Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട്ടിൽ നാശം വിതച്ച് ‘ഗജ’ ചുഴലിക്കാറ്റ്

തമിഴ്നാട്ടിൽ വ്യാപക നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്. നാഗപള്ളത്തിനും വേദാരണ്യത്തിനും ഇടയിലൂടെ മണിക്കൂറിൽ 120 കിലോ മീറ്റർ വേഗത്തിലാണ് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഗജ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ  മരണം 16. കടലൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി ഒരാൾ മരിച്ചു. വിരുതാചലത്ത് മതിൽ ഇടിഞ്ഞുവീണാണു സ്ത്രീ മരിച്ചത്. അതേസമയം, ശക്തമായ കാറ്റിൽ വീടുതകർന്നുവീണ് പുതുക്കോട്ടയിൽ നാലുപേരു മരിച്ചത്.

Cyclone Gaja Hits Tamil Nadu

നിരവധി വീടുകൾ തകർന്നു. മരങ്ങള്‍ കടപുഴകി. 76,290 പേരെ ഇതിനകം തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. നാഗപട്ടണം, പുതുകോട്ട, രാമന്തപുരം, തിരുവാരുർ തുടങ്ങിയ ജില്ലകളിലാണ് ക്യാംപുകൾ തുറന്നിരിക്കുന്നത്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

cyclone Gaja

മണിക്കൂറിൽ 100–110 കിലോ മീറ്റർ വേഗതയിൽ വീശിയ ചുഴലിക്കാറ്റ് നാഗപട്ടണത്തിനും വേദാരണ്യത്തിനും ഇടയിലൂടെ തമിഴ്നാടും പുതുച്ചേരിയും കടന്നുവെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ കാറ്റിന്റെ മുഴുവൻ പ്രശ്നങ്ങളും അവസാനിക്കാൻ ഇനിയും മണിക്കൂറുകൾ എടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ ജനറൽ എസ്.ബാലചന്ദ്രൻ അറിയിച്ചു. തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നാലു സംഘത്തെ നാഗപട്ടണത്തിന് നിയോഗിച്ചിട്ടുണ്ട്. രണ്ടു സംഘം കൂഡല്ലൂരിലും നിലയുറപ്പിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ പ്രവേശിച്ച ഗജ ചുഴലിക്കാറ്റ് തീവ്രന്യുനമര്‍ദമായി ശക്തി കുറഞ്ഞു മധ്യകേരളത്തിലൂടെ, കിഴക്കുനിന്നും പടിഞ്ഞാറു ദിശയില്‍, തമിഴ്നാട്ടില്‍നിന്നും അറബിക്കടലിലേക്കു സഞ്ചരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


ഗജ തീരത്തോടടുക്കുന്നതിനു മുന്നോടിയായി നാഗപട്ടണം, കടലൂർ ജില്ലകളിൽ എഴുപതിനായിരത്തിലേറെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചിരുന്നു. കടലിനോടു ചേർന്നു താമസിക്കുന്നവർ, താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ, ചെറിയ കുടിലുകളിലും ഉറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിലും താമസിക്കുന്നവർ എന്നിവരെയാണ് ഒഴിപ്പിച്ചത്. രണ്ടു ജില്ലകളിലുമായി മുന്നൂറിലേറെ താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങൾ സജ്ജമാക്കിയിരുന്നു.

ട്രെയിനുകൾ റദ്ദാക്കി

ഇന്നു മയിലാടുതുറൈ വഴി പുറപ്പെടേണ്ട എല്ലാ ട്രെയിനുകളും റദ്ദാക്കി. രാമേശ്വരത്തേക്കുള്ളതും തിരിച്ചുമുള്ള ട്രെയിനുകൾ വിരുദാചലം വഴി തിരിച്ചുവിടും.

സ്കൂൾ അവധി

തമിഴ്നാട്ടിൽ കടലൂർ, നാഗപട്ടണം, രാമനാഥപുരം, തിരുവാരൂർ, പുതുക്കോട്ട, തഞ്ചാവൂർ ജില്ലകളിൽ ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. പുതുച്ചേരിയിലെ കാരയ്ക്കലിലും അവധിയുണ്ട്. തമിഴ്നാട്ടിലെ ഏഴു ജില്ലകളിലും ഇന്നലെ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു വൈകിട്ടു നാലുമുതൽ അവധി നൽകി. അണ്ണാ, അഴഗപ്പാ, മധുര  സർവകലാശാലകൾ ഇന്നലെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചു.

വൈദ്യുതി കട്ട്

cyclone-gaja

ഗജ ബാധിക്കാൻ സാധ്യതയുള്ള ഏഴു ജില്ലകളിലും ഇന്നലെ രാത്രി എട്ടുമണിയോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അപകട സാധ്യത കണക്കിലെടുത്തു മുൻകരുതലെന്ന നിലയിലാണു നടപടി. ജനറേറ്ററുകളും ടോർച്ചുകളും ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്. മൊബൈൽ ഫോണുകൾ പരമാവധി ചാർജ് ചെയ്തു വയ്ക്കാൻ നേരത്തേ നിർദേശം നൽകിയിരുന്നു. എല്ലാ ജില്ലകളിലും പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തിച്ചുതുടങ്ങി.

