Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയക്കയത്തിൽനിന്ന് ഉയരട്ടെ പുതിയ കുട്ടനാട്

kuttanad-house മരവിച്ച് ജീവിതം: ഇതൊരു വീടിന്റെ ബാക്കിയാണ്. കുട്ടനാട്ടിലെ മൂന്നു വെള്ളപ്പൊക്കങ്ങൾ ഇങ്ങനെയാക്കിയതാണ്. കുട്ടമംഗലം തൊണ്ണൂറിൻചിറയിലെ ശശിധരന്റെയും സരസമ്മയുടെയും നാലുമുറി വീടായിരുന്നു ഇത്. ആദ്യം മട വീണ് വീട്ടിൽ വെള്ളം കയറി. വെള്ളം വീണ്ടും വീണ്ടും ഉയർന്നതോടെ വീട് തകർന്നു. 90 ദിവസമായി, ഈ ദുരിതം തുടങ്ങിയിട്ട്. അഞ്ചു ദിവസം മുൻപു വെള്ളം പമ്പ് ചെയ്തപ്പോഴാണു വീടൊന്നു തെളിഞ്ഞത്. അപ്പോൾ ബാക്കിയായത് അടുക്കളുടെ ഒരു ഭാഗം മാത്രം. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ

കുട്ടനാടിനെ കരകയറ്റാൻ ‘മനോരമ’ സംഘടിപ്പിച്ച ‘കര തേടി കുട്ടനാട്’ ആശയക്കൂട്ടം പങ്കുവച്ച നിർദേശങ്ങൾ...

വേണം, സംയോജിത കൃഷിരീതികൾ

paddy-field

കേരളത്തിന്റെ നെല്ലറയെന്ന നിലയിൽനിന്ന് കുട്ടനാട്, കൂടുതൽ വിശാല അർഥത്തിൽ ഭക്ഷ്യക്കലവറയായി മാറണമെന്ന് മലയാള മനോരമ സംഘടിപ്പിച്ച ‘കരതേടി കുട്ടനാട്’ ആശയക്കൂട്ടത്തിൽ നിർദേശം. സംയോജിത കൃഷിരീതികൾക്കു പ്രാധാന്യം നൽകണം. നെൽകൃഷിക്കു പ്രാധാന്യം നഷ്ടമാകാതെ കഴിയുന്നത്ര പാടശേഖരങ്ങളിൽ ഒരു നെല്ലും ഒരു മീനും പദ്ധതി നടപ്പാക്കുന്നതു കുട്ടനാടിന്റെ ജൈവഘടന വീണ്ടെടുക്കാൻ സഹായകരമാകും. 

പ്രധാന നിർദേശങ്ങൾ:

∙ നെല്ലിനു പുറമെ, പാടശേഖരങ്ങളിൽ മീൻ കൃഷിയും പാടശേഖര ബണ്ടുകളിൽ പച്ചക്കറിയുമാകാം. കന്നുകാലികൾ, താറാവ് തുടങ്ങിയവ കൂടി ചേർന്നതാകണം സംയോജിത കൃഷിരീതി. ഇതിലൂടെ കർഷകരുടെ വരുമാനം പലമടങ്ങു കൂട്ടാം. വിളയ്ക്കു പ്രാധാന്യം നൽകുന്നതിനു പകരം കൃഷിയിടത്തിന് ആനുപാതികമായ ആനുകൂല്യങ്ങൾ നൽകി കർഷകരെ സംരക്ഷിക്കണം. കുട്ടനാടിനെ ഇത്തരം കൃഷിരീതിയുടെ മാതൃകയാക്കണം.

