Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷേത്രത്തില്‍ ആനയിടഞ്ഞു; മുഖ്യപുരോഹിതന് ദാരുണാന്ത്യം

Elephant

ശ്രീലങ്കയിലാണ് ബുദ്ധക്ഷേത്രത്തില്‍ സർക്കാർ നടക്കിരുത്തിയിരുന്ന ആനയിടഞ്ഞ് മുഖ്യപുരോഹതനെ തള്ളിയിട്ടു കൊന്നത്. തലസ്ഥാനമായ കൊളംബോയിലുള്ള കൊച്ചിക്കട എന്ന ക്ഷേത്രത്തിലാണ് ദാരുണമായ സംഭവം നടന്നത്. ശനിയാഴ്ച രാവിലെലാണ് ആനയുടെ ആക്രമണത്തില്‍ പുരോഹിതന് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ പുരോഹിതന്‍ മരിച്ചു. 

പാപ്പാനുള്‍പ്പടെ നിരവധി പേര്‍ നോക്കി നില്‍ക്കെയാണ് ആനയുടെ ആക്രമണമുണ്ടായത്. ക്ഷേത്രത്തിലെ ചടങ്ങുകളുടെ ഭാഗമായി ആനയ്ക്ക് ഭക്ഷണം നല്‍കുന്നതിനിടെയിലാണ് പുരോഹിതനെ ആന ആക്രമിച്ചത്. പുരോഹിതന്റെ ഏതെങ്കിലും നീക്കം ആനയെ ഭയപ്പെടുത്തുകയോ പ്രകോപിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. പുരോഹിതനെ തള്ളിയിട്ട ശേഷം മസ്തകം കൊണ്ടു ഞെരിക്കുകയായിരുന്നു. പാപ്പാന്‍ തക്ക സമയത്തു നിയന്ത്രിച്ചതിനാല്‍ ചവിട്ടാനുള്ള ആനയുടെ ശ്രമം വിജയിച്ചില്ല. പക്ഷെ അപ്പോഴേക്കും പുരോഹിതന് ഗുരുതരമായ പരിക്കേറ്റിരുന്നു.

2013ലാണ് മ്യാന്‍ കുമാര എന്നു പേരുള്ള ആനയെ ശ്രീലങ്കന്‍ സര്‍ക്കാര്‍ ക്ഷേത്രത്തില്‍ നടക്കിരുത്തിയത്. ശ്രീലങ്കയിലെ ഏറ്റവും പ്രമുഖരായ ബുദ്ധപുരോഹിതന്‍മാരില്‍ ഒരാളാണ് കൊല്ലപ്പെട്ട 77കാരനായ ബെല്ലാന്‍വില വിമലരത്ന തെറോ. സര്‍ക്കാരിനു കീഴിലുള്ള ജയവര്‍ദ്ധനപുര സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സിലര്‍ കൂടിയായിരുന്നു വിമലരത്ന.

ആനയെ പിന്നീട് ക്ഷേത്രത്തില്‍ നിന്ന് കൊളംബോയിലെ ആന സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ഈ ആനയെ ഇനി ക്ഷേത്രത്തിലേക്ക് തിരികെ അയക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ഇണക്കി വളര്‍ത്തുന്നതും വനത്തിലുള്ളതും ഉള്‍പ്പടെ ഏതാണ്ട് ഏഴായിരത്തോളം ആനകളാണ് ശ്രീലങ്കയില്‍ ഇപ്പോഴുള്ളതെന്നാണു കണക്ക്.