Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമിയിലെ ഏറ്റവും പുരാതനമായ ഫോസില്‍!

dickinsonia Image Credit: Wikimedia Commons

558 ദശലക്ഷം പഴക്കമുള്ള ഫോസിലാണ് റഷ്യയിലെ വൈറ്റ് സീ പ്രദേശത്തു നിന്ന് കണ്ടെത്തിയത്. ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പുരാതനമായ ജീവിയുടേതാണ് ഈ ഫോസില്‍. ഡിക്കിന്‍സോനിയ എന്ന് ഗവേഷകര്‍ പേരു നല്‍കിയിരിക്കുന്ന ഈ ജീവികള്‍ക്ക്  ഇന്നത്തെ ജെല്ലി ഫിഷുമായി സമാനതകളുണ്ട്.ഒരു പക്ഷെ ജെല്ലി ഫിഷുകളുടെ മുന്‍ഗാമികളെന്ന് ഇവയെ വിശേഷിപ്പിക്കാനാകും. വൈറ്റ് സീയിലെ പാറക്കെട്ടുകളില്‍ 80 മീറ്ററോളം ആഴത്തിലാണ് ഈ ജീവിയുടെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെടുത്തത്.

ഡിക്കിന്‍സീനിയയുടെ കാലഘട്ടത്തില്‍ ഈ ഭാഗം സമുദ്രത്തിനടിയിലായിരുന്നു. മണ്‍മറഞ്ഞ് പോയ ജീവികളെക്കുറിച്ചുള്ള ഗവേഷണത്തില്‍ നാഴികക്കല്ലാണ് ഡിക്കിന്‍സീനിയയുടെ ഫോസിലിന്റെ കണ്ടെത്തലെന്ന് ഗവേഷകര്‍ വിവരിക്കുന്നു. പാലിയന്റോളജിയുടെ വിശുദ്ധ പാനപാത്രമെന്നാണ് കണ്ടെത്തലിനെ പര്യവേഷണം നടത്തിയ ഓസ്ട്രേലിയന്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തലിനെ കുറിച്ച് പ്രതികരിച്ചത്. ഇത്തരമൊരു ജീവനെക്കുറിച്ച് നേരത്തെ തന്നെ ഗവേഷകര്‍ക്കു നേരിയ സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇവ സസ്യങ്ങളാണോ, ഏകകോശ ജീവികളാണോ അതോ മൃഗങ്ങളാണോയെന്ന വ്യക്തമായ ധാരണയിലെത്താന്‍ ഗവേഷകര്‍ക്കു കഴിഞ്ഞിരുന്നില്ല..

ഓസ്ട്രേലിയയില്‍ നടത്തിയ പഠനത്തിലാണ്  ഇത്തരം ഒരു ജീവിയെക്കുറിച്ച് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് സൂചനകള്‍ ലഭിച്ചത്. എന്നാല്‍ ഓസ്ട്രേലിയയിലെ ഉയര്‍ന്ന താപനില മൂലം ഈ മേഖലയില്‍ കണ്ടെത്തിയ അവശിഷ്ടങ്ങളില്‍ നിന്നു വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചില്ല. തുടര്‍ന്ന് എഴുപതു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ്  റഷ്യയില്‍ നിന്ന് ഈ ജീവിയുടെ കേടുപാടുകള്‍ സംഭവിക്കാത്ത ഫോസിലുകള്‍ ലഭിക്കുന്നത്. വടക്കന്‍ റഷ്യയിലെ തണുത്ത കാലാവസ്ഥയാണ് പാറക്കെട്ടുകള്‍ക്കുള്ളില്‍ ഡിക്കിന്‍സോനിയയുടെ അവശിഷ്ടങ്ങള്‍ കേടു കൂടാതെ സൂക്ഷിച്ചത്.

