Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റരാത്രി കൊണ്ട് ‘വേലി’ ചാടിയ ഗജ, പിന്നാലെ ‘പെയ്തി’!

വർഗീസ് സി. തോമസ്
Gaja Cyclone

ഗജ ചുഴലിക്കാറ്റിന്റെ പിന്തുടർച്ചയായി ലക്ഷദ്വീപ് കടലിൽ വീണ്ടുമൊരു ചുഴലിക്കാറ്റ് രൂപമെടുക്കുന്നു.’  ഇത് ചുഴലിയുടെ രൂപമാർജിക്കുമെന്നാണ് ന്യൂഡൽഹി കാലാവസ്ഥാ കേന്ദ്രത്തിലെ സൈക്ലോൺ വാണിങ് സെന്റർ നൽകുന്ന സൂചന. ലക്ഷദ്വീപിൽ കനത്ത മഴയും കാറ്റും അനുഭവപ്പെടും. ദ്വീപും കടന്ന് ചുഴലി പടിഞ്ഞാറേക്കു പോയി ഒമാൻ തീരത്ത് എത്താനാണ് സാധ്യത. പുതിയ ചുഴലിക്കാറ്റ് യാഥാർഥ്യമായാലുടൻ പേരും തയാറാണ്. തായ്‌ലൻഡ് നിർദേശിച്ച പെയ്തി എന്ന പേരാവും പുതിയ ചുഴലിക്കു നൽകുക.

മണിക്കൂറിൽ 100 കിലോമീറ്ററിലധികം ശക്തമായ കാറ്റിനു സാധ്യതയുള്ളതായി ആർഎസ്എംസി ശാസ്ത്രജ്ഞ നീത കെ. ഗോപാൽ വിശദീകരിച്ചു. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മൽസ്യബന്ധനം നിർത്തിവച്ച് ഉടൻ കരയിലേക്കു മടങ്ങാൻ മൽസ്യത്തൊഴിലാളികൾക്കു നിർദേശം നൽകണമെന്ന് കേരളം, ലക്ഷദ്വീപ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കുള്ള സന്ദേശത്തിൽ കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.

cyclone-gaja

തമിഴ്നാടിനെ കശക്കിയെറിഞ്ഞ ശേഷം പെയ്തടങ്ങി ന്യൂനമർദമായി മാറി കേരളത്തിനു മുകളിലൂടെ വേലി ചാടി ഒറ്റരാത്രി കൊണ്ട് അറബിക്കടലിലെത്തിയ ഗജ ചുഴലിക്കാറ്റ് അദ്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്.

ഒരു ചുഴലി കേരളത്തിലേക്കു ‘വേലി’ ചാടുന്നത് അപൂർവമാണ്. കേരളത്തിന്റെ കാലാവസ്ഥാ ചരിത്രം പഠിക്കുന്നവർക്ക് ഗജ ഭാവിയിലേക്കുള്ള സൂചനയാണ്. ബംഗാൾ ഉൾക്കടലിൽ രൂപമെടുക്കുന്ന ചുഴലിക്കാറ്റുകൾ തമിഴ്നാടിനു മുകളിലൂടെ  കേരളത്തിലേക്കും വരാമെന്ന സാധ്യതയാണ് അത്. പശ്ചിമഘട്ടമെന്ന വേലി കടക്കാനും മാത്രമുള്ള കരുത്ത് ചുഴലികൾ ആർജിച്ചു കഴിഞ്ഞു. കാലാവസ്ഥാ മാറ്റം മൂലം വർധിച്ചു വരുന്ന ചൂടിന്റെ ഫലമായി ലോകമെങ്ങും ചുഴലികളുടെ സംഹാരശേഷി വർധിച്ചു. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല.

Cyclone-Gaja

തീവ്ര ചുഴലിക്കാറ്റായ ഗജ കേരളത്തിനു മീതേ കെട്ടഴിച്ചത് മറ്റൊരു ദുരന്ത സാധ്യത. ഓഖിക്കും മഹാപ്രളയത്തിനും ശേഷം കേരളത്തിനു നേരെ നിറയൊഴിക്കാനെത്തിയ മഴമേഘങ്ങൾ സൃഷ്ടിച്ച മറ്റൊരു ദുരന്തത്തിന്റെ പിടിയിൽനിന്നു കേരളം രക്ഷപ്പെട്ടത് കഷ്ടിച്ച്.  ദുരന്തങ്ങളെ നേരിടുന്നതിൽ കേരളം വേണ്ടത്ര സജ്ജമാണോയെന്ന സംശയം ബാക്കിനിൽക്കുന്നു; ഇടുക്കി ഉൾപ്പെടെ അഞ്ചോളം ജില്ലകളിൽ മ‍ഞ്ഞ അലർട്ട് നൽകി അധികൃതർ ജാഗ്രത പാലിച്ചുവെങ്കിലും.