സെൽഫിക്ക് പൂട്ട്

രാമനാഥപുരം, കടലൂർ ജില്ലകളിൽ ഇന്നലെ ഉച്ചമുതൽ തിരമാലകൾക്കു ശക്തി കൂടി. ഒരു മീറ്റർവരെ ഉയരത്തിൽ തിരമാലയടിക്കാൻ സാധ്യതയുണ്ടെന്ന പ്രവചനമുണ്ടായിരുന്നു. തുടർന്ന്, ഉച്ചമുതൽ എവിടെയും കടൽത്തീരത്തേക്കു സന്ദർശകരെ അനുവദിച്ചില്ല. എല്ലാ സ്ഥലത്തും കനത്ത പൊലീസ് സന്നാഹം വിന്യസിച്ചിരുന്നു. ഇതിനിടെ, ഉയരുന്ന തിരമാലകളുടെ പശ്ചാത്തലത്തിൽ സെൽഫിയെടുക്കാനായി ഒട്ടേറെപ്പേരെത്തി. ആരെയും കടൽത്തീരത്തേക്കു കടത്തിവിട്ടില്ല. ചെന്നൈയിൽ മറീനയിലുൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ധനുഷ്കോടി നിശ്ശബ്ദം

cyclone-gaja-fishing-boats

രാമേശ്വരത്തിനു സമീപം ധനുഷ്കോടിയിൽ ഇന്നലെ പകൽ മുഴുവൻ കടൽ പതിവിലും ശാന്തമായിരുന്നു. ഈ അപൂർവ നിശ്ശബ്ദത നല്ല ലക്ഷണമല്ലെന്ന ആശങ്കയിലാണു പ്രദേശവാസികൾ. ഉച്ചയോടെ പ്രദേശത്തുനിന്ന് ആൾക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. ധനുഷ്കോടിയിലേക്ക് ഇന്നലെ വിനോദസഞ്ചാരികളെ കടത്തിവിട്ടില്ല.

സജ്ജം കോസ്റ്റ് ഗാർഡ്

ഗജയെത്തുടർന്നുള്ള സാഹചര്യങ്ങൾ നേരിടാൻ സർവസജ്ജമായി കോസ്റ്റ് ഗാർഡ്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നതു തടയുന്നതിനായി ഏഴു ജില്ലകളിലും തീരപ്രദേശങ്ങളിൽ ഇന്നലെ രാവിലെമുതൽ കോസ്റ്റ് ഗാർഡിനെ വിന്യസിച്ചിരുന്നു. എട്ട് ഐസിജി കപ്പലുകളും രണ്ടു ഡോർണിയർ എയർക്രാഫ്റ്റുകളും വഴി, മുന്നറിയിപ്പു കിട്ടുന്നതിനു മുൻപു കടലിൽ പോയവർക്കു  വിവരം നൽകി. സംസ്ഥാനത്തു കടലിൽ പോയ മൽസ്യത്തൊഴിലാളികളെല്ലാം ഇതിനകം തിരിച്ചെത്തിയെന്നാണു കണക്ക്.

ബസ് നിർത്തി  പുതുച്ചേരി

പുതുച്ചേരിയിൽ ഇന്നലെ ഉച്ചയോടെ കടൽ പ്രക്ഷുബ്ധമായി. രാത്രി എട്ടുമണിയോടെ കനത്ത മഴ തുടങ്ങി. ഇതിനെത്തുടർന്നു ചെന്നൈയിലേക്കുൾപ്പെടെയുള്ള ബസുകൾ സർവീസ് നിർത്തി. പുതുച്ചേരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് അവധി പ്രഖ്യാപിച്ചു. സർവകലാശാലാ പരീക്ഷകൾ റദ്ദാക്കി.

പുലർച്ചെ നാഗപട്ടണത്തിന്തെക്ക് കരയിലേക്ക്;വേഗം 120 കിലോമീറ്റർ വരെ

∙ഗജ ചുഴലി തീരത്തോട് അടുക്കുന്നു.  രാത്രി 10 മണിയിലെ കണക്കുപ്രകാരം നാഗപട്ടണത്തു നിന്നു 95 കി.മീറ്റർ അകലെ.

∙ പുലർച്ചെ രണ്ടു മണിയോടെ നാഗപട്ടണത്തിനു തെക്കു കരയിലേക്കു കടക്കും. 100 മുതൽ120  കി.മീറ്റർ വേഗത്തിൽ കരയിൽ 

മുന്നൊരുക്കങ്ങൾ

∙ ടോൾ ഫ്രീ നമ്പർ - 1077

∙  35,000 രക്ഷാപ്രവർത്തകർ സജ്ജം

∙ അൻപതിലധികം ലോങ് റേഞ്ച്    ടോർച്ച് ലൈറ്റുകൾ 

∙ ആയിരത്തിലധികം ടോർച്ച് ലൈറ്റുകൾ 

∙ 1000 ലൈഫ് ജാക്കറ്റുകൾ 

∙ 600 ജെസിബികൾ

∙ 500 ജനറേറ്ററുകൾ 

∙ 550 ഈർച്ചവാളുകൾ

∙ ഒരുലക്ഷം മണൽച്ചാക്കുകൾ കടലൂർ,  നാ‍ഗപട്ടണം ജില്ലകളിൽ മാത്രമായി 

∙1056 ടൺ പഞ്ചസാര, 7504 ടൺ അരി

∙ 28 ഷെൽട്ടറുകൾ, 14 മൾട്ടി പർപ്പസ്  സെന്ററുകൾ, 191 കമ്യൂണിറ്റി സെന്ററുകൾ 

∙ 219 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ,  10 സർക്കാർ ജനറൽ ആശുപത്രികൾ

∙ 13 മെഡിക്കൽ സംഘങ്ങൾ,   41 ആംബുലൻസുകൾ

∙ കന്നുകാലികൾക്കായി 820 കേന്ദ്രങ്ങൾ

∙കടലൂരിൽ ഗജ വിവരങ്ങൾക്കായി പ്രത്യേക എഫ്എം റേഡിയോ- 107.8