Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജല നിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ്; കേരളം മുങ്ങുന്നത് എന്തുകൊണ്ട്?

Perfect_storm_

കാലവർഷം ദുരിതപെയ്ത്തായി തുടരുന്നതോടെ കൂടുതൽ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി അധിതൃതർ. മഴയിൽ കുറവുണ്ടായെങ്കിലും വെള്ളപ്പൊക്കം കുറയുന്നില്ല. ഉരുൾപൊട്ടൽ സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൂടുതൽ മുന്നറിയിപ്പുകളുമായി രംഗത്തെത്തിയിരുക്കുകയാണ്. കേരളത്തിലെ ചില സ്ഥലങ്ങളില്‍ ശനിയാഴ്ച വരെ ശക്തമായ മഴ ലഭിക്കും എന്ന അറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, പെട്ടന്നുള്ള ശക്തമായ മഴ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം.

മുന്നറിയിപ്പുകൾ

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

4. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

6. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം.

7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത്.

8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക.

9. മഴ മൂലം അവധി ആയതിനാല്‍, കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പു വരുത്തണം.

കനത്ത മഴയിൽ കേരളം മുങ്ങി

കനത്ത മഴയിൽ മുങ്ങി കേരളം. പലയിടത്തും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, ഗതാഗത തടസ്സം. ഒട്ടേറെ വീടുകൾ തകർന്നു. മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. ആറു വർഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും കനത്ത മഴയാണിത്. അടുത്ത ദിവസങ്ങളിലും മഴ ‘നിന്നു പെയ്യാൻ’ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടർന്നു കലക്ടർമാർക്കു ജാഗ്രതാനിർദേശം നൽകി.

Rain - Kottayam

ഉരുൾപൊട്ടൽ മേഖലയിലും നദികളുടെ തീരങ്ങളിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയിൽ രാത്രി ഗതാഗതം നിയന്ത്രിച്ചു. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. കല്ലാർകുട്ടി, മലങ്കര, പൊന്മുടി, നെയ്യാർ, പേപ്പാറ, വടക്കഞ്ചേരി മംഗലം ഡാമുകളുടെ ഷട്ടർ തുറന്നു. കനത്ത മഴയിൽ ആലുവ ശിവരാത്രി മണപ്പുറം മുങ്ങി. ക്ഷേത്രം പൂര്‍ണമായും മുങ്ങുംവിധം ജലനിരപ്പുയരുന്നത് പ്രകൃതിദത്തമായ ആറാട്ടാണെന്നാണ് വിശ്വാസം. ഇതോടനുബന്ധിച്ച് പ്രത്യേക പൂജകളും ക്ഷേത്രത്തിൽ പുലര്‍ച്ചെ നടക്കുന്നുണ്ട്.

Rain - Alappuzha

ഉരുള്‍പൊട്ടലുകള്‍ വ്യാപകമാകും, സൂക്ഷിക്കുക!

ഉരുള്‍ പൊട്ടല്‍ എന്നത് സമീപകാലം വരെ പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിഭാസമായിരുന്നു. ഇത് പലപ്പോഴും വലിയ ദുരന്തങ്ങള്‍ വരുത്തി വയ്ക്കാറുമുണ്ട്. എന്നാല്‍ അടുത്ത കാലത്തായി വ്യാപകമാകുന്ന ചെറുതും വലുമായ ഉരുള്‍ പൊട്ടലുകള്‍ ഇത്തരത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല. ഈ ഉരുള്‍ പൊട്ടലുകള്‍ക്ക് പിന്നില്‍ തെറ്റായ പാരിസ്ഥിതിക, കൃഷി നിര്‍മാണ നയങ്ങളുണ്ടെന്ന് കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയമായ സമീപനത്തിലൂടെ ഇവ പരിഹരിച്ചില്ലെങ്കില്‍ വരും കാലങ്ങളില്‍ മലമേഖലകളില്‍ ഉരുള്‍പൊട്ടലുകള്‍ കൂടുതല്‍ വ്യാപകമായേക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Kottayam rain

തെറ്റായ കാര്‍ഷിക രീതി

കേരളത്തിലെ മലമേഖലകളില്‍ ഇന്ന് കാണുന്ന താമസക്കാര്‍ ഭൂരിഭാഗവും ഇവിടേക്ക് എത്തുന്നത് കൃഷിയുമായി ബന്ധപ്പെട്ട കുടിയേറ്റത്തെ തുടര്‍ന്നാണ്. വ്യാപകമായ ഈ കുടിയേറ്റം ഏലം, കുരുമുളക് തുടങ്ങിയ നാണ്യം വിളകളിലൂടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. എന്നാല്‍ ക്രമേണ കൃഷിയിടങ്ങളുടെ വലുപ്പവും കൃഷിക്കാരുടെ എണ്ണവും വര്‍ദ്ധിച്ചതോടെ കൃഷി രീതികളിലും മാറ്റും വന്നു. മലമ്പ്രദേശത്തിന് അനുയോജ്യമായ തട്ട് തട്ടായുള്ള കൃഷിരീതി പിന്തുടരുന്നതില്‍ വീഴ്ചയുണ്ടായി.

