Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവ്വായിക്കായലിലെ ബണ്ടുകൾ: പരിസ്ഥിതി സമിതി സന്ദർശിക്കും

Kasargod-vellappa

തൃക്കരിപ്പൂർ കവ്വായി കായലിനു കുറുകെ യാത്രാ ദുരിതം പരിഹരിക്കാൻ പണിത ബണ്ടുകൾ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉയർത്തുന്നുവെന്ന പരാതിയിൽ തെളിവെടുക്കുന്നതിനു നിയമസഭാ പരിസ്ഥിതി സമിതി സന്ദർശനം നടത്തും. 

കായലോരത്ത് താമസിക്കുന്നവരുടെ ആരോഗ്യത്തിലും കുടിവെള്ളമുൾപ്പെടെയുള്ള പ്രശ്നങ്ങളിലും ബണ്ടുകൾ പ്രതികൂല പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും നിയമസഭാ സമിതി അന്വേഷിച്ച് പരിഹാര നടപടിയുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലീം ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ സത്താർ വടക്കുമ്പാട് സമർപ്പിച്ച നിവേദനത്തിലാണ് നിയമസഭാ സമിതിയുടെ സന്ദർശനം. അണ്ടർ സെക്രട്ടറി ഡി.കൃഷ്ണൻകുട്ടി ഇതു സംബന്ധിച്ചു വിവരം നൽകി. 

ഹർജിയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് കൈമാറിയ റിപ്പോർട്ടിൽ തൃക്കരിപ്പൂർ–വലിയപറമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിച്ചു പണിത ഇടയിലക്കാട്–വെള്ളാപ്പ് ബണ്ട് പൂർണമായും നീരൊഴുക്കിനെ തടസപ്പെടുത്തുന്നതായി വിശദമാക്കിയിട്ടുണ്ട്. ഇവിടെ പാലം പണിത് പാലത്തിന് അടിയിലൂടെ ബോട്ട് സർവീസ് സാധ്യമാകുന്ന തരത്തിൽ സ്പാനുകൾ ഉയർത്തി നിർമാണം നടത്തിയാൽ മാത്രമേ പരാതി പരിഹരിക്കാനാകൂ എന്നും 40 കോടി രൂപ ചെലവ് വരുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

പ്രളയം സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയ സാഹചര്യത്തിൽ പുതിയ പദ്ധതികൾ ഏറ്റെടുത്തു നടത്താനുള്ള പണം കണ്ടെത്താൻ പ്രയാസമായതിനാൽ ഹർജി പരിഗണിക്കാൻ നിർവാഹമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. വെള്ളാപ്പ് ബണ്ടിനു പുറമേ ഉടുമ്പുന്തല–മാടക്കാൽ, പടന്ന–തെക്കെകാട് എന്നീ ബണ്ടുകളുമാണ് ഈ മേഖലയിൽ കവ്വായി കായലിൽ ഉള്ളത്. ഈ രണ്ടു ബണ്ടുകളിലും കലുങ്കുകൾ പണിത് നീരൊഴുക്കിയതിനാൽ താരതമ്യേന പ്രശ്നങ്ങൾ കുറവാണെന്ന അഭിപ്രായമുണ്ട്. ഓരുജല കൃഷിയി ചെയ്തു കുടുംബം പുലർത്തുന്ന ആയിരത്തിൽ പരം കർഷകരെ നീരൊഴുക്കിന്റെ തടസം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.