Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ ന്യൂനമർദം മൂലം; ഒഴുക്ക് തടസ്സപ്പെട്ടു; നികത്തലും പ്രശ്നം

Rain

കോട്ടയത്തും കുട്ടനാട്ടിലും വെള്ളപ്പൊക്കത്തിനിടയാക്കിയത് ഇടുക്കി, കോട്ടയം ജില്ലകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ അതിവൃഷ്ടി. കഴിഞ്ഞയാഴ്ച വരെ പതിവു കണക്കുപ്രകാരം മഴ ലഭിച്ചുകൊണ്ടിരുന്ന രണ്ടു ജില്ലകളിലും മഴയുടെ അളവ് അഞ്ചുദിവസം കൊണ്ടു 47% കൂടി. പത്തനംതിട്ടയിൽ 15%, ആലപ്പുഴയിൽ 10% വീതം മഴ കൂടി. ഇടുക്കിയിലെയും കോട്ടയത്തെയും കനത്ത മഴ കുട്ടനാടിനെയും മുക്കി. 

മഴ ന്യൂനമർദം മൂലം

Rain Havoc At Pathanamthitta

ഒഡീഷ തീരത്തെ ശക്തമായ ന്യൂനമർദവും അറബിക്കടലിൽ കേരളം മുതൽ ഗുജറാത്ത് വരെ തീരത്തു രൂപംകൊണ്ട ന്യൂനമർദ പാത്തിയുമാണു കനത്ത മഴയ്ക്കു കാരണമായത്. ഏതാനും വർഷം മുൻപുവരെ ജൂലൈയിൽ ബംഗാൾ ഉൾക്കടലിൽ ഇത്തരം ന്യൂനമർദങ്ങളും തുടർന്നു മധ്യകേരളത്തിൽ മഴയും പതിവായിരുന്നുവെന്നു കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ കെ.സന്തോഷ് പറഞ്ഞു. എന്നാൽ സമീപ വർഷങ്ങളിൽ ഇതു നിലച്ച മട്ടായിരുന്നു. കഴിഞ്ഞ ജൂണിൽ പാലക്കാട്, വയനാട് ജില്ലകളിൽ സമാന രീതിയിൽ കനത്ത മഴ പെയ്തെങ്കിലും ഉയർന്നുകിടക്കുന്ന പ്രദേശങ്ങളായതിനാൽ വെള്ളപ്പൊക്കമുണ്ടായില്ല. കാറ്റിന്റെ ഗതിമാറ്റങ്ങൾ മൂലം ചില മേഖലകളിൽ കനത്ത മഴ ലഭിക്കുന്നതു സ്വാഭാവികമാണെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ഇതിന് ആഗോള താപനവുമായോ കാലാവസ്ഥാ വ്യതിയാനവുമായോ ബന്ധമില്ല.

ഒഴുക്ക് തടസ്സപ്പെട്ടു; നികത്തലും പ്രശ്നം

Calicut-Rain

മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ മഴ കുറഞ്ഞിട്ടും വെള്ളമിറങ്ങുന്നില്ല. ഒഴുക്കു തടസ്സപ്പെട്ടതാണു പ്രധാന കാരണം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യമടിഞ്ഞു കായലുകളുടെയും പുഴകളുടെയും ആഴവും കയ്യേറ്റം മൂലം വീതിയും കുറഞ്ഞു. തണ്ണീർത്തടങ്ങളും വയലുകളും വ്യാപകമായി നികത്തിയതും പ്രശ്നമാണ്. ജൂണിൽ ലഭിച്ച നല്ല മഴയിൽ ഭൂജലനിരപ്പ് ഉയർന്നു. ഇതോടെ വെള്ളം വലിച്ചെടുക്കാനുള്ള മണ്ണിന്റെ ശേഷി കുറഞ്ഞു. 

വെള്ളം കുടിക്കാതെ പശ്ചിമ ഘട്ടം

Rain

മുൻപു പശ്ചിമ ഘട്ടത്തിൽ മഴ പെയ്താൽ ഒരുദിവസം കഴിഞ്ഞാണു പുഴകളിൽ ജലനിരപ്പ് ഉയർന്നിരുന്നത്. ഇപ്പോൾ മണിക്കൂറുകൾക്കകം ഉയരുന്നു. പശ്ചിമ ഘട്ടത്തിന്റെ നാശം ജലസംഭരണശേഷിയെയും ബാധിച്ചെന്നു പരിസ്ഥിതി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.