∙ കായലിന്റെ സ്വാഭാവിക ശ‍ുദ്ധീകരണത്തിനു മീൻ കൃഷി പ്രയോജനകരമാണ്. ഓരുവെള്ളം കയറ്റ‍ാവുന്നവിധം കൃഷിരീതി മാറണം. കക്കയുടെയും കരിമീനിന്റെയും ഉൾപ്പെടെ സ്വാഭാവിക പ്രജനനത്തിന് ഓരുവെള്ളം ആവശ്യമാണ്. കുട്ടനാടിനു യോജിച്ച മീൻ ഇനങ്ങൾ കൃഷി ചെയ്യാൻ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും വേണം. 

paddy-field-in-water

∙ തെങ്ങും കൈതയും പോലുള്ളവ വളർത്തി പാടശേഖരങ്ങൾക്കു ജൈവ പുറംബണ്ടുകൾ തയാറാക്കണം.

∙ കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിൽ ജൈവകൃഷിക്കു മുൻഗണന നൽകണം. വളം, കീടനാശിനി, കളനാശിനി എന്നിവയ്ക്കു ജൈവ ബദൽ കണ്ടെത്തണം. ജൈവകൃഷി നടത്തുന്നതിനു മുൻപു മണ്ണിന്റെ പഠനം നടത്തണം.

∙ കാർഷിക സർവകലാശാലയിൽ പലകാലങ്ങളിലായി നടന്നിട്ടുള്ള ഗവേഷണങ്ങളിൽ പ്രായോഗികമായവ കുട്ടനാട്ടിൽ അവതരിപ്പിക്കണം.

∙ അടുത്ത 50 കൊല്ലമെങ്കിലും മുന്നിൽക്കണ്ടു പാടശേഖരങ്ങളെ ഒരുക്കണം. കടൽവെള്ളം ഉയരുന്നത് അടക്കം ഇതിൽ പരിഗണിക്കണം. ജലനിർഗമനത്തിനുള്ള സംവിധാനങ്ങൾ വേണം. ജലസംഭരണത്തിനായി ചില പാടങ്ങൾ ഒഴിച്ചിടുന്നതും ഷട്ടറുള്ള ബണ്ടുകളും പരിഗണിക്കണം.

പരിഗണിക്കണം മണ്ണിന്റെ ഘടന

drought-impacted-paddy-field-palakkad

കുട്ടനാട്ടിൽ പരിസ്ഥിതിക്ക് ഇണങ്ങുന്ന നിർമാണരീതി പ്രോൽസാഹിപ്പിക്കണം. പ്രളയവേളയിൽ രക്ഷാപ്രവർത്തനം സാധ്യമല്ലാത്ത വിധമുള്ള നിർമാണങ്ങൾ കുട്ടനാടിന്റെ പല ഭാഗങ്ങളിലുമുണ്ടായിരുന്നു. ഇത്തരത്തിലുള്ള നിർമാണങ്ങളിൽ വീണ്ടുവിചാരമുണ്ടാകണം. ഭൂവിനിയോഗം, മണ്ണിന്റെ ഘടന എന്നിവ ശാസ്ത്രീയമായി പരിഗണിച്ചുള്ള നിർമാണമാണു വേണ്ടത്. 

ഇതിനായി കെട്ടിടനിർമാണ ചട്ടങ്ങൾ ശക്തമായി നടപ്പാക്കണം. ഇതിനു മേൽനോട്ട സമിതിയുണ്ടാകണം. അനാവശ്യ നിർമിതികൾ പ്രോത്സാഹിപ്പിക്കരുത്. ഇപ്പോഴുയർന്ന വെള്ളത്തിന്റെ അളവു നോക്കി വേണം ഇനിയുള്ള നിർമാണങ്ങൾ‍. 

