Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിലേക്ക് ഇടിച്ചിറങ്ങുമോ ഏറ്റ്ന വോൾക്കാനോ?; മെഡിറ്ററേനിയൻ തീരത്ത് കൂറ്റന്‍ സൂനാമി ഭീഷണി

Mount Etna Image Credit: Instagram

നോർവെയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഗ്രാമപ്രദേശമാണ് ഗൈറങിർ. ടൂറിസത്തിനു പ്രശസ്തമായ ഇടം. അവിടെ 2015ൽ ഒരു ഭീമൻ സൂനാമിയുണ്ടായി. ഗൈറങ്ങിറിലെ പർവതനിരകളോടു ചേർന്നുള്ള വിള്ളലുകളിലൊന്ന് അടർന്നുവീണതാണു പ്രശ്നമായത്. അതോടെ പടുകൂറ്റൻ പാറകൾ സമീപത്തെ തടാകത്തിലേക്കു പതിച്ചു. 80 മീറ്ററോളം ഉയരത്തിലാണ് അന്ന് തിരമാലകൾ ഉയർന്നത്. ആ ഗ്രാമത്തെ തച്ചു തുടയ്ക്കും വിധമായിരുന്നു സൂനാമിയുടെ വരവ്. ഇത്രയേറെ ഭീമൻ സൂനാമിയുണ്ടായിട്ടും അവിടെ ഒരാളു പോലും കൊല്ലപ്പെട്ടില്ല, ഗ്രാമത്തിനും ഇപ്പോഴും ഒരു കുഴപ്പവുമില്ല. കാരണം ‘ദ് വേവ്’ എന്ന സിനിമയിലായിരുന്നു ഈ സംഭവം. യഥാർഥത്തിൽ എന്നെങ്കിലുമൊരിക്കൽ നടക്കും എന്നു ശാസ്ത്രലോകം ഭയക്കുന്ന സംഭവത്തെയാണ് സംവിധായകൻ റോർ ഉത്തൗഗ് സിനിമയാക്കിയത്.

കടലിന്നടിയിൽ ഭൗമപാളികൾക്കുണ്ടാകുന്ന ചലനങ്ങളാണു മിക്കവാറും സൂനാമിക്കു കാരണമാകുന്നത്. എന്നാൽ  ഗൈറങിർ ഉൾപ്പെടെയുള്ള പല പ്രദേശങ്ങളും പർവതഭാഗങ്ങൾ ഇടിഞ്ഞുവീണ് സൂനാമിയുണ്ടാകുന്നതിന്റെ ഭീഷണിയിലാണ്. ഇവിടങ്ങളിൽ പർവതങ്ങളിലെ നേരിയ ചലനം പോലും തിരിച്ചറിയാൻ വിള്ളലുകളിൽ പ്രത്യേകം ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. മെഡിറ്ററേനിയൻ സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപായ സിസിലിയിലുള്ള മൗണ്ട് ഏറ്റ്ന എന്നറിയപ്പെടുന്ന അഗ്നിപർവതവും ഇത്തരത്തിൽ ഒരു സൂനാമി ഭീഷണി ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ഒരു വൻ പ്രദേശത്തെ തന്നെ ഇല്ലാതാക്കാൻ തക്ക വിധമുള്ള ആ സൂനാമി ഏതുനിമിഷം വേണമെങ്കിലും ഉണ്ടാകാമെന്നാണു ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. അക്കാര്യമാകട്ടെ എപ്പോൾ സംഭവിക്കുമെന്നു പ്രവചിക്കാനുമാകില്ല. 