തമിഴ്നാട്ടിലെ നാഗപട്ടണം– വേളാങ്കണ്ണി തീരത്തുകൂടി വെള്ളി പുലർച്ചെ രണ്ടിനു ഗജ കരയിലേക്കു കയറിയ രാത്രിസമയത്തുതന്നെ കേരളത്തിന്റെ പല ഭാഗത്തും മഴ എത്തിയിരുന്നു. അത്രയ്ക്കു വിസ്തൃതിയുണ്ടായിരുന്നു ഗജയുടെ തുമ്പിക്കൈക്ക്. കരയിലേക്കു കയറിയിട്ടും ഗജയുടെ പക അടങ്ങിയില്ലെന്നു വേണം അനുമാനിക്കാൻ. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ വീശിയാണ് കാറ്റ് തമിഴ്നാടിന്റെ തീരദേശത്തെ വെള്ളിയാഴ്ച പുലർച്ചെ ഉണർത്തിയത്. കൊച്ചിക്ക് 20 കിലോമീറ്റർ വടക്ക് തീവ്ര ന്യൂനമർദമായി ഗജ രാത്രിയും നിലകൊണ്ടു. അറബിക്കടലിലേക്കിറങ്ങി പിന്നീട് ന്യൂനമർദമായി മാറിയെന്ന് ന്യൂഡൽഹി കാലാവസ്ഥാ കേന്ദ്രം പറയുന്നു.

കടലിലൂടെ സഞ്ചരിച്ച് ഈർപ്പം വലിച്ചെടുത്താണ് ചുഴലികൾ കരുത്താർജിക്കുന്നത്. സമുദ്രോപരിതല താപനിലയുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. കരയിലേക്കു കയറുന്നതോടെ വീശിയടിക്കുകയാണ് പതിവ്.  ഏതാനും മണിക്കൂറുകൾകൊണ്ട് കനത്ത മഴയും കാറ്റും ചൊരിഞ്ഞ് കെട്ടടങ്ങും. ചുഴലിക്കാറ്റ് ന്യൂനമർദമായി ശോഷിക്കയും ചെയ്യും. സാധാരണ 300 കിലോമീറ്റർ വരെയാണ് ഒരു ചുഴലിക്കാറ്റിന്റെ വൃത്തപരിധി. ഇതിന്റെ  നടുവിലാണു കണ്ണായ ഭാഗം. ഏറ്റവും ശക്തമായ, കാറ്റും ജലവും വലിച്ചുകുടിച്ച് നാശം വിതയ്ക്കുന്ന ഭാഗം കണ്ണാണ്. ഇതിനു ചുവടെ വരുന്ന ഭൂപ്രദേശത്തെ ചുഴലിക്കാറ്റ് കശക്കിയെറിയും.

ഗജയുടെ കണ്ണ് ഏകദേശം അഭിരാമിപ്പട്ടണത്തിനു മുകളിലായിരുന്നു. എന്നാൽ പതിവിലും കൂടുതൽ സമയം ഗജയുടെ  കണ്ണുരുട്ടൽ തുടർന്നു എന്നാണു കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. ഇത് കൂടുതൽ നാശനഷ്ടങ്ങൾക്കു കാരണമായി. തമിഴ്നാട് സർക്കാർ എല്ലാ മുൻകരുതലുകൾ സ്വീകരിച്ചിട്ടും മരണസംഖ്യ മുപ്പതോട് അടുത്തു. എന്നാൽ ഒഡീഷയിൽ വീശിയടിച്ച ചുഴലിയിൽ മരണം ഇതിലും താഴെ മാത്രമായിരുന്നു. ദുരന്തം നേരിടുന്നതിൽ തമിഴ്നാടിനെക്കാൾ സാമർഥ്യം ഇപ്പോൾ ഒഡീഷയ്ക്കാണെന്നു ചുരുക്കം.

നവംബർ ആദ്യവാരം മുതൽ വരണ്ട കാലാവസ്ഥയും കോടമഞ്ഞും അനുഭവപ്പെട്ട കേരളം വ്യാഴാഴ്ച ഇരുട്ടിവെളുത്തപ്പോൾ ഒറ്റരാത്രി കൊണ്ടാണ് മഴയുടെ കൂടാരമായത്.  മൂടിക്കെട്ടിയ ആകാശവും നട്ടുച്ചയ്ക്കും ഇരുണ്ടു മൂടിയ കാലാവസ്ഥയും കേരളത്തിനു പുതിയ അനുഭവമായി. കുളിരും മഞ്ഞും നിറഞ്ഞ വൃശ്ചിക പുലരിക്കു പകരം ചാറ്റൽ മഴയുടെ ഈർപ്പം നിറഞ്ഞ പ്രഭാതം. എത്ര പെട്ടെന്നാണ് കാലാവസ്ഥ മാറുന്നത്.

18 ന് വീണ്ടുമൊരു ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടും. ഇത് 19 മുതൽ 23 വരെ മഴയ്ക്കു കാരണമാകും. 18ന് വൈകുന്നേരം വരെ തെക്കു പൊഴിയൂർ മുതൽ കാസർകോട് വരെ കടൽതീരത്ത് ജാഗ്രത പുലർത്തണം. തിരകളുടെ ഉയരം രണ്ട് മീറ്റർ വരെ ഉയരാം.