കോൺക്രീറ്റിൽ കുടുങ്ങിക്കിടക്കരുത് നിർമാണ സാങ്കേതികവിദ്യ. പൈലുകൾക്കു പരമ്പരാഗത രീതിയായ തെങ്ങിൻകുറ്റികൾ മുതലായവ ഉപയോഗിക്കാം. ‌

‘ഒരു നെല്ലും ഒരു മീനും’ 

കുട്ടനാടിന്റെ സുസ്ഥിര വികസനത്തിന് ‘ഒരു നെല്ലും ഒരു മീനും’ രീതിയിലുള്ള കൃഷിക്കു മുൻതൂക്കം നൽകണമെന്ന് എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷന്റെ ശുപാർശ. മുൻപ് നെല്ലിനു പ്ര‍ാധാന്യം നൽകിയാണു കുട്ടനാട് പാക്കേജ് നടപ്പാക്കിയത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഈ പാക്കേജിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച റിപ്പോർട്ടിലാണു പുതിയ നിർദേശങ്ങൾ നൽകുന്നത്.

paddy-field

തണ്ണീർത്തടം, കൃഷി, മത്സ്യബന്ധനം, ജൈവവൈവിധ്യം എന്നിവയുടെ സംരക്ഷണത്തിനാണു റിപ്പോർട്ടിൽ മുൻതൂക്കം. സംരക്ഷണം, ഉൽപാദനം, ഉപഭോഗം, വിപണനം എന്നിവയെ അടിസ്ഥാനമാക്കി കുട്ടനാടിന്റെ സുസ്ഥിര ഉപജീവന വികസനശേഷി വർധിപ്പിക്കുകയാണു പ്രധാന ലക്ഷ്യം. ഇതിനു പുതിയ വിളവെടുപ്പു ശൈലിയും കാർഷിക കലണ്ടറും വേണം. 

മണ്ണും വെള്ളവും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. ജലസാക്ഷരതയ്ക്ക് ഊന്നൽ നൽകണം. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുട്ടനാട്ടിൽ ആരംഭിച്ച സാമൂഹിക ജലവിജ്ഞാന സാങ്കേതിക പരിശീലന കേന്ദ്രം വിപുലമാക്ക‍ാനും പരിപാടിയുണ്ട്.

പ്രളയത്തെ അതിജീവിക്കും നെൽവിത്ത്

paddy field

പ്രളയത്തെയും ഓരുവെള്ളത്തെയും അതിജീവിക്കാൻ ശേഷിയുള്ള നെൽവിത്തുകളുടെ ഉൽപാദനം കാർഷിക സർവകലാശാലയുടെ വൈറ്റില നെല്ലുഗവേഷണ കേന്ദ്രത്തിൽ പുരോഗമിക്കുകയാണ്. രണ്ടാഴ്ചവരെ വെള്ളപ്പൊക്കത്തെ അതിജീവിച്ചു നിൽക്കാനും വെള്ളം ഇറങ്ങിയശേഷം വീണ്ടും പഴയതുപോലെ വളരാനും ശേഷി നൽകുന്ന ഹബ്-1എ എന്ന ജീൻ ഉമ, ജ്യോതി നെൽവിത്തുകളിൽ ചേർക്കുകയാണു ചെയ്യുന്നത്. 

കുട്ടനാടൻ സാഹചര്യങ്ങൾക്കു യോജിച്ച ഇത്തരം പരീക്ഷണങ്ങൾ പൂർത്തിയാക്കി എത്രയും വേഗം കർഷകരിലേക്ക് എത്തിക്കാൻ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം.

പൊഴിമുഖങ്ങൾ‌ വീണ്ടെടുക്കണം

വേമ്പനാട്ടു കായലിലെ പൊഴിമുഖങ്ങൾ മണലടിഞ്ഞ് അടഞ്ഞുപോയതാണു കുട്ടനാട്ടിൽ പ്രളയം രൂക്ഷമാകാൻ കാരണം. കായലിൽ നിന്നു കടലുമായുള്ള ജല കൈമാറ്റം നടക്കുന്നില്ല. 

