Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2018 ലെ മികച്ച പരിസ്ഥിതി വാര്‍ത്തകള്‍

 Camel Festival

പരിസ്ഥിതി ലോകത്തു നിന്നെത്തുന്ന വാര്‍ത്തകള്‍ ഭൂരിഭാഗവും അത്ര സന്തോഷം നല്‍കുന്നവയല്ല എന്നത് പരമമായ സത്യമാണ്. അതുകൊണ്ട് തന്നെ പരസ്ഥിതി സംരക്ഷണം സംബന്ധിച്ച നല്ല വാര്‍ത്തകള്‍ നല്‍കുന്ന ആശ്വാസം മരുഭൂമിയിലേക്കു പെയ്തിറങ്ങുന്ന മഴ പോലെയാണ്. കാലാവസ്ഥാ വ്യതിയാനവും, വനനശീകരണവും, വന്യമൃഗവേട്ടയും, വായുമലിനീകരണവുമെല്ലാം തുടരുന്നുണ്ടെങ്കിലും നേരിയ പ്രതീക്ഷകള്‍ നല്‍കുന്ന ചില കാര്യങ്ങള്‍ കൂടി 2018 ല്‍ സംഭവിച്ചിരുന്നു. 

1. ഓസ്ട്രേലിയയിലെ ജൈവവൈവിധ്യത്തിനു ഭീഷണിയായ കെയിന്‍ തവളകളുടെ ജനിതക രഹസ്യം കണ്ടെത്തി.

Cane Toad

അതീവ വിഷമുള്ളതും ഏതു പരിസ്ഥിതിയിലും അതിജീവിക്കാന്‍ കഴിയുന്നതുമായി തവളകളാണ് കെയിന്‍ തവളകള്‍. ഓസ്ട്രേലിയയിലെ ഏറ്റവും കുുപ്രസിദ്ധരായ അധിനിവേശ ജീവികള്‍. കടുത്ത വിഷമുള്ള ഇവ മൂലം ചത്ത മുതലകള്‍ മുതല്‍ പല്ലികളും പാമ്പുകളും വരെയുള്ള ജീവികള്‍ക്കു കണക്കില്ല. 1935 ല്‍  ഓസ്ട്രേലിയയില്‍ നിന്ന് തെക്കേ അമേരിക്കയിലെത്തിയതു മുതല്‍ പെറ്റുപെരുകിയ ഇവയുടെ ജനിതക രഹസ്യമാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയത്. ഇതോടെ ഇനി തവളകളുടെ എണ്ണം കുറയ്ക്കുന്നതിനു സഹായിക്കുന്ന വൈറസിനു ജന്മം നല്‍കാന്‍ ഗവേഷകര്‍ക്കു സാധിക്കും.

2. വിയറ്റ്നാമിലെ ഫാമില്‍ നിന്ന് രക്ഷപെടുത്തിയ കരടികള്‍

Bear

2018 ല്‍ ലോകമെമ്പാടുമുള്ള മൃഗസ്നേഹികളെ ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു വിയറ്റ്നാമിലെ ബെയില്‍ ഫാമുകളില്‍ നിന്നുള്ള കരടികളുടെ ദയനീയ അവസ്ഥ. കരടികളുടെ കരളില്‍ നിന്നു ലഭിക്കുന്ന ബൈല്‍ എന്ന ദ്രാവകത്തിനു വേണ്ടിയാണ് ഇവയെ  ഫാമുകളില്‍ വളര്‍ത്തിയിരുന്നത്. കരടികളെ കൊല്ലാതെ തന്നെ ഈ ദ്രാവകെ ഊറ്റിയെടുക്കുകയാണ് ഈ ഫാമില്‍ചെയ്തിരുന്നത്. ഇതാകട്ടെ കരടികളെ എത്തിച്ചത് മരണത്തേക്കാള്‍ മോശമായ അവസ്ഥയിലായിരുന്നു. പരമ്പരാഗത ചൈനീസ് മരുന്നിനു വേണ്ടിയാണ് ബൈല്‍ ദ്രാവകം ഉപയോഗിക്കുന്നത്. വിയറ്റ്നാമിലെ ഇത്തരം ഫാമുകളില്‍ നിന്ന് നൂറു കണക്കിനു കരടികളെയാണ് 2018 ല്‍ മോചിപ്പിച്ചത്. ആനിമല്‍സ് ഏഷ്യ എന്ന എന്‍ജിഒ ആണ് ഈ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്.

