Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായം മറന്ന് പുഴയിലെ പ്ലാസ്റ്റിക് നീക്കുന്ന കാദറിക്കയാണ് താരം!

khader

എന്താണ് പരിസ്ഥിതി സംരക്ഷണം ? , പരിസ്ഥിതി ദിനത്തില്‍ മരം നടുന്നതു കൊണ്ടോ പാരിസ് ഉച്ചകോടിയില്‍ നിന്ന് അമേരിക്ക പിന്‍മാറിയതിനെക്കുറിച്ച് ആശങ്കപ്പെട്ടതുകൊണ്ടോ അത് പൂർണമാകുന്നില്ല . മറിച്ച് നമ്മുടെ ചെറിയ പ്രവര്‍ത്തികള്‍ പോലും പ്രകൃതിക്ക് ഹാനികരമാകില്ലെന്ന് ഉറപ്പു വരുത്തുമ്പോഴാണ് പരിസ്ഥിതി സംരക്ഷണം പൂർണമാകുന്നത്. പറഞ്ഞു  വരുന്നത് കോഴിക്കോട് മാവൂർ കുറ്റിക്കടവിലെ കാദറിക്കയെക്കുറിച്ചാണ്. കർഷകനായ അദ്ദേഹം സ്വയം പരിസ്ഥിതിയെ മുറിവേല്‍പ്പിക്കുന്നില്ലെന്നു മാത്രമല്ല മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന ആഘാതം കുറയ്ക്കാനുള്ള കഠിനമായ പ്രയത്നത്തിലുമാണ്.

നിറഞ്ഞൊഴുകുന്ന പുഴയില്‍ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിലേക്ക് പാലത്തില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന കാദറിക്കയുടെ ചിത്രമാണ്  ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കുത്തിയൊലിക്കുന്ന പുഴയിലേക്ക് കുറ്റിക്കടവ് പാലക്കല്‍ കാദര്‍ എന്ന കാദറിക്ക ഇറങ്ങുന്നത് കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി മാറ്റുന്നതിനായാണ്. ഇന്നോ ഇന്നലെയോ അല്ല ഒരു പതിറ്റാണ്ടിനു മേലെയായി കാദറിക്കയുടെ ഈ പരിസ്ഥിതി പ്രവര്‍ത്തനം . മറ്റുള്ളവര്‍ പുഴയോട് ചെയ്യുന്ന തെറ്റുകള്‍ക്ക് സ്വയം പരിഹാരം കാണുകയാണ് ഇദ്ദേഹം.

കുറ്റിക്കടവ് ചെറുപുഴ സംരക്ഷകന്‍ എന്നാണ് പ്രദേശികമായി കാദറിക്കയുടെ വിളിപ്പേര് തന്നെ. ചെറിയ രീതിയിലുള്ള കൃഷിയും പുഴയില്‍ നിന്നുള്ള മിന്‍പിടുത്തവുമാണ് കാദറിക്കയുടെ പ്രധാന വരുമാനം. പെറുക്കി കൂട്ടുന്ന പ്ലാസ്റ്റിക് കുപ്പികള്‍ റീ സൈക്ലിങ്ങിന് എത്തിച്ചും ചെറിയ വരുമാനം കാദറിക്ക ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ വരുമാനത്തേക്കാള്‍ ഉപരി പുഴയോടുള്ള സ്നേഹം തന്നെയാണ് കാദറിക്കയെ  കുത്തിയൊലിക്കുന്ന പുഴയിലേക്കിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്. 

ചാലിയാറിന്റെ കൈവഴിയാണ് കുറ്റിക്കടവിലൂടെ ഒഴുകുന്ന ഈ ചെറുപുഴ. ചെറിയ ഈ പുഴയില്‍ പോലും ദിവസേന എത്തുന്ന പ്ലാസ്റ്റിക് കൂമ്പാരം കാണുമ്പോഴാണ് ദിവസേന എത്രമാത്രം പ്ലാസ്റ്റിക് കുപ്പികളാകും എല്ലാ പുഴയിലേക്കും ഒഴുകിയെത്തുന്നതെന്ന്  ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.നാം ചിന്തിക്കേണ്ടത് പുഴയിലേക്ക് കുപ്പികള്‍ എത്തുന്ന വഴിയെക്കുറിച്ചാണ് . ആരെങ്കിലും കൂട്ടമായി കൊണ്ടുവന്നു തള്ളുന്നത് മാത്രമല്ല ഈ കുപ്പികള്‍. നാം ഓരോരുത്തരും അലക്ഷ്യമായി വലിച്ചെറിയുന്ന കുപ്പികള്‍ തന്നെയാണ് ഒന്നിനോട് ഒന്ന് ചേര്‍ന്ന് കൂമ്പാരമായി തോട്ടിലേക്കും പുഴയിലേക്കും പിന്നെ സമുദ്രത്തിലേക്കുമെത്തുന്നത്. ഇവിടെയാണ് ഇതിനെ തടയാന്‍ ചെറുതല്ലാത്ത ചെറുത്തു നില്‍പ്പ് നടത്തുന്ന കാദറിക്കയെ പോലുള്ളവരുടെ പ്രാധാന്യം മനസ്സിലാക്കേണ്ടത്.

പുത്തന്‍ വീ‍ട്ടില്‍ ഷോബിത്ത് എന്നയാളാണ് കാദറിക്കയുടെ ഈ സമാനതകളില്ലാത്ത പരിസ്ഥിതി പ്രവര്‍ത്തനം ക്യാമറയില്‍ പകര്‍ത്തിയതും ഫേസ്ബുക്കിലെത്തിച്ചതും. നിരവധി പേരാണ് ഈ കുറിപ്പ് ഷെയര്‍ ചെയ്തിരിക്കുന്നതും കാദറിക്കയ്ക്ക് നന്ദി പറഞ്ഞിരിക്കുന്നതും. ഫേസ്ബുക്കിലെ ഈ അഭിനന്ദനങ്ങള്‍ക്കും നന്ദിപറച്ചിലുകള്‍ക്കും ഒപ്പം പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തില്‍ നാമോരുരുത്തരും ശ്രദ്ധലുക്കളായാല്‍ അതായിരിക്കും കാദറിക്ക എന്ന പരിസ്ഥിതി പ്രവര്‍ത്തകന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.