Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗവേഷകരെ കുഴക്കി ചൊവ്വയില്‍ വന്‍ ഗര്‍ത്തം; എന്താണ് ആഴങ്ങളില്‍?

Ismenia Patera Image Credit: NASA

ചൊവ്വയിലേക്കു മനുഷ്യരെയും വഹിച്ചുള്ള ദൗത്യം ആരംഭിക്കും മുന്‍പ് ആ ഗ്രഹത്തെപ്പറ്റി പരമാവധി പഠിച്ചെടുക്കാനാണു ഗവേഷകരുടെ ശ്രമം. പക്ഷേ ചൊവ്വയുടെ ഓരോ മേഖല പരിശോധിക്കുമ്പോഴും ഓരോ പുതിയ ആശയക്കുഴപ്പങ്ങളാണു ഗവേഷകര്‍ക്കു ലഭിക്കുന്നത്. അതില്‍ ഏറ്റവും പുതിയത് ചൊവ്വയുടെ ഉപരിതലത്തില്‍ കണ്ടെത്തിയ ഒരു അഗാധ ഗര്‍ത്തമാണ്. 5700 അടി താഴ്ചയും വന്‍ വിസ്തീര്‍ണവുമുള്ള ഈ ഗര്‍ത്തം എങ്ങനെ രൂപപ്പെട്ടുവെന്ന ചോദ്യമാണു ഗവേഷകരെ കുഴക്കുന്നത്. ഈ മേഖലയ്ക്ക് ഒരു പേരുമിട്ടിട്ടുണ്ട്- ഇസ്‌മേനിയ പറ്റേറ. ഗര്‍ത്തമിരിക്കുന്ന ഭാഗം ഒരു പൊട്ടിത്തെറി സംഭവിച്ചതിനു സമാനമാണ്. ഒന്നുകില്‍ എന്തെങ്കിലും വന്നിടിച്ചത്. അല്ലെങ്കില്‍ ഒരു അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. 

mars

ഉല്‍ക്ക വന്നിടിച്ചതാണ് എന്ന വാദത്തേക്കാളും ഇവിടം ഒരു ‘സൂപ്പര്‍ വോള്‍ക്കാനൊ’ ഉണ്ടായിരുന്നു എന്ന തിയറിയാണു ഗവേഷകര്‍ക്കു പഠനവിധേയമാക്കാന്‍ താല്‍പര്യം. പൊട്ടിത്തെറിച്ചതിനു ശേഷം ആ പടുകൂറ്റന്‍ അഗ്നിപര്‍വതം ഇടിഞ്ഞു താണതായിരിക്കാം ഇത്തരത്തില്‍ വമ്പന്‍ ഗര്‍ത്തമുണ്ടാകാന്‍ കാരണമെന്നാണു ഗവേഷകര്‍ പറയുന്നത്. എന്തായാലും സംഗതി കൂടുതല്‍ പഠന വിധേയമാക്കാന്‍ യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി തീരുമാനിച്ചു. അങ്ങനെ ഇസ്‌മേനിയ ഗര്‍ത്തത്തിന്റെ കൂടുതല്‍ വ്യക്തതയാര്‍ന്ന ചിത്രങ്ങളും ശേഖരിച്ചു. ചൊവ്വയുടെ വടക്കന്‍ പ്രദേശത്ത് ഇത്തരത്തിലുള്ള പല ഗര്‍ത്തങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഉല്‍ക്കകള്‍ വന്നിടിച്ചതാകാമെന്ന വാദം നില്‍ക്കുമ്പോഴും അത്തരത്തിലുള്ള ഒരു രൂപമല്ല ഗര്‍ത്തത്തിനുള്ളത്. ഭൂമിയിലാണെങ്കില്‍ മണ്ണിടിഞ്ഞു വീണ ഒരു കിണര്‍ പോലെയൊന്നൊക്കെ പറയാം. ഉല്‍ക്ക ഇടിച്ചതാണെങ്കില്‍ കൃത്യമായ ഘടനയോടു കൂടിയ ഗര്‍ത്തമായിരിക്കും. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉല്‍ക്ക വന്നിടിച്ചുണ്ടായ ഗര്‍ത്തത്തില്‍ കാലക്രമേണ മഞ്ഞും ചൊവ്വയുടെ ഉപരിതലത്തിലെ മറ്റു വസ്തുക്കളും വന്ന് അടിഞ്ഞു കൂടി ഇന്നത്തെ രൂപത്തിലായതാകമെന്നാണ് ‘ഉല്‍ക്കാവാദ’ക്കാര്‍ പറയുന്നത്. പക്ഷേ പൊതുവെ ഉല്‍ക്കകള്‍ വന്നിടിച്ചുണ്ടാകുന്ന ഗര്‍ത്തങ്ങളില്‍ കാണുന്ന പല ഫീച്ചറുകളും ‘ഇസ്‌മേനിയ’യില്‍ ഇല്ലെന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ വാദം.