3. അനധികൃത മത്സ്യവേട്ട തടുക്കാന്‍ ബിറ്റ് കോയിന്‍

വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടാണ് ന്യൂസീലൻഡിലും ഫിജിയിലും പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പാക്കിയത്. അനധികൃത മത്സ്യവേട്ട തടയുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ  മാർഗമായി ഈ പദ്ധതി മാറിയേക്കാമെന്നാണു കണക്കാക്കുന്നത്. മത്സ്യം മീന്‍പിടുത്തക്കാരില്‍ നിന്ന് ഇടനിലക്കാര്‍ വാങ്ങുന്നതു മുതല്‍ ഉപഭോക്താക്കളില്‍ എത്തുന്നതു വരെ കൈമാറ്റം നടക്കുന്നത് ബിറ്റ് കോയിനുകളിലൂടെ  ആയിരിക്കും. ഇത് കൈമാറ്റത്തില്‍ സുതാര്യത കൊണ്ടുവരികയും അനധികൃത വിൽപനകള്‍ തടയുകയും ചെയ്യും. തങ്ങള്‍ വാങ്ങുന്നത് അധികൃതമായ രീതിയില്‍ മത്സ്യബന്ധനം നടത്തുന്നവരില്‍ നിന്നാണെന്ന് ഉറപ്പു വരുത്താന്‍ ഉപഭോക്താക്കള്‍ക്കും സാധിക്കും.

4. വന്യജീവി കണക്കെടുപ്പില്‍ വഴിത്തിരിവായി എപ്പിക് ഡക്ക് ചലഞ്ച്

Drone

വന്യജീവികളുടെ കണക്കെടുക്കാന്‍ പരമ്പരാഗത രീതികളെക്കാള്‍ എന്തുകൊണ്ടും നല്ലത് ഡ്രോണുകള്‍ ഉപയോഗിച്ചുള്ളതാണെന്ന് തെളിയിക്കുന്ന പരീക്ഷണമായിരുന്നു എപ്പിക് ഡക്ക് ചലഞ്ച്. ഡ്രോണുകളുടെ സഹായത്തോടെ നടത്തിയ കണക്കെടുപ്പ് ആളുകള്‍ നേരിട്ട് എണ്ണിയെടുത്ത കണക്കുകളേക്കാള്‍ കൃത്യമായിരുന്നുവെന്ന് ഡക്ക് ചലഞ്ച് തെളിയിക്കുന്നു. ഓസ്ട്രേലിയയിലെ അഡലൈഡ് ബീച്ചിലാണ് ഈ പരീക്ഷണം നടത്തിയത്. ആയിരക്കണക്കിനു താറാവുകളുടെ പ്രതിമകള്‍ വച്ച് ഇതിന്‍റെ എണ്ണം തിട്ടപ്പെടുത്താന്‍  ഡ്രോണുകളെയും മനുഷ്യരെയും ചുമതലപ്പെടുത്തി.ഡ്രോണ്‍ ക്യാമറയില്‍ താറാവുകള്‍ പതിയുന്നതിനൊപ്പം കമ്പ്യട്ടറിന്‍റെ സഹായത്തോടെ അതാത് സമയത്ത് എണ്ണം തിട്ടപ്പെടുത്താനും കഴിയും എന്നതാണ് ഈ രീതിയുടെ ഗുണം. അതുകൊണ്ട് തന്നെ മനുഷ്യരേക്കാള്‍ വേഗത്തിലും കൃത്യതയിലും എണ്ണമെടുക്കാന്‍ ഡ്രോണുകള്‍ക്കു സാധിച്ചു.ആഫ്രിക്കയിലെ ജീവികളുടെ മുതല്‍ അന്‍റാര്‍ട്ടിക്കിലെ പെന്‍ഗ്വിന്‍ വരെയുള്ള തുറസ്സായ പ്രദേശത്തു കൂട്ടത്തോടെ ജീവിക്കുന്ന ജീവികളുടെ എണ്ണമെടുക്കാന്‍ ഡ്രോണുകളാണ് ഏറ്റവും ഫലപ്രദമായ മാർഗമെന്നാണ് ഈ പരീക്ഷണത്തിലൂടെ തെളിഞ്ഞത്.

