Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പു കേന്ദ്രം

Cyclone -Representational image

അപകടകാരിയായ ചുഴലിക്കാറ്റ് മുൻകൂട്ടി പ്രവചിക്കാനുള്ള സംവിധാനം തിരുവനന്തപുരത്ത് ഉടൻ. കേരള, കർണാടക തീരങ്ങളിലെ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ്, ഒരു മാസത്തിനുള്ളിൽ പുതിയ കേന്ദ്രം സ്ഥാപിക്കാൻ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം തീരുമാനിച്ചത്.

നിലവിൽ ചെന്നൈ, വിശാഖപട്ടണം, ഭുവനേശ്വർ, കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണു ചുഴലിക്കാറ്റ് മുന്നറിയിപ്പു കേന്ദ്രമുള്ളത്.  കേരള, കർണാടക സംസ്ഥാനങ്ങളിലെ മൽസ്യബന്ധന തൊഴിലാളികൾക്കും മറ്റും ഇതേറെ പ്രയോജനപ്പെടുമെന്നാണു വിലയിരുത്തൽ. ഓഖി ചുഴലിക്കാറ്റ് ഉൾപ്പെടെയുള്ളവ കേരളത്തിൽ അടുത്തിടെ ഏറെ നാശം വിതച്ചിരുന്നു.

മംഗളൂരുവിൽ പുതിയ ഡോപ്ലർ റഡാർ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത വർഷം അവസാനത്തോടെ ഇതു പ്രവർത്തനസജ്ജമാകും. കേരളത്തിന്റെ വടക്കേ അറ്റം ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ കാലാവസ്ഥാ പ്രവചനം ഇതോടെ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിലവിൽ കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും ഡോപ്ലർ റഡാറുണ്ട്. മംഗളൂരുവിലെ റഡാർ കൂടി പ്രവർത്തനസജ്ജമാകുന്നതോടെ സംസ്ഥാനം മുഴുവൻ നിരീക്ഷിക്കാനുള്ള സംവിധാനമൊരുങ്ങും.