Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലിഫോര്‍ണിയന്‍ തീരത്ത് പടുകൂറ്റന്‍ തിരമാലകള്‍; ആഞ്ഞടിക്കുന്നത് 15 മീറ്റർ വരെ ഉയരത്തിൽ!

Wave

15 മീറ്റര്‍ വരെ ഉയരത്തിലുള്ള കൂറ്റന്‍ തിരമാലകളാണ് അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തു നാശം വിതയ്ക്കാന്‍ തുടങ്ങിയിരിക്കുന്നത്. കലിഫോര്‍ണിയയിലാണ് ഏറ്റവും ഉയരത്തിലുള്ള തിരമാലകള്‍ തീരത്ത് ആഞ്ഞടിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. സുനാമിക്ക് തുല്യമായ മുന്നറിയിപ്പുകളാണു വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ പടിഞ്ഞാറന്‍ തീരത്താകെ നല്‍കിയിരിക്കുന്നത്. യുഎസിനു പുറമെ മെക്സിക്കോയിലും കാനഡയിലും കൂറ്റന്‍ തീരമാലകളുണ്ടാകുമെന്നാണു കണക്കു കൂട്ടുന്നത്.

കാരണം ന്യൂനമര്‍ദ്ദം

sea

അലാസ്കയോടു ചേര്‍ന്നുള്ള കടലിടുക്കില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് അമേരിക്കയുടെ തീരത്ത് ശക്തമായ തിരമാലകള്‍ക്കു വഴിവച്ചരിക്കുന്നത്. ന്യൂനമര്‍ദ്ദം മൂലം പടിഞ്ഞാറന്‍ തീരത്തു പ്രത്യേകിച്ച് കലിഫോര്‍ണിയ മേഖലകളില്‍ അപകടകരമായ തോതില്‍ തിരമാലകളെത്തുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരിക്കുന്നു. തെക്കന്‍ വാഷിങ്ടൺ മുതല്‍ മധ്യ കലിഫോര്‍ണിയ വരെയുള്ള പ്രദേശമാകും ഏറ്റവുമധികം ആഘാതം നേരിടേണ്ടി വരികയെന്നാണു കണക്കു കൂട്ടുന്നത്.

സാന്‍ഫ്രാന്‍സിസ്കോയിലാകും തിരമാലകള്‍ ഏറ്റവുമധികം നാശം വിതയ്ക്കാന്‍ സാധ്യത. ശക്തമായ തിരമാലകള്‍ക്കു മുന്നോടിയായി സാധാരണയിലും വലുപ്പം കൂടിയ തിരമാലകള്‍ തിങ്കളാഴ്ച മുതല്‍ തന്നെ തീരത്തേക്കെത്താന്‍ തുടങ്ങിയിരുന്നു. ഇന്നലെ രാത്രിയോടെ കൂറ്റന്‍ തിരമാലകള്‍ തീരത്ത് ആഞ്ഞടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആളുകളോട് തീരപ്രദേശത്തേക്കു പോകരുതെന്നും, കടലിനോടു ചേര്‍ന്ന് താമസിക്കുന്നവര്‍ രക്ഷാകേന്ദ്രങ്ങളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അലാസ്കയിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഈ പ്രദേശത്തു നിന്ന് ശക്തമായ കാറ്റാണ് തെക്കുകിഴക്കന്‍ മേഖലയിലേക്കു വീശുന്നത്. ഈ കാറ്റാണ് ശക്തമായ തിരമാലകള്‍ക്കു വഴിയൊരുക്കുന്നതും. ശൈത്യകാലം രൂക്ഷമാകുന്നതോടെ കര കടലിനേക്കാള്‍ വേഗത്തില്‍ തണുക്കും. കടല്‍ പതിയെ മാത്രമേ തണുക്കുകയും ചൂടാവുകയും ചെയ്യൂ. ഈ സാഹചര്യത്തില്‍ കടല്‍ജലത്തിനു കരയെ അപേക്ഷിച്ച് ഉയര്‍ന്ന താപനിലയായിരിക്കും. ഇതാണ് ന്യൂനമര്‍ദ്ദത്തിനു വഴിവച്ചതും. ശൈത്യകാലത്ത് ഇത് പതിവാണെങ്കിലും ഇക്കുറി അലാസ്കയിലുണ്ടായിട്ടുള്ള ന്യൂനമര്‍ദ്ദം ശക്തമായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു വഴിവച്ചിരിക്കുന്നത്.

ന്യനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ചുഴലിക്കാറ്റ്

Cyclone -Representational image

വടക്കു കിഴക്കന്‍ പസിഫിക്കിലായി ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നു തന്നെ ശക്തമായ ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ ഫലമായി തീരമേഖലകളില്‍ ഇതിനകം ശക്തമായ കാറ്റു വീശി തുടങ്ങിയിട്ടുണ്ട്. അതിശക്തമായാണ് കാറ്റു വീശുന്നത് എന്നതിനാല്‍ കാറ്റിലും സാമാന്യം നാശനഷ്ടങ്ങള്‍ തീരപ്രദേശങ്ങളില്‍  ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. മണിക്കൂരില്‍ 85 കിലോമീറ്റര്‍‍ വേഗതയില്‍ വരെ തീരപ്രദേശത്തു കാറ്റു വീശുമെന്നാണ് കണക്കാക്കുന്നത്.

അപ്രതീക്ഷിതമായെത്തിയ കടലാക്രമണത്തെ തുടര്‍ന്ന് ശൈത്യകാലത്തു കലിഫോര്‍ണിയയിലും മറ്റും നടത്താറുള്ള സര്‍ഫിങ് മത്സരങ്ങള്‍ ഉള്‍പ്പടെ മാറ്റിവച്ചു. ഇത്തരം പരിപാടികള്‍ ഇനി ജനുവരി ആദ്യവാരം മാത്രമേ സംഘടിപ്പിക്കാവൂ എന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.