ചൈനീസ് ‘അപൂർവ നിധി’ മുക്കി ജപ്പാന്‍; മിനാമിറ്റോറി ദ്വീപില്‍ എന്താണു സംഭവിച്ചത്?

rare-earth-mineral-deposit1
SHARE

ലോക ടെക്നോവിപണിയിലെ ചൈനീസ് ആധിപത്യം തകർക്കും വിധത്തിലുള്ള ഒരു ‘കണ്ടെത്തലിനെപ്പറ്റി’യാണിപ്പോൾ രാജ്യാന്തര തലത്തിലെ ചൂടേറിയ ചർച്ച. ചൈനയുടെ സമ്പദ്‌വ്യവസ്ഥയ്ക്കു പോലും ഇളക്കം തട്ടുംവിധമാണ് ജപ്പാനിലെ ഒരു ദ്വീപില്‍ നിന്നുള്ള വാർത്ത. ടോക്കിയോയ്ക്കു തെക്കുകിഴക്കായി 1850 കിലോമീറ്റർ മാറി മിനാമിറ്റോറി ദ്വീപില്‍ ‘അപൂര്‍വ മൂലകങ്ങൾ’ കണ്ടെത്തിയിരിക്കുന്നു എന്നതാണത്. എന്നാൽ എന്താണ് ഈ അപൂര്‍വ മൂലകങ്ങൾ അഥവാ റെയർ എർത്ത് എലമെന്റ്സ്? അപൂർവ ലോഹം എന്നു നാം വിളിക്കുന്ന സ്വർണത്തേക്കാൾ ഏറെയുണ്ട് റെയർ എർത്ത് എലമെന്റ്സ് എന്നതാണു സത്യം.‌ 

വൻതോതിൽ ഖനനം ചെയ്തെടുക്കാവുന്ന വിധം ഒരു പ്രത്യേക സ്ഥലത്തു കേന്ദ്രീകരിക്കുന്നു എന്നതാണു സ്വർണത്തിന്റെ പ്രത്യേകത. എന്നാൽ അപൂർവ മൂലകങ്ങളാകട്ടെ ഖനനം ചെയ്തെടുക്കാവുന്ന വിധത്തിൽ ഏതെങ്കിലുമൊരിടത്തു കേന്ദ്രീകരിക്കുന്നതു വളരെ അപൂർവവും. വീട്ടുവളപ്പിൽ പോലും ഈ അപൂർവ മൂലകങ്ങൾ കാണാമെന്നു ചുരുക്കം. എന്നാൽ അവ വേർതിരിച്ചെടുത്താലാകട്ടെ ലഭിക്കുന്നത് വിലമതിക്കാനാകാത്ത വസ്തുക്കളും. ഇന്നു സാങ്കേതിക മേഖലയുടെ നട്ടെല്ലെന്നു വിശേഷിപ്പിക്കാവുന്ന പല ഉപകരണങ്ങളുടെയും ബാറ്ററി ഉൾപ്പെടെയുള്ളവ നിർമിക്കണമെങ്കിൽ ഈ റെയർ എർത്ത് എലമെന്റ്സ് വേണം.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ‘ഓക്സിഡൈസ്ഡ് മിനറൽസ്’ ആയാണ് ഈ ധാതുക്കൾ കണ്ടെത്തുന്നത്. ഇവയിലേറെയും ലോഹരൂപത്തിലുള്ളവയാണ്. എന്നാൽ ഈ അപൂർവ ലോഹങ്ങളിൽ ലഭിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് എന്നു വിശേഷിപ്പിക്കുന്നതു പോലും സ്വർണത്തേക്കാൾ 200 മടങ്ങ് അധികമായി ഭൂമിയിലുണ്ട്. സ്വർണം പോലെ ഒരു പ്രത്യേക ഇടത്തു നിന്നു വൻതോതിൽ കുഴിച്ചെടുക്കാനാകില്ലെന്നു മാത്രം. പക്ഷേ റെയർ എർത്ത് എലമെന്റ്സ് വന്‍തോതിൽ കേന്ദ്രീകരിച്ചയിടം മിനാമിറ്റോറി ദ്വീപിൽ കണ്ടെത്തിയതാണിപ്പോൾ ജപ്പാനെ ചർച്ചകളിലേക്ക് എത്തിച്ചിരിക്കുന്നത്.

