Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റ് വീശും; ജാഗ്രതാ നിർദേശം

sea erosion

ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറു ദിശയിൽ നിന്നും മണിക്കൂറിൽ 35 മുതൽ 45 കി.മീ. വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി.മീ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. കേരള തീരങ്ങളിൽ പടിഞ്ഞാറു ദിശയിൽ നിന്നും മണിക്കൂറിൽ 35 മുതൽ 45 കി.മീ. വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കി.മീ. വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. ആയതിനാൽ ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യഭാഗത്തും തെക്കു പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ അകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുത്. ഈ മുന്നറിയിപ്പ് ഇന്നുമുതൽ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും.

AC Road Flood

അതേസമയം, ദിവസങ്ങളായി തുടർന്ന മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ദുരിതക്കാഴ്ചകൾ തുടരുന്നു. ആലപ്പുഴയിലെ എസി റോഡിൽ മൂന്നാം ദിവസവും ഗതാഗത നിരോധനം ഏർപ്പെടുത്തി. കെഎസ്ആർടിസി അടക്കം സർവീസ് പുനരാരംഭിച്ചിട്ടില്ല. റോഡിലെ ജനനിരപ്പ് ഇതു വരെ താഴാത്തതാണു കാരണം. റോഡിന്റെ തുടക്കത്തിലെ പള്ളാത്തുരുത്തി ജംക്‌ഷൻ മുതൽ വെള്ളം കയറിക്കിടക്കുന്നു. മങ്കൊമ്പ്, മാമ്പുഴക്കരി, നെടുമുടി, നസ്രേത്ത്, ഒന്നാംകര, പള്ളിക്കൂട്ടുമ്മ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നൊന്നും വെള്ളമിറങ്ങിയിട്ടില്ല. അതേസമയം, കോട്ടയത്തേക്കുള്ള യാത്രക്കാർക്കായി കെഎസ്ആർടിസി അമ്പലപ്പുഴ വഴി തിരുവല്ലയ്ക്കു നടത്തുന്ന സർവീസ് തുടരുന്നു. എടത്വ ഡിപ്പോയിൽ നിന്നും എസി റോഡ് അനുബന്ധ സർവീസുകൾ നിർത്തി വച്ചിട്ട് അഞ്ചു ദിവസം പിന്നിടുകയാണ്. പുളിങ്കുന്ന്, വേഴപ്ര, മുട്ടാർ, കൈനകരി തുടങ്ങിയ സ്ഥലങ്ങളിലേക്കൊന്നും വാഹനങ്ങൾ എത്തിച്ചേരാനാകാത്ത അവസ്ഥയാണു നിലവിലുള്ളത്.

Flood - Kottayam

മഴയ്ക്കു ഇന്നു രാവിലെ ശമനമുണ്ടെങ്കിലും കുട്ടനാട്ടിലെ ജലനിരപ്പു താഴുന്നില്ല. ആളുകൾ കൂട്ടത്തോടെ വീടുവിട്ട് യാത്രയാകുകയാണ്, 90 ശതമാനം കൃഷി ചെയ്ത പാടങ്ങളും വെള്ളത്തിനടിയിലാണ്. കാർഷിക മേഖലയിൽ 12.6 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് അഞ്ചു ദിവസത്തെ മഴയിൽ സംഭവിച്ചിരിക്കുന്നത്. കിഴക്കൻ മേഖലകളില്‍ നിന്നു കൂടുതൽ വെള്ളമെത്തുന്നതോടെ കുട്ടനാട്ടിലെ ജലനിരപ്പ് ഇനിയും ഉയരുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. അടുത്ത തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഒഡീഷയ്ക്കു സമീപം നിലനിൽക്കുന്ന ന്യൂനമർദ്ദമാണു മഴ തുടരാനുള്ള കാരണം. വടക്കൻ ജില്ലകളിലാവും ശക്തമായ മഴ കിട്ടുക. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ കിട്ടിയതു കണ്ണൂരാണ് 10 സെന്റിമീറ്റര്‍. ജലനിരപ്പ് ഉയരുന്നതിനാല്‍ അണക്കെട്ടുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്.