Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടുവക്കൊല കരുതിക്കൂട്ടി തന്നെ;‌ സർക്കാർ വാദം പൊളിയുന്നു

Tiger

മുംബൈ വിദർഭ മേഖലയിൽ പെൺകടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ  വെടിവച്ചുകൊലപ്പെടുത്തിയത് പ്രാണരക്ഷാർഥമാണെന്ന സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു.   നരഭോജിയെന്ന് ആരോപിച്ച് പ്രഫഷനൽ   ഷൂട്ടർമാരുടെ സഹായത്തോടെ അവ്‌നി എന്ന കടുവയെ കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്ത് വലിയ വിവാദമാവുകയും കേന്ദ്രമന്ത്രി മേനക ഗാന്ധിയും മഹാരാഷ്്ട്ര വനം മന്ത്രി സുധീർ മുൻഗൻതിവാറും തമ്മിൽ വാക്പോരിനു കാരണമാവുകയും ചെയ്തിരുന്നു. 

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര കമ്മിറ്റി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് കടുവയെ മനപൂർവം വെടിവച്ചു കൊല്ലുകയായിരുന്നു എന്ന കണ്ടെത്തലുള്ളത്. മൃഗങ്ങളെ പരമാവധി രക്ഷപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും എന്നാൽ, വനംവകുപ്പു ജീവനക്കാരുടെ ഭാഗത്തു നിന്ന് അതുണ്ടായില്ലെന്നും അന്വേഷണ സംഘം കുറ്റപ്പെടുത്തി. കടുവയുടെ സഞ്ചാരപാതയോടു ചേർന്നു കാത്തിരുന്നു 13 മീറ്റർ അകലെ വച്ചാണ് വെടിവച്ചതെന്നും റിപ്പോർട്ടിലുണ്ട്. 

കടുവയെ രക്ഷപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിച്ചില്ലെന്നും ആസൂത്രിതമായി വെടിവയ്ക്കുകയായിരുന്നെന്നും ആരോപിച്ച് ദേശീയ തലത്തിൽ തന്നെ നേരത്തെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തുകയും മന്ത്രി മുൻഗൻതിവാറിനെ പുറത്താക്കാൻ മേനക ഗാന്ധി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ,  വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സാഹചര്യമുണ്ടായപ്പോൾ മാത്രമാണു വെടിവച്ചതെന്നായിരുന്നു മന്ത്രി മുൻഗൻതിവാർ തുടർന്നു വിശദീകരിച്ചത്.

മൃഗങ്ങളേക്കാൾ മനുഷ്യന്റെ ജീവനാണ് പരിഗണന നൽകുന്നതെന്നും കടുവയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം തനിക്കുണ്ടെങ്കിൽ രാജ്യത്ത് പോഷക ആഹാരക്കുറവിനെത്തുടർന്നു കുഞ്ഞുങ്ങൾ മരിക്കുന്ന സംഭവങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രിയായ മേനക ഗാന്ധിക്കുണ്ടെന്നും മുൻഗൻതിവാർ തിരിച്ചടിച്ചിരുന്നു.ഇതിനു പിന്നാലെയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കടുവയെ കൊലപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചത്.