5. റോഡ് മുറിച്ചു കടക്കുന്ന മീനുകള്‍

തിരക്കേറിയ ഒരു റോഡ് മുറിച്ച് കടക്കുകയെന്നത് മനുഷ്യര്‍ക്കു പോലും പലപ്പോഴും ഒരു പേടിസ്വപ്നമാണ്. അങ്ങനെയിരിക്കെ മൃഗങ്ങളുടെ കാര്യം പറയേണ്ടതില്ല. അതുകൊണ്ട് തന്നെയാണ് പല വന്യജീവി മേഖലകളിലും അവയ്ക്കു കടന്നു പോകാനായി റോഡുകള്‍ക്കു താഴെയോ മുകളിലോ ആയി പ്രത്യേക പാത ഒരുക്കുന്നത്. ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലന്‍ഡിലെ ഗവേഷകര്‍ ഒരു പടി കൂടി കടന്ന് മത്സ്യങ്ങള്‍ക്കു കടന്നു പോകാനുള്ള പ്രത്യേക പാതയാണ് തയ്യാറാക്കിയത്. റോഡിനടിയിലൂടെയുള്ള കനാലില്‍ കൂടി വെള്ളത്തിനെതിരെ നീന്താന്‍ മത്സ്യങ്ങള്‍ ബുദ്ധിമുട്ടിയതോടെയാണ് ഒഴുക്കു കുറഞ്ഞതും അതേസമയം കടന്നു പോകുന്ന വെള്ളത്തിന്‍റെ അളവില്‍ മാറ്റം വരാത്തതുമായ ഒരു സംവിധാനത്തിനു ഗവേഷകര്‍ രൂപം നല്‍കിയത്. ഇതാദ്യമായല്ല ഇത്തരം ഒരു സംവിധാനം മത്സ്യങ്ങൾക്കായി ഏര്‍പ്പെടുത്തുന്നത്. അമേരിക്കയിലെ പ്രശസ്തമായ റിവര്‍ സാല്‍മണ്‍ മത്സ്യങ്ങളുടെ കുടിയേറ്റം തടസ്സപ്പെടാതിരിക്കാന്‍ ഡാമുകള്‍ക്കു മുകളിലൂടെ പോലും ഇത്തരം ഒരു സംവിധാനം നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

6. ഒട്ടകങ്ങള്‍ക്കു വേണ്ടി നടത്തുന്ന സൗന്ദര്യമത്സരം

മൃഗങ്ങളെയും സൗന്ദര്യത്തിന്‍റെ അളവു കോലുകളില്‍ ഒതുക്കുന്നതിന്‍റെ ന്യായവും അന്യായവും ഒക്കെ മാറ്റി നിര്‍ത്താം. കാരണം ഇത്തരം മത്സരങ്ങള്‍ മൃഗങ്ങളെ സുരക്ഷിതരായി പരിപാലിക്കാന്‍ കുറേയേറെ ഉടമകളെ പ്രേരിപ്പിക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. ഇത്തരം ചില കാരണങ്ങളാണ് സാമ്പത്തികമായ ഏറെ പുരോഗമിച്ചിട്ടും സൗദി അറേബ്യ ഉള്‍പ്പടെയുള്ള പല പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഒട്ടകങ്ങളെ ശ്രദ്ധയോടെ പരിപാലിക്കാന്‍ കാരണം. സൗദി അറേബ്യയിലും ഒമാനിലുമാണ് ഏറ്റവും ശ്രദ്ധേയമായ ഒട്ടക സൗന്ദര്യ മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യയിലെ ഏക ഒട്ടക ചന്തയായ പുഷ്കറില്‍ ഒട്ടകങ്ങളുടെ എണ്ണം എല്ലാ വര്‍ഷവും കുറയുമ്പോള്‍ പശ്ചിമേഷ്യയിലെ സൗന്ദര്യമത്സരങ്ങളില്‍ ഇവയുടെ എണ്ണം വർധിക്കുകയാണ്. സൗന്ദര്യമത്സരങ്ങള്‍ക്ക് മൃഗങ്ങളുടെ സംരക്ഷണത്തിലുണ്ടാക്കാന്‍ കഴിയുന്ന പുരോഗമനപരമായ മാറ്റമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