അപൂര്‍വ ധാതുക്കൾ ഉപയോഗിച്ചു നിർമിക്കാവുന്ന വസ്തുക്കൾ എണ്ണിയാലൊടുങ്ങാത്തവയാണ്. അവയിൽ പലതുമാകട്ടെ ഇന്നു നിത്യജീവിതത്തിൽ ഒഴിവാക്കാൻ പോലുമാകാത്തതും. സാധാരണ കാന്തങ്ങളേക്കാൾ ഏറെ ശക്തിയേറിയതാണ് അപൂർവ ധാതുക്കളാൽ നിർമിക്കുന്നവ. അവയ്ക്കു ഭാരവും കുറവ്. ഇവ ഉപയോഗിക്കുന്നതിനാലാണു പല ഇലക്ട്രോണിക് ഉപകരണങ്ങളും ഇന്നും ഭാരം കുറഞ്ഞിരിക്കുന്നത്. ഹൈബ്രിഡ് കാറുകളിലും വിൻഡ് ടർബൈനുകളിലുമെല്ലാം ഉപയോഗിക്കുന്നത് റെയർ എർത്ത് ലോഹങ്ങളാണ്. ശരാശരി വലുപ്പമുള്ള ഒരു വിൻഡ് ടർബൈനിൽ ഉപയോഗിക്കുന്ന കാന്തത്തിൽ പോലും നിയോഡൈമിയം എന്ന അപൂർവ ലോഹത്തിന്റെ സാന്നിധ്യം 225 കിലോയിൽ കൂടുതലുണ്ടാകും. രാത്രിക്കാഴ്ച നൽകുന്ന തരം കണ്ണടകളും ക്രൂസ് മിസൈലുകളും മറ്റ് ആയുധങ്ങളും നിർമിക്കാൻ യുഎസ് സൈന്യവും വൻതോതിൽ റെയർ എർത്ത് മൂലകങ്ങൾ ശേഖരിക്കുന്നുണ്ട്.  യൂറോപ്പിയം, സെറിയം, ലാന്താനം തുടങ്ങിയ ലോഹങ്ങളെല്ലാം ടിവിയിൽ മുതൽ മൊബൈലിൽ വരെയുണ്ട്.

പിടിമുറുക്കിയ ചൈന

yttrium-rare-earth-element

2010 വരെ പലരും റെയർ എർത്ത് മൂലകങ്ങളെപ്പറ്റി കാര്യമായി ചിന്തിച്ചിരുന്നതു പോലുമില്ല. എന്നാൽ ഇന്നു ഈ മൂലകങ്ങളിൽ 97 ശതമാനത്തിന്റെയും വിപണി നിയന്ത്രിക്കുന്നത് ചൈനയാണ്. 2010ൽ ജപ്പാനിലേക്കുള്ള ഈ ധാതുക്കളുടെ കയറ്റുമതി ചൈന നിർത്തിവച്ചു. ഏകദേശം ഒരുമാസത്തേക്കായിരുന്നു ഇത്. കാരണമായതാകട്ടെ ഒരു ദ്വീപിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച നയതന്ത്രപരമായ തർക്കവും. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന റെയർ എർത്ത് മൂലകങ്ങളിൽ 60 ശതമാനവും ചൈന തന്നെയാണ് ഉപയോഗിക്കുന്നത്. രാജ്യത്ത് ആവശ്യമേറിയതോടെ ഇവയുടെ കയറ്റുമതിയിലും ചൈന നിയന്ത്രണം വരുത്തി. വിലയും കൂട്ടി. കംപ്യൂട്ടർ ഹാർഡ് ഡ്രൈവുകളിൽ ഉപയോഗിക്കുന്ന സിഡ്സ്രോസിയം എന്ന മൂലകത്തിന് 2010ൽ രാജ്യാന്തര വിപണിയിൽ 0.45 കിലോഗ്രാമിന് 212 ഡോളറായിരുന്നു വില. എട്ടു വർഷം മുൻപ് അതിന് ആറു ഡോളർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഓർക്കണം. സെറിയം എന്ന മൂലകത്തിന് ഒറ്റയടിക്ക് വില കയറിയത് 450 ശതമാനത്തിലേറെ!

രാജ്യാന്തര തലത്തിൽ ആവശ്യം കൂടുകയും ചൈന ഉൽപാദനം കുറയ്ക്കുകയും ചെയ്തതോടെ ലോക വ്യാപാര സംഘടന ഇടപെട്ടു. അതോടെയാണ് നിയന്ത്രണങ്ങളോടെയാണെങ്കിലും ചൈന വീണ്ടും കയറ്റുമതി കാര്യക്ഷമമാക്കിയത്. 1980കളുടെ ആദ്യം റെയർ എർത്ത് ധാതുക്കളുടെ കുത്തക യുഎസിനായിരുന്നു. മൗണ്ടൻ പാസ് ഖനിയിൽ നിന്നായിരുന്നു ധാതുക്കളിലേറെയും ശേഖരിച്ചിരുന്നത്. എന്നാൽ 1980കൾക്കൊടുവിൽ അതിന് അന്ത്യമായി. രാസപരമായി ഏറെ സാമ്യമുള്ളതിനാൽ റെയർ എർത്ത് മൂലകങ്ങൾ വേർതിരിക്കുകയെന്നതു കഠിനമായിരുന്നു. എന്നാൽ ചൈനയാകട്ടെ ഇക്കാലയളവിൽ അതിനു വേണ്ട പരീക്ഷണങ്ങളുമായി മുന്നോട്ടു പോയി. റഷ്യയിലും ഓസ്ട്രേലിയയിലും കാനഡയിലും റെയർ എർത്ത് മൂലകങ്ങളുണ്ടായിരുന്നെങ്കിലും താരതമ്യേന ചെലവു കുറഞ്ഞ രീതിയിൽ ഇവയെ വേർതിരിച്ചെടുക്കാനുള്ള സാങ്കേതികത വികസിപ്പിച്ചതോടെ ചൈന തന്നെ ഒന്നാം നിരയിലെത്തി. ചൈനീസ് സർക്കാരും ഖനനത്തിനും അനുബന്ധ വ്യവസായത്തിനും നികുതി ഇളവുൾപ്പെടെ നൽകി സഹായിച്ചു.

