Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മല തുരന്ന് കനാൽ ഗ്രാമത്തിലെത്തിച്ച ഒ‍ഡീഷയിലെ മാഞ്ചി!

Daitari Naik Image Credit: Facebook/ Parth Pahi

ഒറ്റയ്ക്ക് മല തുരന്ന് റോഡുണ്ടാക്കിയ ദശരഥ് മാഞ്ചിയെന്ന ബിഹാറുകാരനെ നമുക്കെല്ലാം അറിയാം.  ഒഡീഷയിലെ കിയോഞ്ചാർ ജില്ലയിലെ ബൻസാൽ ബ്ലോക്കിൽ നിന്നാണ് പുതിയ മാഞ്ചിയുടെ കഥ പുറത്തു വരുന്നത്. 70കാരനായ ദൈതരി നായിക് ആണ് കഥാനായകൻ.ദശരഥ് മാഞ്ചി മല തുരന്ന് റോ‍ഡാണ് നിർമ്മിച്ചതെങ്കിൽ ദൈതരി നായിക് മല തുരന്ന് ഒരു കനാലു തന്നെയാണ് തന്റെ ഗ്രാമത്തിലെത്തിച്ചത്. ജലദൗർലഭ്യംകൊണ്ട് പൊറുതിമുട്ടിയ ഗ്രാമവാസികൾക്ക് ആശ്വാസമേകാനായിരുന്നു ഈ 70കാരന്റെ പരിശ്രമം.

കൃഷിയെ മാത്രം ആശ്രയിച്ചു കാടിനുള്ളിൽ കഴിയുന്ന ആദിവാസി വിഭാഗമാണ് ദൈതരി നായികിന്റേത്. ജല ദൗർലഭ്യമായിരുന്നു ഈ ആദിവാസികൾ നേരിടുന്ന പ്രധാന പ്രശ്നം. ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താനാണ് ദൈതരി നായിക് ശ്രമിച്ചത്. ആദിവാസികൾ താമസിക്കുന്ന മലയോര മേഖലകളിൽ ജലമെത്തിക്കാനുള്ള ശ്രമങ്ങളൊന്നും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കൃഷിഭൂമിയിലേക്ക് വെള്ളമെത്തിക്കാനുള്ള ശ്രമങ്ങൾ ഇവർതന്നെ തുടങ്ങിയത്.

ബൻസ്പാലിലെ പല ആദിവാസി വിഭാഗങ്ങളും കടുത്ത ജലക്ഷാമം നേരിടുന്നവരാണ്. കുടിവെള്ളത്തിനും മറ്റു കൃഷി ആവശ്യങ്ങൾക്കും മഴവെള്ളത്തെയും കാട്ടരുവികളേയമാണ് ഇവർ ആശ്രയിച്ചിരുന്നത്. പലപ്പോഴും കൃഷിക്കാവശ്യമായ ജലമെത്തിച്ചിരുന്നത് താഴ്‌വരകളിലുള്ള ജലാശങ്ങളിൽ നിന്നായിരുന്നു. കിയോഞ്ചാറിലുള്ള ഗോണശിക മല തുരന്നാണ് ദൈതരി നായിക് ഇവരുടെ ഗ്രാമത്തിൽ വെള്ളമെത്തിച്ചത്. മണ്ണും പാറക്കൂട്ടങ്ങളും നിറഞ്ഞ മല 3 കിലോമീറ്ററോളം തുരന്നാണ് കനാലിനെ ഗ്രാമത്തിലെത്തിച്ചത്. 

Daitari Naik Image Credit: Facebook/ Parth Pahi

തരിശായിക്കിടക്കുന്ന തന്റെ കൃഷിഭൂമിയിൽ എങ്ങനെയെങ്കിലും വെള്ളമെത്തിക്കണമെന്ന ചിന്തയാണ് ഈ ഒറ്റയാൾ പോരാട്ടത്തിലേക്ക് നയിച്ചത്. ആദ്യം മല തുരന്നു വെള്ളമെത്തിക്കാൻ ശ്രമിച്ചപ്പോൾ പരിഹസിച്ചവരാണേറെയും. പിന്നീട് തന്റെ 5 സഹോദരങ്ങൾ തന്നോടൊപ്പം കൂടുകയായിരുന്നു. അങ്ങനെ നീണ്ട 4 വര്‍ഷങ്ങളുടെ പരിശ്രമഫലമായാണ് ഈ കനാലിവിടെയെത്തിയതെന്ന് ദൈതരി നായിക് പറയുന്നു. ഇന്ന് കുടുംബാംഗങ്ങളുടേയും ഗ്രാമവാസികളുടേയും മുഖത്തു വിരിയുന്ന ചിരിയാണ് തനിക്കുള്ള പുരസ്കാരമെന്നും ദൈതരി നായിക് പറയുന്നു.

ദൈതരി നായികിന്റെ ഒറ്റയാൾ പോരാട്ടത്തെക്കുറിച്ചറിഞ്ഞ്  ജില്ലാ ഭരണകൂടവും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു കഴിഞ്ഞു. കനാലിന്റെ സുഗമമായ പ്രനർത്തനത്തിനു വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും കനാലിൽ തടയണ നിർമ്മിച്ച് കൃഷിയാവശ്യങ്ങൾക്കുള്ള ജലം സംഭരിക്കുമെന്നും ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ സുധാകർ ബഹ്റയും അറിയിച്ചു. കാര്യമെന്തായാലും മല തുരന്ന് ഗ്രാമത്തിൽ വെള്ളമെത്തിച്ച ദൈതരി നായിക് ആണ് ഇപ്പോൾ ഒഡീഷയിലെ താരം.