ഇതോടൊപ്പം തെങ്ങ്, വാഴ, കപ്പ തുടങ്ങിയവ വ്യാപകമായി തെറ്റായ കാര്‍ഷിക രീതിയില്‍ കൃഷി ചെയ്യപ്പെട്ടു. 16 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള ഇടവിളകൃഷികളും മണ്ണിളക്കിയുള്ള കൃഷികളും ചെയ്യാന്‍ പാടുള്ളതല്ല. എന്നാല്‍ ഇടനാടന്‍ മേഖലകളിലും തീരപ്രദേശങ്ങളിലും പിന്തുടര്‍ന്ന് അതേ കൃഷിരീതിയില്‍ ഇവ ഇവിടെയും വ്യാപകമായത് മേഖലയിലെ പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്നതിന് സഹായിച്ചു. തുടര്‍ച്ചയായി വാഴയും കപ്പയും കൃഷിചെയ്യപ്പെട്ടതോടെ മണ്ണൊലിപ്പും മറ്റും വ്യാപകമാവുകയും ഇതുവഴി പലപ്രദേശങ്ങളിലെയും ഭൂമിയുടെ ഉറപ്പ് നഷ്ടപ്പെടുകയും ചെയ്തു എന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. സുഭാഷ് ചന്ദ്രബോസ് പറയുന്നു.

മലമേഖലകളിലെ തെറ്റായ ഭൂവിനിയോഗ നയമാണ് ഇപ്പോഴത്തെ വ്യാപകമായ ഉരുള്‍ പൊട്ടലിന് കാരണമായി ഡോ. സുഭാഷ് ചന്ദ്രബോസ് പറയുന്നത്. കൃഷി വ്യാപകമായി അര നൂറ്റാണ്ട് പിന്നിട്ടിട്ടും മലമേഖലകള്‍ക്ക് വേണ്ടി ആ ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ ഭൂവിനിയോഗ നയം തയാറാക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ഇദ്ദേഹം കുറ്റപ്പെടുത്തുന്നു.

rain-pta2

അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍

അധികൃതവും അനധികൃതവുമായ നിര്‍മാണങ്ങള്‍ ഇന്ന് മലമ്പ്രദേശങ്ങളെ ദുര്‍ബലമാക്കുന്നുണ്ട്. ഇതിന് കാരണം ശാസ്ത്രീയമായ അടിത്തറയില്ലാത്ത നിര്‍മ്മാണ് രീതികളാണ്. ഭൂകമ്പസാദ്ധ്യത ഉള്ളതിനാല്‍ ജപ്പാനില്‍ നിര്‍മ്മിക്കപ്പെടുന്നത് അതിനെ ചെറുക്കാന്‍ തക്ക ശേഷിയുള്ള കെട്ടിടങ്ങളാണ്. എന്നാല് ഉരുള്‍പൊട്ടല്‍ ഭൂഷണി നിലനില്‍ക്കുന്ന കേരളത്തിലെ മലമേഖലകളില്‍ നിര്‍മ്മിക്കപ്പെടുന്നത് ആ ദുരന്ത ഭീഷണി വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങളും മറ്റുുമാണ്.

kochi-maradu-rain

സ്ഥിരതാമസത്തിനായുള്ള വീടു മുതല്‍ റിസോര്‍ട്ടുകളും വ്യാപകമാകുന്ന തടയണകളും ചെക്ക് ഡാമുകളും എല്ലാം മലമ്പ്രദേശത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതുതന്നെയാണ് മഴക്കാലത്ത് മുന്‍കാലങ്ങളേക്കാള്‍ വ്യാപകമായ മണ്ണിടിച്ചിലും മറ്റും ഉണ്ടാകാനുള്ള മറ്റൊരു കാരണം. അനധികൃത നിര്‍മ്മാണങ്ങള്‍ മാത്രമല്ല അംഗീകരത്തോട നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ പോലു കേരളത്തിലെ മലമ്പ്രദേശത്ത് ഭൂപ്രകൃതിക്ക് അനുയോജ്യമായ വിധത്തിലല്ല നിര്‍മ്മിക്കപ്പെടുന്നത്. ഇത് കാരണം മലമ്പ്രദേശങ്ങളിലെ ഭൂപ്രകൃതി പഠിച്ച് ആ മേഖലയ്യ് അനുയോജ്യമായ കെട്ടി നിര്‍മ്മാണ രീതി എന്തെന്ന് കണ്ടെത്താന്‍ കഴിയാത്തതാണ്.