മുന്‍പ് വിചാരിച്ചിരുന്നതിലും വലിപ്പമേറിയതും എണ്ണത്തില്‍ കൂടുതലുള്ളവയുമായിരുന്നു ഈ ജീവികളെന്ന് ഗവേഷകര്‍ പുതിയ കണ്ടെത്തലോടെ തിരിച്ചറിഞ്ഞു. ജീവിയുടെ ജൈവ പദാര്‍ത്ഥം അഥവാ ഓര്‍ഗാനിക് മാറ്ററും വടക്കന്‍ റഷ്യയിലെ ഈ പാറക്കെട്ടുകളില്‍ നിന്നു ലഭിച്ചിട്ടുണ്ട്.

ഇന്നു കാണപ്പെടുന്ന മനുഷ്യന്‍ ഉള്‍പ്പടെയുള്ള സങ്കീര്‍ണ്ണ ജൈവവ്യവസ്ഥകളുള്ള ജീവികള്‍ രൂപപ്പെടുന്ന കാംബ്രിയന്‍ സ്ഫോടന കാലത്തിനും 20 ദശലക്ഷം വര്‍ഷം മുന്‍പാണ് ഈ ജീവികള്‍ ജീവിച്ചിരുന്നത്. അതുകൊണ്ട് തന്നെ മനുഷ്യനുള്‍പ്പടെ ഇന്നു ഭൂമിയിലുള്ള എല്ലാ ജീവികളുടെയും പൂർവികരായിരിക്കാം ഡിക്കിന്‍സോനിയ എന്നും ഗവേഷകര്‍ കരുതുന്നു. സങ്കീര്‍ണ്ണ ഘടനയുള്ള ജീവിയായി പരിണമിക്കാനുള്ള ശാരീരിക പ്രത്യേകതകള്‍ ഈ ജീവിയ്ക്കുണ്ടായിരുന്നു എന്നും ഗവേഷകര്‍ വിവരിക്കുന്നു. ഏതാനും മില്ലീ മീറ്റര്‍ മുതല്‍ 1 മീറ്റര്‍ വരെ വലിപ്പമുള്ളതാക്കിയും തിരിച്ചും ശരീരത്തെ മാറ്റാന്‍ ഇവയ്ക്ക് കഴിയുമായിരുന്നുവെന്നതാണ് ഇതിനു തെളിവായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഡിക്കിന്‍സോനിയയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തു വന്നതെങ്കിലും ഇവയുടെ ഫോസിലുകള്‍ റഷ്യയില്‍ കണ്ടെത്തിയത് 2013 ലാണ്. തുടര്‍ന്ന് നാലര വര്‍ഷത്തോളം നീണ്ട പഠനം വേണ്ടി വന്നു ഈ ഫോസിലിന്റെ ചരിത്രം പരിശോധിക്കാനും ഇവയുടെ പഴക്കവും രൂപവും നിര്‍ണ്ണയിക്കാനും. ഇവയുടെ ഫോസില്‍ പരിശോധനയില്‍ നിർണായകമായത് ശരീരത്തില്‍ കണ്ടെത്തിയ കൊളസ്ട്രോളിന്റെ അംശമാണ്. ഇതോടെയാണ് ഡിക്കിന്‍സോനിയ സസ്യമോ, പുരാതനമായ ഏകകോശ ജീവികളോ അല്ലെന്നു ഗവേഷകര്‍ ഉറപ്പിച്ചത്. മൃഗങ്ങളില്‍ മാത്രമാണ് കൊളസ്ട്രോള്‍ കാണപ്പെടുക. 

ഭൂമിയില്‍ ജീവന്‍ ഉരുത്തിരിഞ്ഞ സാഹചര്യങ്ങളിലേക്കു കൂടുതല്‍ വെളിച്ചം വീശാന്‍ ഡിക്കിന്‍സോനിയയുടെ ഫോസിലിന്റെ കണ്ടെത്തല്‍ സഹായിക്കും. ഒപ്പം ഭൂമിക്കു പുറത്തുള്ള ഗ്രഹങ്ങളില്‍ ജീവനുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് കൂടുതല്‍ പഠനം നടത്താനും ഈ കണ്ടെത്തല്‍ ഗുണം ചെയ്യുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.