Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മവേഴാമ്പൽ കൂട് പൊട്ടിച്ച് പുറത്തിറങ്ങി; ആകാംക്ഷയോടെ പക്ഷിസ്നേഹികളും വനപാലകരും

hornbill Representative Image

അതിരപ്പിള്ളിയിൽ അമ്മക്കിളി കൂടിറങ്ങി. ഇനി കുഞ്ഞിന് തീറ്റയുമായെത്തും. ഇണ ചത്ത വേഴാമ്പൽക്കൂട്ടിൽ തീറ്റ പകർന്ന് കാത്തിരിക്കുകയായിരുന്നു പക്ഷിസ്നേഹികളും വനപാലകരും. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് തീറ്റ നൽകുന്നതിനായി വനം വകുപ്പ് വാച്ചർ എത്തിയപ്പോൾ അമ്മക്കിളിയുടെ അസാന്നിധ്യം അറിഞ്ഞത്. പൊകലപ്പാറ വനമേഖലയിൽ 13 ദിവസം മുൻപാണ് അടയിരിക്കുന്ന ഇണയ്ക്ക് തീറ്റയുമായി പോകുന്ന ആൺകോഴിവേഴാമ്പലിനെ ചത്ത നിലയിൽ പരിസ്ഥിതി പ്രവർത്തകൻ ബൈജു കണ്ടത്. 

തുടർന്ന് പക്ഷി നിരീക്ഷകൻ സുധീഷ് തട്ടേക്കാടിന്റെ സഹായത്തോടെ വനം വകുപ്പ് അധികൃതരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വേഴാമ്പൽക്കൂട് കണ്ടെത്തുകയായിരുന്നു. ഏക പത്നീവ്രതക്കാരായ വേഴാമ്പലുകൾ പെൺവേഴാമ്പലിനെ കുഞ്ഞുങ്ങൾക്ക് കൂട്ടിരുത്തി കൂട്ടിൽ തീറ്റ എത്തിക്കുകയാണ് പതിവ്‌. ഈ തിരിച്ചറിവാണ് അമ്മക്കിളിക്കും കുഞ്ഞിനും തണലായത്. കൂട് കണ്ടെത്തിയ അന്നുമുതൽ വനപാലകർ കിളിക്കൂട്ടിൽ തീറ്റ പകർന്നു. 

Hornbill-Story2 വേഴാമ്പൽക്കൂട്ടിൽ തീറ്റ പകരുന്ന വനംവകുപ്പ് വാച്ചർ രാഹുൽ

കൂടിന്റെ കവാടത്തിലെ ചുണ്ട് കടക്കാൻ പാകത്തിലുള്ള ദ്വാരത്തിലൂടെയാണ് കായ്ഫലങ്ങൾ നൽകിയിരുന്നത്. രണ്ട് മണിക്കൂർ ഇടവിട്ട് കൊടുക്കുന്ന തീറ്റ അമ്മക്കിളി കൊക്കിൽ നിന്ന് കുഞ്ഞിന് പകരുകയായിരുന്നു ഇതുവരെ.വേഴാമ്പലുകളെക്കുറിച്ച് 2006 മുതൽ പഠനം നടത്തുന്ന ഹോൺബിൽ ഫൗണ്ടേഷനിലെ ഡോ.കെ.എസ്.അമിതാബച്ചൻ കൂട് നിരീക്ഷിക്കുന്നുണ്ട്.  വേഴാമ്പൽ മുട്ടയിട്ട്  90 ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങൾ പുറത്ത് വരും.

ഈ കാലയളവിൽ കുഞ്ഞിന് തൂവൽ മുളച്ച് അധികം താമസിയാതെ തള്ള വേഴാമ്പൽ കൂടിന് പുറത്തിറങ്ങും. പിന്നീട് അമ്മക്കിളിയുംകൂടിയാണ് കുഞ്ഞിന് തീറ്റ നൽകുക. മനുഷ്യരുടെ ഇടപെടലുകൾ മൂലം കുഞ്ഞിന് തീറ്റ നൽകുന്നതിന് അമ്മക്കിളി തയാറാകുമോ എന്ന ആശങ്കയുണ്ട് .നേരാനേരങ്ങളിൽ തീറ്റ പകർന്ന് കുഞ്ഞു വേഴാമ്പൽ പുറത്ത് വരുന്നതും ആകാംക്ഷയോടെ  കാത്തിരിക്കുകയാണ് തീറ്റിപ്പോറ്റിയവർ.