തോട്ടപ്പള്ളിയിൽ അശാസ്ത്രീയമായി പുല‍ിമുട്ടോടു കൂടി തുറമുഖം നിർമിച്ചതിനാൽ തെക്കുഭാഗത്ത് പൊഴിയിലേക്ക് നിരന്തരം മണൽ അടിഞ്ഞു കൂടുന്നു. പൊഴി സ്വാഭാവികമായി തുറക്കുകയും അടയുകയും ചെയ്യുന്നവിധം കൈകാര്യം ചെയ്യണം. തോട്ടപ്പള്ളി സ്പിൽവേ ലീഡിങ് ചാനലിന്റെ വീതിയും ആഴവും വർധിപ്പിക്കണം.

∙ നദികൾ ദീർഘദൂരം സഞ്ചരിച്ചു കടലിലെത്തുന്നതിനു പകരം അധികജലം ഒഴുകിപ്പോകാൻ പമ്പയാറിൽ നിന്നു തോട്ടപ്പള്ളിയിലേക്കു ബൈപാസ് കനാൽ നിർമിക്കണം. എസി കനാൽ പള്ളാത്തുരുത്തി വരെ ബന്ധിപ്പിക്കണം. 

∙ ജലവിമാനങ്ങൾ ഉൾപ്പെടെയുള്ള പുതിയ ശാസ്ത്ര സാങ്കേതിക സാധ്യതകൾ ദുരന്തമേഖലയിൽ ഉപയോഗിക്കണം.

∙ പ്രളയമുണ്ടായാൽ ജനങ്ങളെ കൂട്ടത്തോടെ മാറ്റിപ്പാർപ്പിക്കാനും അല്ലാത്തപ്പോൾ നെല്ലു സംഭരണത്തിനു ഗോഡൗണായി ഉപയോഗിക്കാനും കഴിയുന്നവിധം ഷെൽട്ടറുകൾ സ്ഥാപിക്കണം.

ജലവും മണ്ണും പരിശോധിക്കണം

പരിസ്ഥിതി പുനഃസ്ഥാപനത്തിലൂടെയേ കുട്ടനാടിന്റെ ശാശ്വത സംരക്ഷണം സാധ്യമാകൂ. ജലമാണു കുട്ടനാടിന്റെ സമ്പത്ത്. എന്നാൽ ജലശുദ്ധി ഉറപ്പാക്കാനാകുന്നില്ല. ഇതിനുള്ള നടപടികൾ കുട്ടനാട്ടിൽ ഒതുങ്ങിയാൽ പോരാ; പുഴകൾ ഉത്ഭവിക്കുന്ന കിഴക്കൻ മലനിരകളിൽനിന്നേ തുടങ്ങണം. പ്രളയത്തിലൂടെ പുഴകൾ ഏറെക്കുറെ ശുദ്ധമായി. എന്നാൽ, ആ മാലിന്യങ്ങൾ കായലിൽ വന്നടിഞ്ഞു. കീടനാശിനികളും രാസമാലിന്യങ്ങളും ഘനലോഹങ്ങളും പ്ലാസ്റ്റിക്കുമെല്ലാമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണു കുട്ടനാട്ടിൽ പരിസ്ഥിതി സംരക്ഷണ പദ്ധതികൾ നടപ്പാക്കേണ്ടത്. 

വെള്ളം ശുദ്ധമായാൽ പായലിന്റെയും പോളയുടെയും അമിതഭീഷണി കുറയും. പായലും പോളയും ഇപ്പോഴത്തെ അവസ്ഥയിൽ ശുദ്ധീകരണ ഏജന്റുകളായി പ്രവർത്തിക്കുന്നുണ്ടെന്ന വസ്തുതകൂടി കണക്കിലെടുക്കണം. അതിനാൽ അവയുടെ നിർമാർജനമല്ല, നിയന്ത്രണമാണ് ആവശ്യം. മുൻപ് ഇതിനു തൊഴിലുറപ്പു പ്രവർത്തകരെ നിയോഗിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ പുതിയ മാനദണ്ഡങ്ങൾമൂലം അവരുടെ സേവനം ലഭ്യമല്ലാതായി. ഈ പ്രശ്നം പരിഹരിക്കണം. ജലം മാത്രമല്ല, മണ്ണും പരിശോധിക്കണം. പ്രളയം ജൈവ വ്യവസ്ഥയിൽ വരുത്തിയ മാറ്റം കണ്ടെത്തണം. 

