Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിടിച്ചെടുത്ത 2,196 കിലോ ഇറച്ചി; ആടിനെ പട്ടിയാക്കിയോ?

ചെന്നൈ എഗ്‌മൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു പിടിച്ചെടുത്ത 2,196 കിലോ ഇറച്ചിയുടെ പരിശോധനാ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും റിപ്പോർട്ട് ലഭിക്കാതെ പിടിച്ചെടുത്തതു പട്ടിയിറച്ചിയാണോ എന്നു പറയാൻ സാധിക്കില്ലെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ്. ആട്ടിറച്ചി എന്ന പേരിൽ വടക്കേ ഇന്ത്യയിൽനിന്ന് എത്തിച്ചതു പട്ടിയിറച്ചിയാണെന്നു സംശയം ഉയർന്നതിനെ തുടർന്നാണു സാംപിളുകൾ പരിശോധനയ്ക്ക് അയച്ചത്. ഇറച്ചി എവിടെ നിന്നാണു തമിഴ്നാട്ടിൽ എത്തിച്ചതെന്നും അന്വേഷിക്കും.

കഴിഞ്ഞ ശനിയാഴ്ച്ച മന്നാർഗുഡി–ഭഗത് കി കോത്തി എക്സ്പ്രസിലാണ് ഇവ എഗ്‌മൂറിൽ എത്തിയത്. പാഴ്സലുകളിൽ നിന്നു ദുർഗന്ധം ഉയർന്നതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇറച്ചി പിടികൂടിയത്. സാംപിളുകൾ എടുത്ത ശേഷം ഇവ സംസ്കരിച്ചു. വെപ്പേരിയിലെ മദ്രാസ് വെറ്ററിനറി കോളജിലെ മീറ്റ് സയൻസ് വിഭാഗത്തിലാണ് സാംപിളുകൾ പരിശോധനയ്ക്ക് അയച്ചത്.

പട്ടിയിറച്ചിയാണെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പു കണ്ടെത്തിയെന്ന പ്രചാരണം തെറ്റാണെന്നും ഭക്ഷ്യ സുരക്ഷാ ഓഫിസർ ഡോ.കതിരവൻ പറഞ്ഞു. പാഴ്സൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകണമെന്നു കാണിച്ചു റെയിൽവേ അധികാരികൾക്കു കത്തു നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൃത്യമായ ശീതീകരണ സംവിധാനമില്ലാതെ കയറ്റി അയച്ചതിനാലാണ് ഇറച്ചി അഴുകിയതെന്നു നേരത്തേ കണ്ടെത്തിയിരുന്നു. രാജസ്ഥാനിലെ ജോദ്പുരിൽ നിന്നാണു മാംസം കയറ്റി അയച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ആട്ടിറച്ചി എന്ന വ്യാജേന പട്ടിയിറച്ചി എത്തിച്ചു കുറഞ്ഞ വിലയ്ക്കു ഹോട്ടലുകളിൽ വിതരണം ചെയ്യുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു.

മാസങ്ങൾക്കു മുൻപ് ഇതേ രീതിയിൽ നഗരാതിർത്തിയിലെ വഴിയോര ഭക്ഷണ ശാലകളിൽ നാടോടികളിൽ നിന്നു പൂച്ചയിറച്ചി വാങ്ങി ആട്ടിറച്ചി വിഭവങ്ങളായി വിറ്റതായും പരാതി ഉയർന്നിരുന്നു. ഇത്തരം സംഭവങ്ങൾ തടയാൻ അനധികൃത ഇറച്ചി വിൽപനയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടി സ്വീകരിക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.

വാൽ കണ്ട് വിധിക്കരുത് ∙ ഇറച്ചിയിൽ വാലിന്റെ രൂപം ചൂണ്ടിക്കാട്ടി പട്ടിയിറച്ചിയാണെന്നു പറയുന്നതിൽ കാര്യമില്ലെന്നു ഇറച്ചി വ്യാപാരികൾ. വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും പരിശോധനാ ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കണമെന്നും ഇറച്ചി വിൽപനക്കാരുടെ സംഘടനയായ തമിഴ്നാട് മീറ്റ് സെയിലേഴ്സ് ആൻഡ് വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.

