ജലനിരപ്പ് താഴുന്നത് വരൾച്ചയുടെ ലക്ഷണമോ?

കേരളത്തിൽ സാധാരണയിൽ അധികമായുള്ള വരൾച്ചയ്ക്ക്‌ ഈ വർഷം സാധ്യതയില്ലെന്ന് യുഎന്‍ പരിസ്ഥിതി സംഘടനയിലെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. പ്രളയത്തിനു പിന്നാലെ കേരളത്തിൽ വൻ വരൾച്ചയാണു വരുന്നതെന്ന സമൂഹമാധ്യമ പ്രചാരണങ്ങൾക്കുള്ള മറുപടിയായാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

കേരളത്തിൽ വെള്ളത്തിനു പ്രായോഗികമായി ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ട്. സംസ്ഥാനത്തെ ഒട്ടേറെ കിണറുകളിൽ ജലനിരപ്പ് താഴ്ന്നു പോകുന്നതുകൊണ്ടാണ് ഇതു സംഭവിക്കുക. പുഴകളിലേക്കു വെള്ളം ഒഴുകിവരുന്ന സ്ഥലങ്ങളിൽ ഉള്ള കിണറുകളിലും കുളങ്ങളിലും കാണുന്ന ജലനിരപ്പ് ഏതു പുഴയിലേക്കാണോ വെള്ളം ഒഴുകിയെത്തുന്നത് അതിലെ ജലനിരപ്പും ആയി ബന്ധപ്പെട്ടാണു കിടക്കുന്നത്. പുഴയിലെ ജലനിരപ്പ് താഴുമ്പോൾ നമ്മുടെ കിണറിലെയും കുളത്തിലെയും ജലനിരപ്പും താഴുന്നതു സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു

മുരളി തുമ്മാരുകുടിയുടെ കുറിപ്പിൽനിന്ന്:

ഇനി വരാൻ പോകുന്നത് വരൾച്ചയാണെന്ന് വാട്സാപ് ശാസ്ത്രങ്ങൾ വരുന്നുണ്ട്. അടുത്ത മാസങ്ങളിൽ വരൾച്ച ഉണ്ടാവില്ല എന്ന് ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഞാൻ പറയില്ല. അതേ സമയം ഒരു പെരുമഴ ഉണ്ടായതുകൊണ്ട് അടുത്ത മാസങ്ങളിൽ വരൾച്ച ഉണ്ടാകുമെന്നു പറയാൻ മാത്രം ശാസ്ത്രം വളർന്നിട്ടും ഇല്ല. അതുകൊണ്ട് സാധാരണയിൽ അധികമായി ഒരു വരൾച്ചയ്ക്ക്‌ ഈ വർഷം സാധ്യത ഞാൻ കാണുന്നില്ല. വരൾച്ച ഉണ്ടാകുമോ എന്ന് വരും മാസങ്ങളിൽ അറിയാം. അതേസമയം കേരളത്തിൽ വെള്ളത്തിനു പ്രായോഗികമായി ക്ഷാമം ഉണ്ടാകാൻ സാധ്യത ഉണ്ട്. കേരളത്തിലെ അനവധി കിണറുകളിൽ വെള്ളത്തിന്റെ ലെവൽ താഴ്ന്നു പോകുന്നതുകൊണ്ടാണ് ഇത് സംഭവിക്കാൻ പോകുന്നത്. ഇത് എന്തു പ്രകൃതി പ്രതിഭാസം ആണ് ?

കേരളത്തിലെ പുഴകളിലേക്ക് വെള്ളം ഒഴുകിവരുന്ന സ്ഥലങ്ങളിൽ ഉള്ള കിണറുകളിലും കുളങ്ങളിലും കാണുന്ന ജലനിരപ്പ് ഏത് പുഴയിലേക്കാണോ വെള്ളം ഒഴുകിയെത്തുന്നത് അതിലെ ജലനിരപ്പും ആയി ബന്ധപ്പെട്ടാണു കിടക്കുന്നത്. പുഴയിലെ ജലനിരപ്പ് താഴുമ്പോൾ നമ്മുടെ കിണറിലെയും കുളത്തിലേയും ജലനിരപ്പും താഴും. ഈ തവണത്തെ മഴയ്ക്കു വളരെ പ്രധാനമായ ഒരു കാര്യം സംഭവിച്ചിട്ടുണ്ട്. അതിവേഗതയിൽ കല്ലും മണലും ഉൾപ്പെട്ട വെള്ളം ആണ് പുഴയിലൂടെ കുത്തി ഒഴുകി വന്നത്. ഇങ്ങനെ വരുന്ന വെള്ളം പുഴയുടെ തന്നെ അടിത്തട്ടിൽ മണ്ണൊലിപ്പ് ഉണ്ടാക്കും, പുഴയുടെ ആഴം കൂടും.

ഒറ്റയടിക്കു നോക്കുമ്പോൾ പുഴ പഴയ പുഴയാണെന്നും അതിലെ ജലനിരപ്പ് കുറഞ്ഞു എന്നും നമുക്ക് തോന്നും. പുഴകളിൽ പാലങ്ങൾ ഉണ്ടെങ്കിൽ അതിന്റെ പില്ലറിൽ നോക്കിയാൽ, അല്ലെങ്കിൽ പുഴയിലേക്ക് കെട്ടിയിറക്കിയ സ്റ്റെപ്പുകൾ ഉണ്ടെങ്കിൽ, പുഴയുടെ നിരപ്പ് താഴുന്നതു മനസിലാക്കാം. നമ്മുടെ കിണറുകളിലേയും കുളത്തിലെയും ജലനിരപ്പ് പുഴയിലെ ജലനിരപ്പിന്റെ കുറവിന് ആനുപാതികമായി താഴുകയും ചെയ്യും. ഇതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

നിങ്ങളുടെ കിണറിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിൽ ആവശ്യത്തിനു മഴ ലഭിക്കാതെ ഇത് തിരിച്ചുവരില്ല. കിണറിലെ അടിത്തട്ടിന് താഴെ വെള്ളം പോയിട്ടുണ്ടെങ്കിൽ കിണറിന്റെ ആഴം കൂട്ടുകയല്ലാതെ വേറെ മാർഗം ഇല്ല. പുഴയുടെ ആഴം അത്ര അധികം വർധിച്ചിരിക്കാൻ വഴിയില്ലാത്തതിനാൽ ഒന്നോ രണ്ടോ മീറ്ററിൽ അധികം ഈ വെള്ളത്തിന്റെ താഴ്ച ഉണ്ടാകില്ല. പുഴയിൽ നിന്നും അകന്ന പ്രദേശങ്ങളിലോ, പുഴ വേഗത്തിലോ കലങ്ങിയോ ഒഴുകാത്ത പ്രദേശങ്ങളിലോ ഇതൊരു പ്രശ്നമാകാനും വഴിയില്ല.