ജലഗതാഗതത്തിനു സാധ്യതകളേറെ

ജലഗതാഗതത്തിനു കുട്ടനാട്ടിൽ കൂടുതൽ പ്രോൽസാഹനം നൽകണം. ചരക്കു ഗതാഗതമെങ്കിലും വെള്ളത്തിലൂടെയാകണം. കുട്ടനാട്ടിലെ പ്രധാന പാതയായ ആലപ്പുഴ–ചങ്ങനാശേരി (എസി) റോഡ് ആകാശപ്പാതയാക്കുന്നതിനെക്കുറിച്ചുള്ള ആലോചന ആരംഭിക്കാം. ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ പദ്ധതികൾ കുട്ടനാട്ടിൽ ഇപ്പോഴില്ല. ഇത്തരത്തിലുള്ള പദ്ധതികൾക്കു വൻതോതിൽ കേന്ദ്ര ഫണ്ടിനു സാധ്യതയുണ്ട്. ഇത് ആകർഷിക്കാൻ നടപടി വേണം. 

കുട്ടനാടിനെ കരകയറ്റാൻ ഈ നിർദേശങ്ങൾ

∙ കാലാവസ്ഥാമാറ്റം മൂലമുള്ള കടൽനിരപ്പു വർധന പരിഗണിച്ചുള്ള പുനഃസൃഷ്ടി. 

∙ പ്രളയത്തെ അതിജീവിക്കാൻ തൂണുകളിലുള്ള വീടുകൾ ഉൾപ്പെടെ യുള്ള സാങ്കേതികവിദ്യകൾ. 

∙ ആധുനികസാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തിലുള്ള ജൈവകൃഷി. 

∙ കൃഷിക്ക് അനുയോജ്യമല്ലാത്ത പാടശേഖരങ്ങൾ മഴവെള്ള സംഭരണികളാക്കി മാറ്റാൻ നടപടി. 

∙ ഇതുവരെ നടന്ന കുട്ടനാട് പഠനങ്ങളുടെ ഏകോപനം. 

∙ വിനോദസഞ്ചാരമേഖലയിൽ ഹരിതമാർഗരേഖ. 

∙ വഞ്ചിവീടുകൾക്കു കർശന മാർഗനിർദേശങ്ങൾ; പരിശോധിക്കാൻ റഗുലേഷൻ ഇൻസ്പെക്ടർമാർ. 

∙ പ്രളയത്തിനുശേഷം കായലിൽ അടിഞ്ഞ മാലിന്യം നീക്കാൻ പദ്ധതി. 

∙ പ്രളയമൊഴിവാക്കാൻ കൂടുതൽ ബൈപാസ് കനാലുകൾ; നദികളിൽ ചെറു അണക്കെട്ടുകൾ.

∙ പ്രളയസാധ്യതാ മാപ്പിങ്. 

∙ പ്രളയകാലത്തേക്ക് അഭയകേന്ദ്രങ്ങൾ. മറ്റു സമയങ്ങളിൽ ഇവ നെല്ല് ഗോഡൗണുകളാക്കാം. 

∙ കനാലുകളിലെ പായലും പോളയും നീക്കാൻ തൊഴിലുറപ്പു പദ്ധതി പ്രയോജനപ്പെടുത്തണം. 

ജയിംസ് വർഗീസ്,റിട്ട.അഡീഷനൽ ചീഫ് സെക്രട്ടറി

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒറ്റ അതോറിറ്റി വേണം. ‘ഡിപ്പാർട്മെന്റലിസം’ മാറണം. മാലിന്യ സംസ്കരണം ഉൾപ്പെടെ ഈ രീതിയിൽ നടപ്പാക്കണം. 