Mount Etna Image Credit: Instagram

പേടിപ്പെടുത്തുന്ന വിധത്തിൽ ഏറ്റ്ന പർവതത്തിന്റെ ഒരു ഭാഗം സമുദ്രത്തിലേക്കു താഴ്ന്നു കൊണ്ടിരിക്കുകയാണ്. ദശാബ്ദങ്ങളായി ഇക്കാര്യം സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന് ജർമൻ ഓഷ്യൻ റിസർച്ചിലെ ഗവേഷകർ വ്യക്തമാക്കുന്നു. പ്രതിവർഷം 14 മില്ലിമീറ്റര്‍ എന്ന കണക്കിനാണ്  ഏറ്റ്ന പർവതത്തിന്റെ തെക്കുകിഴക്കൻ ഭാഗം സമുദ്രത്തിലേക്കു താഴുന്നത്. അഗ്നിപർവതത്തിനകത്തെ മാഗ്മയുടെ സമ്മർദഫലം കൊണ്ടാണ് ഇതെന്നായിരുന്നു ഇത്രയും കാലത്തെ നിഗമനം.ഇതിനെപ്പറ്റി പഠിക്കാൻ 2016 ഏപ്രിലിൽ ഗവേഷകർ കടലിന്റെ അടിത്തട്ടിൽ അഞ്ച് ട്രാൻസ്പോണ്ടറുകൾ സ്ഥാപിച്ചു. പരസ്പരം ബന്ധിപ്പിച്ച നിലയിലായിരുന്നു ഇവ. ഓരോ ഒന്നര മണിക്കൂർ ഇടവിട്ടും ഈ ട്രാൻസ്പോണ്ടറുകൾ പരസ്പരം ശബ്ദതരംഗങ്ങൾ അയയ്ക്കും. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് തരംഗങ്ങൾ എത്തുന്നതിനെടുക്കുന്ന സമയവും വിലയിരുത്തും. ഇതിൽ നിന്നാണ് കടലിന്നടിയിലെ പാളികളുടെ ചലനം മനസ്സിലാക്കിയിരുന്നത്. 

അസാധാരണമായ ചലനമുണ്ടായാൽ ട്രാൻസ്പോണ്ടറുകൾ തമ്മിലുള്ള സിഗ്നൽദൂരവും വൈകുമെന്നതായിരുന്നു കണക്കുകൂട്ടൽ. ഒരു വർഷത്തേക്ക് യാതൊന്നും സംഭവിച്ചില്ല. എന്നാല്‍ കഴിഞ്ഞ വർഷം മേയ് 12 മുതൽ 20 വരെ അസാധാരണമാം വിധം പര്‍വതത്തിന്റെ ഒരു ഭാഗം കടലിന്നടിയിലേക്കു താഴ്ന്നു. അതായത്, ഏകദേശം നാലു സെന്റിമീറ്റർ. അതോടെ ഒരു കാര്യം വ്യക്തമായി. ഏറ്റ്നയുടെ തെക്കുകിഴക്കൻ ഭാഗം ഭൂഗുരുത്വബലം കാരണം അസ്ഥിരമായിരിക്കുന്നു. ഏതു നിമിഷം വേണെങ്കിലും ഈ ഭാഗം സമുദ്രത്തിലേക്കു തകർന്നു വീഴാം, അല്ലെങ്കില്‍ ആഴത്തിലേക്കിറങ്ങിച്ചെല്ലാം! ഈ ചലനത്തിനു മാഗ്മയുമായി യാതൊരു ബന്ധവുമില്ലതാനും. 

പർവതത്തിന്റെ തെക്കൻഭാഗം തകർന്നാൽ വൻതോതിൽ മാഗ്മയും പാറക്കൂട്ടവുമായിരിക്കും സമുദ്രത്തിലേക്കു വീഴുക. മൊത്തം മെഡിറ്ററേനിയൻ പ്രദേശത്തെയും ബാധിക്കുന്ന വിധം പടുകൂറ്റൻ സൂനാമിയായിരിക്കും ഇതിന്റെ ഫലം. 9843 അടി ഉയരമുള്ള മൗണ്ട് ഏറ്റ്ന ലോകത്തിലെ ഏറ്റവും സജീവ അഗ്നിപർവതങ്ങളിലൊന്നാണ്. നിലവിലെ പർവതത്തിന്റെ പതിയെയുള്ള ചലനം പേടിപ്പിക്കുന്നതല്ല. എന്നാൽ പർവതത്തിന്റെ തെക്കൻഭാഗം അസ്ഥിരമായ നിലയ്ക്ക് ഏതുനിമിഷവും ഒരു വൻ ദുരന്തം തന്നെ സംഭവിക്കാം. മെഡിറ്ററേനിയൻ കടലിനോടു ചേർന്നുള്ള സിസിലിയുടെ പ്രദേശങ്ങളെയായിരിക്കും സൂനാമി ഏറ്റവുമധികം ബാധിക്കുക. നിലവിലെ സാഹചര്യത്തിൽ ഏറ്റ്നയുടെ തെക്കൻ ഭാഗത്തെ ചലനങ്ങൾ തുടർച്ചയായി നിരീക്ഷിക്കാനാണു ഗവേഷകരുടെ തീരുമാനം.വിശദമായ പഠനം സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.