7. ഓസ്ട്രേലിയയിലെ ബിഗ് ബാറ്ററി.

പ്രപഞ്ച സൃഷ്ടിയില്‍ ബിഗ് ബാങാണ് വഴിത്തിരിവായതെങ്കില്‍ ഭൂമിയിലെ ഊർജ സംരക്ഷണത്തില്‍ വഴിത്തിരിവായത് ഓസ്ട്രേലിയയിലെ ഈ ബിഗ് ബാറ്ററി ആയിരിക്കുമെന്നാണ് കരുതുന്നത്. പുനരുപയോഗ മാർഗങ്ങളിലൂടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഏറ്റവും മികച്ച രീതിയില്‍ സംരക്ഷിക്കാന്‍ കഴിയുന്ന പുതിയ ബാറ്ററിക്കാണ് ഓസ്ട്രേലയയില്‍ രൂപം നല്‍കിയിരിക്കുന്നത്. തെക്കന്‍ ഓസ്ട്രേലിയയിലെ ഹോണ്‍സാഡ്‌ലെ പവര്‍ റിസേര്‍വിലാണ് കഴിഞ്ഞ മാസം ഈ ബാറ്ററി സ്ഥാപിച്ചത്. ഒരു മാസത്തിനുള്ളില്‍ തന്നെ ബാറ്ററിയുടെ വൈദ്യുത സംരക്ഷണത്തിനുള്ള കഴിവു തെളിയിക്കപ്പെട്ടതോടെ ഓസ്ട്രേലയയിലെ മറ്റു പ്രദേശങ്ങളിലെ പ്രദേശിക ഭരണ കൂടങ്ങളും ഇതേ ബാറ്ററി ആവശ്യപ്പെട്ടു രംഗത്തു വന്നിട്ടുണ്ട്. ഈ ബാറ്ററിയിലൂടെ നിലവിലുണ്ടാകുന്ന ഊർജ നഷ്ടത്തിന്‍റെ 80 ശതമാനം വരെ കുറയ്ക്കാനാകുന്നുണ്ട്. വൈദ്യുത സംരക്ഷണമെന്നത് പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഏറ്റവും ശക്തമായ ബദലായതിനാല്‍ തന്നെ ഓസ്ട്രേലിയയില്‍ നിന്നുള്ള ഈ ബാറ്ററി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കു നല്‍കുന്ന സന്തോഷം ചെറുതല്ല.

8. കാപ്പിയില്‍ നിന്ന് ഒരു പരിസ്ഥിതി സൗഹൃദ കീടനാശിനി.

കാപ്പിക്കൃഷി സൃഷ്ടിക്കുന്ന പാരിസ്ഥിതിക ഭീഷണിയെക്കുറിച്ചും വനനശീകരണത്തെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ 2018 ലും നിരവധിയായിരുന്നു. ഇതേ കാപ്പികൃഷി മേഖലയില്‍ നിന്നു തന്നെയാണ് 2018 ലെ നല്ലൊരു പരിസ്ഥിതി വാര്‍ത്തയും പുറത്തു വരുന്നത്. കാപ്പിപ്പൊടി നിര്‍മ്മിച്ച ശേഷം ബാക്കി വരുന്ന കാപ്പിക്കുരുവിന്‍റെ അവശിഷ്ടങ്ങള്‍ മികച്ച കീടനാശിനിയാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഈ കണ്ടെത്തല്‍ രണ്ടു തരത്തിലാണ് പരിസ്ഥിതിക്കു നേട്ടമാകുന്നത്. ഒന്ന് വ്യാവസായിക ഉൽപാദനം സാധ്യമാക്കിയാല്‍ പരിസ്ഥിതി സൗഹൃദ കീടനാശിനി ലഭിക്കും. രണ്ടാമതായി ഇത്തരമൊരു പരിസ്ഥിതി സൗഹൃദ കീടനാശിനി കാപ്പിയില്‍ നിന്ന് ഉൽപാദിപ്പിക്കാനായാല്‍ അത് കാപ്പിക്കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കാന്‍ സഹായിക്കും. ഇതിലൂടെ കൂടുതല്‍ പ്രദേശത്തെ കൃഷിയില്‍ നിന്നു ലാഭം കണ്ടെത്താനുള്ള അവരുടെ ശ്രമത്തിനു തടയിടാനാകും.