കെ.ജി.പത്മകുമാർ, ഡയറക്ടർ, ബിലോ സീലെവൽ റിസർച് സെന്റർ, കുട്ടനാട്

നെല്ലറയ്ക്കപ്പുറം ഭക്ഷ്യക്കലവറയാകണം കുട്ടനാട്. അതിനായി എല്ലാ കൃഷിയിൽ നിന്നുമുള്ള ഉൽപാദനക്ഷമത വർധിപ്പിക്കാൻ കഴിയണം. 

ജി.ശങ്കർ, ആർക്കിടെക്ട്

വെള്ളപ്പൊക്കമുണ്ടായാൽ രക്ഷാമാർഗങ്ങൾ തുറന്നിടുന്ന രീതിയിലാകണം കെട്ടിടനിർമാണം. അനുയോജ്യമല്ലാത്ത ഭൂമിയിലോ വരമ്പിനരികത്തോ വീടു വയ്ക്കുന്നതു ശരിയല്ല. 

team-kuttanad മലയാള മനോരമ കോട്ടയത്തു സംഘടിപ്പിച്ച ‘കര തേടി കുട്ടനാട്’ ആശയക്കൂട്ടത്തിൽ ജോസഫ് കുട്ടി, ഡോ. സൈറു ഫിലിപ്പ്, ഡോ.ജോർജ് എബി, ഡോ. എസ്. ലീനാ കുമാരി, ഡോ.എസ്.ശ്രീകുമാർ, ഡോ. കെ.സോമൻ, ജി. ശങ്കർ, ജയിംസ് വർഗീസ്, ഡോ. കെ.വി. തോമസ്, ഡോ. കെ.ജി. പത്മകുമാർ, എസ്. ഉഷാകുമാരി, കെ.പി. ഹരൻ ബാബു, വർഗീസ് കണ്ണംപള്ളി, ജിബിൻ തോമസ് എന്നിവർ മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യുവിനും മോഡറേറ്റർ ഡോ.ബി.ഇക്ബാലിനുമൊപ്പം.

ഡോ.കെ.സോമൻ,  മുൻ മേധാവി, റിസോഴ്സസ് ആൻഡ് അനാലിസിസ് ഡിവിഷൻ, നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്

ജലാശയങ്ങൾ ശുദ്ധീകരിക്കുന്നതിനു പ്രഥമ പരിഗണന നൽകണം. പമ്പയുൾപ്പെടെയുള്ള നദികളുടെ ശുദ്ധീകരണം ആരംഭിക്കണം. ജലത്തിന്റെ ഗുണമേന്മ പരിശോധിക്കണം. 

ഡോ.എസ്.ശ്രീകുമാർ,ഡയറക്ടർ, ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ, പാലക്കാട്

പ്രളയമുണ്ടായാൽ മറികടക്കുന്നതിനായി വെള്ളപ്പൊക്കം ബാധിക്കാത്ത സ്ഥലങ്ങളെ കേന്ദ്രീകരിച്ചു ‘ടൗൺഷിപ്’ ആരംഭിക്കുന്നതിന്റെ സാധ്യത പരിശോധിക്കണം.

ഡോ.കെ.വി.തോമസ്, ഡീൻ, ക്ലൈമറ്റ് വേരിയബിലിറ്റി ആൻഡ് അക്വാറ്റിക് സിസ്റ്റംസ്, ഫിഷറീസ് സർവകലാശാല

മുൻകാലങ്ങളെ അപേക്ഷിച്ചു ബണ്ട് നിർമിക്കുന്ന രീതിയിൽ ഒട്ടേറെ മാറ്റങ്ങൾ വന്നു. ഏതു രീതിയിൽ അതിനെ പുനഃക്രമീകരിക്കാം എന്നതും അതിന്റെ സാധ്യതകളും പരിശോധിക്കണം. 

