്ന് നായയെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മേനക ഗാന്ധിയുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സിൽ നിന്ന് ജിതേന്ദ്രനെ നേരിട്ടു വിളിക്കുകയും കേരള വിഭാഗം മേധാവി രതി ദേവി നേരിട്ടെത്തി സംഭവങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ദയ എന്ന സംഘടനയും ഇതിനെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ഇനി ഒരു ജീവിയോടും ഇയാളെന്നല്ല ആരും ഈ ക്രൂരത കാട്ടരുത്. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണം. ഇനിയാരും ഇത്തരത്തിലുള്ള ഹീനകൃത്യങ്ങൾ ആവർത്തിക്കരുത്. അതിനാണ് തന്റെയീ പോരാട്ടമെന്നും ജിതേന്ദ്രൻ മനോരമ ഓൺലൈനോട് പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് ജിതേന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ളവർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.