9. കോള ക്യാനുകളുടെ ശേഖരണം

cola

ലോകം ഇന്നു നേരിടുന്ന പാരിസ്ഥിതിക ഭീഷണിയില്‍ഏറ്റവും പ്രധാനമാണ് സമുദ്രത്തിലെത്തുന്ന പ്ലാസ്റ്റിക്. ഇതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന ഒരു മേഖലയാണ് കോള നിര്‍മ്മാതാക്കള്‍. നിര്‍മ്മാതാക്കള്‍ തന്നെ കോള ക്യാനുകള്‍ ശേഖരിക്കാനുള്ള പദ്ധതിയുടെ ശുപാര്‍ശ പല വര്‍ഷങ്ങളായി നിലവിലുണ്ടെങ്കിലും അവരുടെ എതിര്‍പ്പു മൂലം ഇതു സാധ്യമായിരുന്നില്ല. ഈ വര്‍ഷം ഓസ്ട്രേലിയയിലെയും അമേരിക്കയിലെയും ഏതാനും നിര്‍മ്മാതാക്കള്‍ ഒടുവില്‍ ക്യാനുകളുടെ ശേഖരണതതിനു തയ്യാറായി. ഇതിലൂടെ മാത്രം ഈ വര്‍ഷം അമേരിക്കയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും സമുദ്രത്തിലെത്താതെ തടഞ്ഞത് 40 ശതമാനം കോള ക്യാനുകളാണെന്നാണു ഗവേഷകര്‍ കണ്ടെത്തിയത്. 

10. ഓസോണ്‍ തിരിച്ചു വരുന്നു

Ozone Layer

2018 ൽ പരിസ്ഥിതി ലോകത്തു സംഭവിച്ച ഏറ്റവും ആശ്വാസം നല്‍കുന്ന വാര്‍ത്ത ഏതെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഓസോണ്‍ പാളികളുടെ തിരിച്ചുവരവു തന്നെയായിരിക്കും. ഒരിക്കല്‍ ഇല്ലാതായ പ്രദേശങ്ങളിലെല്ലാം ഓസോണ്‍ പാളികള്‍ വീണ്ടും രൂപം കൊള്ളുന്നുവെന്നും 2060 ഓടെ ഓസോണ്‍ പൂർണമായും പുനസ്ഥാപിക്കപ്പെടുമെന്നുമാണ് ഗവേഷകര്‍ കണ്ടെത്തിയത്. 1987 ല്‍ ലോക രാഷ്ട്രങ്ങള്‍ ഒപ്പിട്ട മോണ്‍ട്രിയല്‍ കരാറാണ് ഓസോണ്‍ സംരക്ഷണത്തിന്റെ അടിസ്ഥാനം. ഈ കരാര്‍ വലിയ വിട്ടുവീഴ്ചകളില്ലാതെ നടപ്പാക്കാന്‍ തയ്യാറായതുകൊണ്ടു തന്നെയാണ് ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ മാത്രം തേടിയെത്തുന്ന പരിസ്ഥിതി ലോകത്തു നിന്ന് ഇപ്പോള്‍  സന്തോഷപ്രദമായ വാര്‍ത്തകളിലൊന്ന് എത്തിയതും.

related stories