ഡോ.എസ്.ലീനാകുമാരി,കൃഷി ശാസ്ത്രജ്ഞ, മുൻമേധാവി, മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം 

ജൈവകൃഷിക്കുള്ള സൗകര്യം ഒരുക്കിക്കൊടുക്കണം. മൾട്ടി ലെവൽ ഫാമിങ്ങിനു മുൻഗണന നൽകണം. ഏറ്റവും വിളവുകിട്ടുന്ന വിത്തുകളല്ല, ഗുണമേന്മയുള്ളവയാകണം ഉപയോഗിക്കേണ്ടത്. 

കെ.പി.ഹരൻ ബാബു, എക്സിക്യൂട്ടീവ് എൻജിനീയർ, ജലവിഭവവകുപ്പ്, ആലപ്പുഴ

പ്രളയത്തിന്റെ ആഘാതം കുറയ്ക്കുന്ന വിധത്തിലും പരിസ്ഥിതിയെ ബാധിക്കാതെയും പമ്പ, അച്ചൻകോവിൽ, മീനച്ചിലാറുകളിൽ ചെറു അണക്കെട്ടുകൾ നിർമിക്കാം. തോടു നികത്തി റോഡ് നിർമിക്കുന്ന രീതി തടയാൻ ഏജൻസികളെ ചുമതലപ്പെടുത്തണം.

ഡോ.ജോർജ് എബി ചീഫ് സയന്റിസ്റ്റ്, സിഡബ്ല്യുആർഡിഎം സബ് സെന്റർ, കോട്ടയം

തോട്ടപ്പള്ളി സ്പിൽവേയുടെ വീതി കൂട്ടണം. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ പരമാവധി സമയം തുറന്നിടുകയും ചെയ്യണം. 

എസ്.ഉഷാകുമാരി. എക്സിക്യൂട്ടീവ് ഡയറക്ടർ, തണൽ

വിള അധിഷ്ഠിത കാഴ്ചപ്പാടു മാറി കൃഷിയിട അധിഷ്ഠിത കാഴ്ചപ്പാടു വരണം. ഒരിടത്തുതന്നെ പല വിളകൾ കൃഷിചെയ്യുകയും കാർഷിക സബ്സിഡി ഇതു മൊത്തത്തിൽ കണ്ടു നൽകുകയും വേണം.

ഡോ.സൈറു ഫിലിപ്,വൈസ് പ്രിൻസിപ്പൽ, ടിഡി മെഡിക്കൽ കോളജ്, ആലപ്പുഴ

നല്ല കുടിവെള്ളവും ശുചിമുറി സൗകര്യവുമുണ്ടെങ്കിലേ പകർച്ചവ്യാധികളെ അകറ്റി നിർത്താനാകൂ. ദുരന്തങ്ങൾ ഉണ്ടാകുന്നതിനു മുൻപേ മുൻകരുതലുകൾ സ്വീകരിക്കണം. 20 വീടുകൾക്ക് ഒരു വൊളന്റിയർ വീതം വേണം.

വർഗീസ് കണ്ണംപള്ളി,കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്

50 വർഷം മുൻകൂട്ടിക്കണ്ടുള്ള പ്രവർത്തനങ്ങളാണു പാടശേഖരങ്ങളിൽ നടപ്പാക്കേണ്ടത്. ചുറ്റും ബണ്ട് നിർമിക്കണം. കുട്ടനാട്ടിൽ നിർമാണത്തിനും മറ്റും ഉപയോഗിക്കുന്ന സാമഗ്രികളിൽ നിയന്ത്രണം വേണം.