പട്ടിയിറച്ചിയല്ലെന്നു പാഴ്സൽ ഉടമയായ ഷക്കീല ഭാനു എന്ന സ്ത്രീ ഉദ്യോഗസ്ഥരെ നേരിട്ടെത്തി അറിയിച്ച സാഹചര്യത്തിൽ വ്യാജ പ്രചാരണങ്ങൾ തടയാൻ നടപടിയെടുക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ഇറച്ചി പിടിച്ചെടുത്ത സംഭവം പുറത്തു വന്നതിനു പിന്നാലെ ഇറച്ചി വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നും കച്ചവടക്കാർ പറഞ്ഞു. ജനങ്ങൾക്കിടയിൽ ആശങ്ക പരത്തി മാംസ വ്യാപാര മേഖലയെ തകർക്കരുതെന്നും ആവശ്യപ്പെട്ടു.

വിൽപന കുത്തനെ കുറഞ്ഞു ∙ പട്ടിയിറച്ചി വാർത്ത പ്രചരിച്ചതോടെ മട്ടൻ, ബീഫ് വിഭവങ്ങൾ ആർക്കും വേണ്ട. വിൽപന 50 ശതമാനത്തിൽ അധികം ഇടിഞ്ഞെന്നു ഹോട്ടൽ ഉടമകൾ പറഞ്ഞു. ബിരിയാണി സ്ഥിരമായി കഴിക്കുന്നവർ മട്ടനും, ബീഫും ഒഴിവാക്കി ചിക്കൻ ബിരിയാണിയിലേക്കു തിരിഞ്ഞു. ആവശ്യക്കാർ കൂടിയതായി കോഴിക്കച്ചവടക്കാരും പറയുന്നു. കോഴിക്കറിക്കും മീൻ, മുട്ട വിഭവങ്ങൾക്കുമാണ് ഇപ്പോൾ ഹോട്ടലുകളിൽ ആവശ്യക്കാർ ഏറെ. 

വാൽ കണ്ടാൽ അറിയാം ∙ പുറത്തുവന്ന ഇറച്ചിയുടെ ചിത്രങ്ങളിലെ വാൽ പട്ടിയുടേതിനു സമാനമാണ്. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഇറച്ചി കഴിച്ചിരുന്നു. ഇപ്പോൾ മട്ടൺ, ബീഫ് വിഭവങ്ങൾ വാങ്ങാൻ മടിയുണ്ട്. ഇറച്ചിക്കടയിൽ നിന്നു വാങ്ങിയാലും പട്ടിയിറച്ചിയല്ലെന്ന് എന്താണ് ഉറപ്പ്? –ജോർജ് മാത്യു, റിട്ട.സർക്കാർ ഉദ്യോഗസ്ഥൻ.

കോഴിയിറച്ചിയാണ് ബെസ്റ്റ് ∙ പൊന്നു ചേട്ടാ ഇങ്ങനെ ഒരു വാർത്ത പരന്നാൽ പിന്നെ ആരു വാങ്ങും ഇറച്ചി. പരിചയമുള്ള കടകളിൽ നിന്നു പോലും മട്ടണോ, ബീഫോ വാങ്ങാൻ ഭയമാണ്. കഴിഞ്ഞ ആഴ്ച മുതൽ കോഴി ഇറച്ചിയിലേക്കു മാറി. –ഇ.കെ.നൗഫൽ, വിദ്യാർഥി.

