Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിയെന്നു കരുതി പാമ്പ് വിഴുങ്ങിയത് ‘ഷൂ’; പിന്നീട് സംഭവിച്ചത്?

carpet python

ഇരയെന്നു കരുതി ഷൂ അകത്താക്കിയ പാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ ഒരു വീട്ടിലാണ് അപൂർവ സംഭവങ്ങൾ നടന്നത്. രാവിലെ ഉറക്കമുണർന്ന വീട്ടുകാരൻ കിടക്കയുടെ സമീപം സൂക്ഷിച്ചിരുന്ന ഷൂവിൽ ഒരെണ്ണം കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം.

കാണാതായ ചെരിപ്പിന്റെ അന്വേഷണം ചെന്നെത്തിയത് മുറിയുടെ മൂലയിൽ വലിയ വയറുമായി കിടക്കുന്ന ഒരു കാർപെറ്റ് പൈതണിലാണ്. സൂക്ഷിച്ചു നോക്കിയപ്പോൾ ഷൂവിന്റെ ആകൃയിലാണ് പാമ്പിന്റെ വയറ് വീർത്തിരിക്കുന്നതെന്ന് ഇവർക്ക് മനസ്സിലായി. ഉടൻതന്നെ ഇവർ പാമ്പുപിടിത്ത വിദഗ്ദ്ധരും ദമ്പതികളുമായ സാലിയെയും നോർമൻ ഹില്ലിനെയും വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ ഇവർ ഉടൻ തന്നെ പാമ്പിനെ മൃഗാശുപത്രിയിലെത്തിച്ചു. സാധാരണയായി ചെറിയ എലികളെയും മറ്റു സസ്തനികളെയുമൊക്കെയാണ് ഈ ഗണത്തിൽ പെട്ട പാമ്പുകൾ ആഹാരമാക്കാറുള്ളത്. എലിയാണെന്നു തെറ്റിദ്ധരിച്ചാകാം പാമ്പ് ഷൂ അകത്താക്കിയതെന്നാണ് ഇവരുടെ നിഗമനം.

മൃഗാശുപത്രിയിലെത്തിച്ച ഉടൻതന്നെ പാമ്പിന്റെ എക്സറേയെടുത്ത് വിഴുങ്ങിയത് ഷൂതന്നെയാണെന്ന് ഉറപ്പുവരുത്തി. വെറ്ററിനറി വിദഗ്ദ്ധനായ ഡോ. ജോഷ് ലിനസാണ് പാമ്പിനെ വിദഗ്ദ്ധമായി പരിശോധിച്ചത്. വിഴുങ്ങിയ വസ്തു പാമ്പിനെ കൊണ്ടുതന്നെ ഛർദ്ദിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. പിന്നീട് ശസ്ത്രക്രിയയിലൂടെ വയറിനുള്ളിൽ കുടുങ്ങിയ വസ്തു പുറത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

ഏകദേശം ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം പാമ്പിന്റെ വയറിനുള്ളിൽ നിന്നും ഷൂ പുറത്തെടുത്തു. ശസ്ത്രക്രിയ കഴിഞ്ഞ് അല്പസമയത്തിനകം തന്നെ പാമ്പ് മയക്കംവിട്ട് ഉണർന്നു. ശസ്ത്രക്രിയയുടെ മുറിവുകൾ ഭേദമാകാനുള്ള മരുന്നുകളും വേദനാസംഹാരികളും പാമ്പിന് നൽകുന്നുണ്ട്. മുറിവുകൾ ഭേദമായി ആരോഗ്യം വീണ്ടെടുത്ത ശേഷം പാമ്പിലെ കാട്ടിലേക്ക് വിടാനാണു തീരുമാനമെന്നും  ഡോ. ലിനസ് വ്യക്തമാക്കി.