ജോസഫ് കുട്ടി,സെക്രട്ടറി, ഇരുമ്പനം പ്രാദേശിക സമിതി

ബണ്ടുകൾക്കു നിർദേശിച്ചിരിക്കുന്ന വീതി നിലവിൽ 3 മീറ്ററാണ്. അതുമാറ്റി 6 മീറ്ററാക്കണം. ബണ്ട് ബലപ്പെടുത്തി ഇരുവശത്തും തെങ്ങുകൾ വച്ചുപിടിക്കണം. ഇതുവഴി മണ്ണൊലിപ്പും മറ്റും തടയാനാകും.

ജിബിൻ തോമസ്,എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ.

കുട്ടനാട്ടിലെ ജലശുദ്ധീകരണത്തിനു വിദഗ്ധരുടെ അഭിപ്രായം തേടണം. ജനങ്ങളുടെ ജലസാക്ഷരത വർധിപ്പിക്കുകയും വേണം. 

പകർച്ചവ്യാധി പ്രതിരോധ ഗവേഷണകേന്ദ്രം

ആലപ്പുഴയിൽ പകർച്ചവ്യാധി പ്രതിരോധ ഗവേഷണകേന്ദ്രം ആരംഭിക്കണമെന്ന് ആശയക്കൂട്ടം. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ചേർത്തലയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, മെഡിക്കൽ കോളജിലെ പകർച്ചവ്യാധി പ്രതിരോധ സെൽ, മൈക്രോ ബയോളജി വിഭാഗം എന്നിവയുടെയെല്ലാം കൂട്ടായ്മയിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ഗവേഷണ കേന്ദ്രം ആരംഭിക്കാം. ഇതു രോഗങ്ങളെക്കുറിച്ചു ശാസ്ത്രീയമായ പഠന പ്രവർത്തനങ്ങളും പ്രതിരോധ മാർഗങ്ങളും വികസിപ്പിക്കാൻ സഹായകരമാകും. 

കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ പകർച്ചവ്യാധികളും കണ്ടെത്തിയ സ്ഥലമായ കുട്ടനാട്ടിൽ ആരോഗ്യ മേഖലയിൽ നിതാന്ത ജാഗ്രത വേണം. ഇതിനു നിർദിഷ്ട ഗവേഷണ കേന്ദ്രം ഏറെ സഹായകരമാകും. ഇത്തവണ കുട്ടനാട്ടിൽ രണ്ടു വെള്ളപ്പൊക്കമുണ്ടായെങ്കിലും അതിന്റെ തുടർച്ചയായി പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെട്ടില്ല. ആരോഗ്യ വകുപ്പിനു കാര്യക്ഷമമായി ഇടപെടാനായതാണു കാരണം. 

ശുദ്ധമായ കുടിവെള്ളം, ശുചിമുറി സംവിധാനങ്ങൾ എന്നിവയുണ്ടായാലേ കുട്ടനാട്ടിലെ ആരോഗ്യ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കണ്ടെത്താനാകൂ. വ്യക്തിശുചിത്വം അടക്കമുള്ളവ പ്രധാനമാണ്. കൂടാതെ ജല മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളും വേണം. 

പൊതുജനാരോഗ്യത്തെ എങ്ങനെ ബാധിക്കും എന്നു വിലയിരുത്തിയാകണം വികസന പ്രവർത്തനങ്ങൾ. ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. അറിവുകൾ എല്ലാവരിലേക്കും എത്താനുള്ള വിവര കൈമാറ്റ സംവിധാനം ശക്തമാക്കണം. പകർച്ചവ്യാധി പ്രതിരോധത്തിനടക്കം വിവര കൈമാറ്റം ഏറെ ഗുണകരമാകും. വിവിധ സന്നദ്ധ സംഘടനകളും സർക്കാർ സംവിധാനങ്ങളും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രളയാനന്തര കുട്ടനാട്ടിൽ ഇനി ശ്രദ്ധ വേണ്ടതു മാനസിക–സാമൂഹികാരോഗ്യ മേഖലയിലാണെന്നും ആശയക്കൂട്ടം വിലയിരുത്തി.