പരിശോധന വേണം ∙ പട്ടിയിറച്ചി അഭ്യൂഹം പരന്നതിനു പിന്നാലെ ഞാനും സുഹൃത്തുക്കളും ഇറച്ചി വിഭവങ്ങൾ ഒഴിവാക്കി. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വിശദീകണം ഇറക്കാത്തത് ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. കോഴി ഉൾപ്പെടെ ഒരു മാംസാഹാരവും വിശ്വസിച്ചു കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്. വിൽപനയ്ക്കെത്തുന്നതും ഹോട്ടലുകളിൽ സൂക്ഷിക്കുന്നതുമായ ഇറച്ചികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സ്ഥിരം സംവിധാനം വേണം. –കെ.ആർ.രാഹുൽ, ഐടി ജീവനക്കാരൻ.

പട്ടിയെ കടിക്കുമോ? ∙ മട്ടൺ, ബീഫ് വിഭവങ്ങൾക്ക് രണ്ടു ദിവസമായി ആവശ്യക്കാരില്ല. നഗരത്തിൽ വലിയ തോതിൽ പട്ടിയിറച്ചി പിടികൂടിയതായുള്ള അഭ്യൂഹം പരന്നതിനു പിന്നാലെ മട്ടൻ വാങ്ങി സൂക്ഷിക്കുന്നത് നിർത്തി. കാശു മുടക്കി പട്ടിയെ കടിക്കണോ എന്നാണു പതിവുകാരുടെ പരിഹാസം. ചിക്കൻ വിഭവങ്ങൾക്കാണ് ഇപ്പോൾ കൂടുതൽ ആവശ്യക്കാരുള്ളത്. പട്ടിയിറച്ചി പ്രചാരണം ഏതാനും ആഴ്ചകൾകൂടി ഇറച്ചി വിൽപനയെ ബാധിക്കുമെന്നാണു കരുതുന്നത്. –മണികണ്ഠൻ, ഹോട്ടൽ ഉടമ.


പട്ടിയിറച്ചി വിവാദം: ഒരാൾ അറസ്റ്റിൽ

എഗ്‍മൂർ റെയിൽവേ സ്റ്റേഷനിൽ പട്ടിയിറച്ചിയെന്നു സംശയിക്കുന്ന 2,196 കിലോ ഇറച്ചി പിടികൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൊണ്ടയാർപേട്ട് ജീവൻനഗർ സ്വദേശിയായ ജി.ജയ്ശങ്കർ (51) ആണ് അറസ്റ്റിലായത്. ഇയാൾ ഡെലിവറി ഏജന്റാണ്. റെയിൽവേ നിയമപ്രകാരം ആർപിഎഫ് ആണ് ജയ്ശങ്കറിനെ അറസ്റ്റ് ചെയ്തത്. മീൻ എന്ന വ്യാജേനയാണ് ഇയാൾ പാഴ്സൽ ചെന്നൈയിൽ എത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 

ഇയാളെ ദക്ഷിണ റെയിൽവേ മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽവിട്ടു. കേസിലെ രണ്ടാം പ്രതി ഗണേശൻ എന്നയാൾക്കായി തിരച്ചിൽ ആരംഭിച്ചു. പാഴ്സൽ കയറ്റി അയച്ച ജോധ്പുർ സ്വദേശിയെത്തേടി പ്രത്യേക ആർപിഎഫ് സംഘം രാജസ്ഥാനിലേക്ക് തിരിച്ചു.

പരിശോധന ഫലം വൈകും

∙ പിടികൂടിയ ഇറച്ചി സാംപിൾ പരിശോധനാ ഫലം അറിയാൻ മൂന്നു ദിവസം കൂടി കാത്തിരിക്കണം. ആട്ടിറച്ചിയാണോ, പട്ടിയിറച്ചിയാണോ എന്നു തിരിച്ചറിയാൻ വിശദ പരിശോധന ആവശ്യമായതിനാലാണിത്.

 കൃത്യത ഉറപ്പാക്കാൻ ഡിഎൻഎ പരിശോധനയാണു നടത്തുന്നതെന്നു മദ്രാസ് വെറ്ററിനറി കോളജിലെ മീറ്റ് സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് അറിയിച്ചു. പരിശോധനാ ഫലം തിങ്കളാഴ്ച്ച ഭക്ഷ്യസുരക്ഷാ വകുപ്പിനു കൈമാറും.