പാറപൊട്ടിക്കലും മണ്ണെടുത്ത് നീക്കിയ ശേഷമുള്ള നിര്‍മ്മാണങ്ങളുമാണ് പ്രദേശത്തെ ദുര്‍ബലപ്പെടുത്തുന്ന മറ്റ് ഖടകങ്ങള്‍. പാറ വ്യാപകമായി പൊട്ടിക്കുന്നതോടെ പെയ്തിറങ്ങുന്ന വെള്ളത്തെ താങ്ങി നിര്‍ത്താനുള്ള മണ്ണിന്റെ ശേഷി ഇല്ലാതാവുകയാണ് ചെയ്യുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍ നിലകണ്ഠന്‍ പറയുന്നു. മലമ്പ്രദേശങ്ങളിലെ പാറപൊട്ടിക്കള്‍ നിയന്ത്രിക്കുന്നതിനാ ഫലപ്രദമായി ഒന്നു ചെയ്യാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പാറപൊട്ടിക്കലും ഉരുള്‍പൊട്ടലും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ ഉരുള്‍ പൊട്ടുന്ന പ്രദേശങ്ങളിലെ പരിസ്ഥിതി പഠനം മാത്രം മതിയെന്ന് സി. ആര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ സമിതികളുടെ റിപ്പോര്‍ട്ടുകള്‍ക്കുണ്ടായ അവഗണന

2009ല്‍ ഉരുള്‍പൊട്ടലുണ്ടായപ്പോഴാണ് അന്നത്തെ സര്‍ക്കാര്‍ ശാസ്ത്രജ്ഞരായ ഡോ. എസ് ശങ്കര്‍, കെ.സി ചാക്കോ, ആര്‍. ഗോപകുമാര്‍, ഡോ. സുരേഷ് ഫ്രാന്‍സിസ് വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. സേവ്യര്‍.കെ.ജേക്കബ് എന്നിവരെ  പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടല്‍ സാധ്യതയുണ്ടോയെന്നു പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ മലയോരമേ്ലകളിലാണ് വിദഗ്ധ സമിതി പഠനം നടത്തിയത്. മലയോര മേഖലകളിലെ പരിസ്ഥിതി ദുര്‍ബലമായ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നായിരുന്നു വിദഗ്ധ സമിതി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് സമര്‍പ്പിച്ച  റിപ്പോര്‍ട്ടില്‍ ഈ മേഖലകളിലെ അനധികൃത നിര്‍മാണങ്ങളും ക്വാറികളുടെ പ്രവര്‍ത്തനവും തടയണമെന്നും 20 ഡിഗ്രി ചരിഞ്ഞ പ്രദേശങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും പറഞ്ഞിരുന്നു. 

rain-in-aluva

നിലവിലെ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെയാണ് പരിസ്ഥിതി ധവള പത്രം പുറത്തിറക്കിയത്. ഈ ധവള പത്രത്തില്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഇവ സൃഷ്ടിക്കുന്ന ഉരുള്‍പൊട്ടല്‍ സാധ്യതകളെക്കുറിച്ച് പരമര്‍ശങ്ങള്‍ ഒന്നും തന്നെയില്ല. ഇത് ഉരുള്‍പൊട്ടലും കേരളത്തിലെ മലമേഖലകളില്‍ വ്യാപകമായുണ്ടാകുന്ന പരിസ്ഥിതി നാശവും തമമിലുള്ള ബന്ധത്തെക്കുറിച്ച് അധികൃതര്‍ ഇപ്പോഴും ഗൌരവത്തോടെ വീക്ഷിക്കുന്നില്ല എന്നതിന് തെളിവാണ്. ഇത് പോലെ തന്നെ പരിസ്ഥിതി ധവള പത്രത്തിലെ വീഴ്ചയാണ് ക്വാറികളെ അവഗണിച്ചിരിക്കുന്നത്. കേരളത്തിലിന്ന് ജലക്ഷാമം രൂക്ഷമാക്കുന്നതിലും മണ്ണിടിച്ചില്‍ വ്യാപകമാക്കുന്നതിലും വലിയ പങ്ക് വഹിക്കുന്ന ക്വാറികളെക്കുറിച്ച് മൌനവും പരിസ്ഥിതി ധവളപത്രത്തെ പരിഹാസ്യമാക്കുന്ന ഒന്നാണ്.