Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെതായി ആഞ്ഞുവീശി, ആന്ധ്രയിൽ വൻ നാശം

INDIA-WEATHER-CYCLONE-PHETHAI Indian residents walk along a breakwater at Kasimedu fishing harbour as cyclone Phethai approaches the eastern Indian coast, in Chennai on December 16, 2018. - Cyclone Phethai is expected to make a landfall on December 17 with winds with a speed of 45-55 kmph, local media reported. (Photo by ARUN SANKAR / AFP)

പെതായി ചുഴലിക്കാറ്റ് ഇന്നലെ ഉച്ചയ്ക്കു 12.25ന് ആന്ധ്ര ഈസ്റ്റ് ഗോദാവരി ജില്ലയിലെ കട്രേനികോണയിൽ കരതൊട്ടു. ആന്ധ്രയുടെ തീരദേശജില്ലകളിൽ രാവിലെ തന്നെ കനത്ത മഴ ആരംഭിച്ചു. കരതൊടുമ്പോൾ ചുഴലിക്കാറ്റിന് 80 കിലോമീറ്റർ വേഗമുണ്ടായിരുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

പലയിടത്തും ചുഴലിക്കാറ്റു കനത്ത നാശം വിതച്ചു. ഒട്ടേറെ മരങ്ങളും, വൈദ്യുത തൂണുകളും കടപുഴകി. 20,000ൽ അധികം പേരെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, കൃഷ്ണ, ഗുണ്ടൂർ, വിജയവാഡ, യാനം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുന്നു. ആന്ധയുടെ തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടു ദിവസം അവധി നൽകി. 

∙രണ്ടു മരണം റിപ്പോർട്ട് ചെയ്തു. കാറ്റിന്റെ ശക്തിയിൽ വീണു പരുക്കേറ്റ ഈസ്റ്റ് ഗോദാവരി ജില്ലയിലെ പല്ലേപാലം സ്വദേശിനി റെല്ലിവൽസല വീരമ്മ (68), വിജയവാഡ ക്രിസ്തുരാജൻപുരം സ്വദേശി ദുർഗ റാവു (40) എന്നിവരാണു മരിച്ചത്. ക്രിസ്തുരാജൻപുരത്തെ മലമുകളിലുണ്ടായ മണ്ണിടിച്ചിലിലാണ് ഇയാൾ മരിച്ചത്. ദുർഗ റാവുവിന്റെ കുടുംബത്തിന് കലക്ടർ 50,000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു. 

∙ ആഞ്ഞുവീശിയ പെതായി ആന്ധയുടെ തീരദേശ ജില്ലകളിലെ ജനജീവിതത്തെ ബാധിച്ചു. പലയിടത്തും ഗതാഗതം താറുമാറായി. വ്യാപക കൃഷിനാശവുമുണ്ടായി. വിശാഖപട്ടണം വിമാനത്താവളത്തിലെ ഒരു റൺവേ അടച്ചു. പല വിമാനങ്ങളും ഹൈദരാബാദിലേക്കു വഴിതിരിച്ചുവിട്ടു. വിശാഖപട്ടണം, കക്കിനാഡ പോർട്ട്, നർസപുർ, മച്ചിലിപ്പട്ടണം, ഭീമാവരം, വിജയവാഡ, ഗുണ്ടുർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പല ട്രെയിനുകളും റദ്ദാക്കി. ആന്ധ്രയിൽ നിന്നു പുറപ്പെടുന്ന 50 ട്രെയിനുകൾ റദ്ദാക്കി. മൽസ്യബന്ധന തുറമുഖങ്ങളിൽ മുന്നറിയിപ്പു നൽകി. കടലിൽ കുടുങ്ങിയ 80 മൽസ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി.

∙ ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്), കോസ്റ്റ് ഗാർഡ്, ആന്ധ്രപ്രദേശ് ദുരന്ത നിവാരണ സേന, അഗ്നിശമന സേന എന്നിവയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ എത്തിച്ചു. ചുഴലിക്കാറ്റ് കടന്നുപോയ സ്ഥലങ്ങളിലെല്ലാം അടിയന്തര സഹായം എത്തിക്കുമെന്ന് ആന്ധ്ര സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, ആഭ്യന്തര മന്ത്രി ചിന്നരാജപ്പ എന്നിവർ പെതായി ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. രക്ഷാ പ്രവർത്തനത്തിനാണു സർക്കാർ ഇപ്പോൾ മുൻഗണന നൽകുന്നത്.

∙ പെതായി ചെന്നൈയിൽ മഴയെത്തിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കാറ്റ് മഴമേഘങ്ങളെ ആന്ധ്ര തീരത്തേക്കു കൊണ്ടുപോയതായും അടുത്തു മൂന്നു ദിവസത്തേക്കു തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ എസ്.ബാലചന്ദ്രൻ അറിയിച്ചു.