ഭാരതപ്പുഴയിൽ ജലനിരപ്പുയരുന്നു; ജാഗ്രത പാലിക്കണം

ആളിയാർ ഡാമിൽ നിന്നു തുറന്നുവിടുന്ന ജലത്തിന്റെ അളവ് സെക്കൻ‍ഡിൽ 3000 ഘനഅടിയായി ഉയർത്തിയതോടെ ചിറ്റൂർപ്പുഴ, ഭാരതപ്പുഴകളിൽ ഒഴുക്കു ശക്തമായി. പുഴയിലിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്. തുറന്നുവിടുന്ന ജലത്തിന്റെ അളവ് 5000 ഘനയടിയിൽ കൂടരുതെന്നു കേരളം നിർദേശിച്ചു. കാരണം അപ്പർ ആളിയാറിൽ നിന്ന് ആളിയാറിലേക്കുള്ള ഒഴുക്കു വർധിച്ചതാണു ചിറ്റൂർപ്പുഴയിലേക്കു കൂടുതൽ ജലം തുറക്കാൻ കാരണം.

അപ്പർ ആളിയാറിൽ തമിഴ്നാട് 60 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. ഈ ജലവും ആളിയാറിലേക്കാണ് എത്തുന്നത്. പദ്ധതി പ്രദേശത്തുൾപ്പെട്ട കാടമ്പാറ അണക്കെട്ടും നിറഞ്ഞു കിടക്കുകയാണ്. 1050 അടിയാണ് ആളിയാർ ഡാമിന്റെ പരമാവധി സംഭരണനിരപ്പ്. പൊടുന്നനെ ഉണ്ടാകുന്ന പ്രളയജലം സംഭരിക്കാൻ ജലനിരപ്പ് 1048 അടിയായി താഴ്ത്തി നിലനിർത്തണമെന്ന കേരളത്തിന്റെ നിർദേശം തമിഴ്നാട് പാലിക്കുന്നുണ്ട്. ഇതിനു മുകളിലേക്കു ജലനിരപ്പ് ഉയരുമ്പോഴാണു ചിറ്റൂർപ്പുഴയിലേക്കു ജലം തുറക്കുന്നത്. പറമ്പിക്കുളം–ആളിയാർ പദ്ധതി പ്രദേശത്തു ശക്തമായ ഒഴുക്കു തുടരുകയാണ്.

മലമ്പുഴയിലെ വെള്ളം കനാലുകളിലേക്ക്

ഒന്നാം വിള നെൽകൃഷി ഉണക്കത്തിൽ നിന്നു രക്ഷിക്കാൻ മലമ്പുഴ അണക്കെട്ടിൽ നിന്ന് കനാലുകളിലേക്കു ജലം തുറക്കും. പദ്ധതി ഉപദേശക സമിതിയുടെതാണു തീരുമാനം. കനാൽ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഇടതു കര കനാൽ വഴി കൊടുവായൂർ വരെയും വലതുകര കനാലിലൂടെ പത്തിരിപ്പാലവരെയും ജലം ലഭ്യമാക്കുന്നുണ്ട്.