300 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൊവ്വയിലുണ്ടായ ഒരു കൂറ്റന്‍ അഗ്നിപര്‍വതമാണ് പിന്നീട് ഗര്‍ത്തമായി മാറിയെന്ന വാദത്തിനു പക്ഷേ തെളിവുകളേറെയുണ്ട്. വന്‍തോതില്‍ ചാരവും ലാവയുമെല്ലാം പുറന്തള്ളിയായിരിക്കണം അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൊവ്വയിലുണ്ടായിരുന്ന അഗ്നിപര്‍വതങ്ങളുടെ രൂപം എങ്ങനെയായിരുന്നുവെന്നു ഗവേഷകര്‍ക്ക് ഇന്നും മനസ്സിലായിട്ടില്ല. ഒരുപക്ഷേ ഇപ്പോള്‍ കണ്ടെത്തിയ ഗര്‍ത്തത്തിനു സമാനമായിരിക്കും അതെന്നാണു കരുതുന്നത്. അതായത് ഇസ്‌മേനിയയെ വിശദമായി പഠിച്ചാല്‍ ചൊവ്വയുടെ പഴയ കാലത്തെ അവസ്ഥ എളുപ്പത്തില്‍ മനസ്സിലാക്കിയെടുക്കാനാകുമെന്നു ചുരുക്കം.

Mars

പുറത്തേക്കു വരാനാകാതെ മാഗ്മ അഗ്നിപര്‍വതത്തിന്റെ മുകളില്‍ കെട്ടിക്കിടക്കുമ്പോഴാണ് സൂപ്പര്‍ വോള്‍ക്കാനൊകള്‍ സൃഷ്ടിക്കപ്പെടുന്നത്. പുറത്തേക്കു വരാന്‍ കഴിയാതെ മാഗ്മയ്ക്ക് അവിടെക്കിടന്നു ‘ശ്വാസം മുട്ടും’. ഒടുവില്‍ മര്‍ദം കൂടിക്കൂടി വമ്പനൊരു പൊട്ടിത്തെറിയാണു സംഭവിക്കുക. ആ സ്‌ഫോടനം നടക്കുന്നയിടത്തും പരിസരപ്രദേശത്തുമുണ്ടാകുന്ന മാറ്റങ്ങള്‍ വിവരണാതീതമാണ്. ഒരൊറ്റ പൊട്ടിത്തെറിയില്‍ 1000 ക്യുബിക് കിലോമീറ്റര്‍ വരുന്ന ലാവയും ചാരവും മറ്റും പുറത്തുവിടാന്‍ സാധിക്കുന്നവയെയാണു ഭൂമിയില്‍ സൂപ്പര്‍വോള്‍ക്കാനൊകള്‍ എന്നു വിളിക്കുന്നത്. അതായത് ഒരു സാധാരണ അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ആയിരം മടങ്ങ് ശേഷിയുള്ളത്! ഇസ്‌മേനിയയുടെ പരിസരത്തും ഇത്തരത്തില്‍ മാഗ്മ കാലങ്ങളോളം കെട്ടിക്കിടന്നു, രണ്ടു തവണ പൊട്ടിത്തെറിച്ചതിന്റെ തെളിവുകളുണ്ട്. ഇത്തരത്തിലുള്ള ഏതാനും അഗ്നിപര്‍വതങ്ങള്‍ മാത്രം മതി ചൊവ്വയുടെ ഘടന മാറ്റിമറിക്കാനെന്നാണു ഗവേഷകര്‍ പറയുന്നത്. ചൊവ്വയിലെ കാലാവസ്ഥ ഉള്‍പ്പെടെ തകിടം മറിക്കുന്നതില്‍ ഈ വമ്പന്‍ അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടാകും. അങ്ങനെ നോക്കുമ്പോള്‍ ചൊവ്വാഗ്രഹത്തിന്റെ പരിണാമ ചരിത്രത്തിലേക്കുള്ള ഒരു താക്കോലാണ് ‘ഇസ്‌മേനിയ പറ്റേറ’യിലൂടെ ഗവഷകര്‍ക്കു ലഭിച്ചിരിക്കുന്നതും!