Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞുമലകൾക്കു താഴെ തിളച്ചു മറിയുന്ന ദുരന്തം!

Pine Island Glacier The Pine Island Glacier from above taken by Landsat Image Credit: NASA

വർഷങ്ങളോളം ഉപഗ്രഹനിരീക്ഷണം നടത്തിയ വിവിധ ഗവേഷണ ഏജൻസികൾ ഏതാനും വർഷം മുൻപാണ് ഞെട്ടിക്കുന്ന ചില റിപ്പോർട്ടുകൾ പുറത്തുവിട്ടത്. കഴിഞ്ഞ നൂറു വർഷത്തിനിടെ ലോകത്തിലെ ശരാശരി സമുദ്രജലനിരപ്പ് ഏഴ് ഇഞ്ചെങ്കിലും വർധിച്ചു എന്നതായിരുന്നു അത്. ഒരിഞ്ചു വർധിച്ചാൽ തന്നെ അതു കടൽത്തീര നഗരങ്ങൾക്ക് ഏറെ ഭീഷണിയാണ്. ഇത്തരമൊരു അപകടത്തിലേക്കു നയിച്ച പ്രധാന കാരണമാകട്ടെ അന്റാർട്ടിക്കിൽ നിന്നുള്ള മഞ്ഞുരുകൽ ശക്തമായതും. 

2009 മുതൽ അന്റാർട്ടിക്കിൽ നിന്നുള്ള മഞ്ഞുരുകലിന്റെ വേഗം കൂടിയിട്ടുണ്ടെന്നാണു മറ്റൊരു കണ്ടെത്തൽ. എവിടെ നിന്നാണ് ഇത്രയേറെ മഞ്ഞുരുകി മാറുന്നതെന്നും ഗവേഷകർ അന്വേഷിച്ചു. അത് ചെന്നെത്തിയതാകട്ടെ പടിഞ്ഞാറൻ അന്റാർട്ടിക്കിലെ പൈൻ ഐലന്റ് എന്നറിയപ്പെടുന്ന മഞ്ഞുമലയിലും. അന്റാർട്ടിക്കിൽ നിന്ന് 2014ൽ മാത്രം ആകെ നഷ്ടപ്പെട്ട മഞ്ഞിൽ കാൽ ഭാഗവും പൈൻ ഐലന്റിൽ നിന്നായിരുന്നു. എന്താണ് ഇതിനു കാരണമെന്ന് ഇപ്പോഴും ഗവേഷകർക്കു പിടികിട്ടിയിട്ടില്ല.

ആഗോളതാപനം കാരണം സമുദ്രജലത്തിൽ താപനില വർധിക്കുന്നതാണു പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇനി മുതൽ ഒരു കാര്യം കൂടി പഠനവിഷയത്തിൽ ഉൾപ്പെടുത്തണമെന്ന് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ പ്രഫ. കാരൻ ഹേവുഡ് പറയുന്നു. അന്റാർട്ടിക്കിലെ മഞ്ഞുപാളികൾക്കു താഴെ വൻതോതിൽ താപം ഉൽപാദിപ്പിക്കപ്പെടുന്നതായാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ കണ്ടെത്തൽ. അതിനു കാരണമായതാകട്ടെ ഒരു സജീവ അഗ്നിപർവതത്തിന്റെ സാന്നിധ്യവും. 

പൈൻ ഐലന്റിനു കിലോമീറ്ററുകൾ താഴെയാണ് അഗ്നിപർവതത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. എന്നാൽ എത്ര ആഴത്തിലാണ് ഇതെന്നു വ്യക്തമായിട്ടില്ല. പൈൻ ഐലന്റിൽ നടത്തിയ ജലപരിശോധനയിൽ നിന്നാണ് ഇത്തരത്തിലൊരു നിഗമനത്തിലേക്കു ഗവേഷകർ എത്തിയത്. 2014ലാണ് ഒരു കൂട്ടം ഗവേഷകർ പൈൻ ഐലന്റിൽ ഗവേഷണത്തിനെത്തിയത്. സംഘത്തിലെ കെമിക്കൽ ഓഷ്യാനോഗ്രാഫറായ പ്രഫ. ബ്രൈസ് ലൂസ് (റോഡ് ഐലന്റ് യൂണിവേഴ്സിറ്റി) മേഖലയിലെ ജലം വിശദമായി പരിശോധിച്ചു. സമുദ്രജലത്തിലെ താപനില എത്രത്തോളം മഞ്ഞുമലകൾക്കു ദോഷകരമാകുന്നുവെന്നു കണ്ടെത്തുകയായിരുന്നു ലക്ഷ്യം. 

Pine Island Glacier Looking at the Pine Island Glacier from the icebreaker RSS James Clark Ross. Image Credit: Brice Loose/University of Rhode Island.

പക്ഷേ ജലത്തിന്റെ സാംപിളുകളിൽ അദ്ദേഹം കണ്ടെത്തിയത് ഹീലിയവും സിനനും ഉൾപ്പെടെ അഞ്ചു തരം ‘ഉൽകൃഷ്ട’ വാതകങ്ങളുടെ സാന്നിധ്യമായിരുന്നു. ജലത്തിലൂടെ എളുപ്പം ചൂട് കടത്തിവിടുന്നതിലും മഞ്ഞുരുക്കുന്നതിലും ഈ വാതകങ്ങൾ എത്രത്തോളം പങ്കു വഹിക്കുന്നുണ്ടെന്നും പരിശോധിച്ചു. അങ്ങനെയാണ് ഹീലിയം–3യുടെ സാന്നിധ്യവും തിരിച്ചറിയുന്നത്. ‘വോൾക്കാനിക് വാതക’മാണിത്. ഇത് ഉൽപാദിപ്പിക്കപ്പെടുന്നതിനു പിന്നിൽ വോൾക്കാനിക് പ്രവർത്തനമാണെന്നതു വ്യക്തം. അതായത് അന്റാർട്ടിക്കിനു താഴെ തിളച്ചു മറിയുന്ന ഒരു ഭീഷണി ഒളിച്ചിരിപ്പുണ്ട്!

കഴിഞ്ഞ വർഷം എഡിൻബറ സർവകലാശാലയിലെ ഗവേഷകരും സമാനമായ കണ്ടെത്തൽ നടത്തിയിരുന്നു. അന്റാർട്ടിക്കിനു താഴെ കുറഞ്ഞത് നൂറ് അഗ്നിപർവതങ്ങളെങ്കിലും സജീവമായിട്ടുണ്ടെന്നായിരുന്നു അത്. പ്രശസ്തമായ റോസ് ഐസ് ഷെൽഫ് മുതൽ അന്റാർട്ടിക് പെനിൻസുല വരെയുള്ള 3500 കിലോമീറ്റർ ദൂരത്തിലായിരുന്നു ഇവയുടെ സ്ഥാനം. അതേസമയം അന്റാർട്ടിക്കിലെ മഞ്ഞുരുകലിനു പിന്നിൽ അഗ്നിപർവതങ്ങളുടെ സാന്നിധ്യമാണെന്നതിന്റെ നേരിട്ടുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. അതിന് മഞ്ഞുപാളികളുടെ സ്കാനിങ് ഉൾപ്പെടെ കൂടുതൽ പഠനങ്ങൾ വേണമെന്നും ഗവേഷകർ പറയുന്നു. ഇതു സംബന്ധിച്ച സമ്പൂർണ പഠനം നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.