ചൈനീസ് ഖനികളിൽ എല്ലാം രഹസ്യം!

rare-earth-mineral-deposit

മൗണ്ടൻ പാസ് ഖനി 2002ൽ അടച്ചു. അതോടെ ചൈനയിലെ ഇന്നർ മംഗോളിയയിലുള്ള ബായോട്ടു എന്ന നഗരം റെയർ എർത്ത് മൂലകങ്ങളുടെ ‘തലസ്ഥാനമായി’ മാറുകയും ചെയ്തു. ചൈനയിലെ ആകെ റെയർ എർത്ത് മൂലകങ്ങളിൽ 80 ശതമാനവും ഇവിടെയായിരുന്നു. യുറേനിയം , തോറിയം പോലുള്ള റേഡിയോ ആക്ടീവ് മൂലകങ്ങളും ഈ ഖനികളിലുണ്ടായിരുന്നു. ഖനനം ശക്തമായതോടെ ബായോട്ടുവിന്റെ പരിസരത്തുള്ള ഒട്ടുമിക്ക ഗ്രാമങ്ങളും ഒഴിപ്പിക്കേണ്ടി വന്നു. ഖനനമാലിന്യം ജലാശയങ്ങളിലും വയലുകളിലുമെല്ലാം നിറഞ്ഞതോടെയായിരുന്നു അത്. മാരക മലിനീകരണം കാരണം എത്ര പേർ മരിച്ചെന്നോ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നോ എന്നത് ഇന്നും പുറംലോകമറിയാത്ത രഹസ്യം.

തെക്കൻ ചൈനയിൽ പലയിടത്തും അനധികൃത റെയർ എർത്ത് ഖനികൾ ആരംഭിക്കുന്നതും അതിനിടയ്ക്കാണ്. മാഫിയ സംഘങ്ങളായിരുന്നു അവ നിയന്ത്രിച്ചിരുന്നത്. ബായോട്ടുവിൽ മലിനീകരണ നിയന്ത്രണത്തിനു ചെറുശ്രമങ്ങളെങ്കിലും ഉണ്ടായിരുന്നെങ്കിലും അനധികൃത ഖനികളിൽ എല്ലാം നേർവിപരീതമായിരുന്നു. 2008ൽ മാത്രം മാഫിയ സംഘങ്ങൾ ചൈനയിൽ നിന്നു കടത്തിയത് 20,000 ടൺ വരുന്ന അപൂർവ മൂലകങ്ങളായിരുന്നു. ആ വർഷം ചൈനയിൽ നിന്ന് ആകെ കയറ്റുമതി ചെയ്തതിന്റെ മൂന്നിലൊന്നു വരുമായിരുന്നു അത്.

ഇപ്പോഴും ഈ മൂലകങ്ങൾക്കായി നടത്തുന്ന ഖനനം സൃഷ്ടിക്കുന്ന മലിനീകരണത്തെപ്പറ്റി ചൈന ഔദ്യോഗിക റിപ്പോർട്ടുകൾ പോലും പുറത്തുവിടുന്നില്ല. ‘അസിഡിക്/റേഡിയോ ആക്ടീവ്’ ജലം ഉൾപ്പെടെ ഖനികളിൽ നിന്നു പുറന്തള്ളപ്പെടുന്ന മാലിന്യം എവിടേക്കു പോകുന്നുവെന്ന ചോദ്യത്തിനും ഉത്തരമില്ല. എന്നാൽ ലോകമെമ്പാടും ആവശ്യക്കാരുള്ളതിനാൽ റെയർ എർത്ത് മൂലകങ്ങൾ എവിടെ നിന്ന്, എങ്ങനെ വരുന്നു എന്നു പോലും അധികമാരും ചിന്തിക്കുന്നുമില്ല. അപൂർവമൂലകങ്ങളുടെ ഈ ചൈനീസ് കുത്തകയിലേക്കാണിപ്പോൾ ജപ്പാൻ വാളിറക്കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ ദ്വീപിലെ ഖനനത്തിലൂടെയുണ്ടാകുന്ന സമുദ്രമലിനീകരണത്തെ ഉൾപ്പെടെ ജപ്പാൻ എങ്ങനെ നേരിടുമെന്നും പരിസ്ഥിതി സംഘടനകൾ ഉറ്റുനോക്കുകയാണ്.

മിനാമിറ്റോറി ദ്വീപില്‍ എന്താണു സംഭവിച്ചത്?

Minami-Tori-shima

ജപ്പാന്റെ പദ്ധതി വിജയിച്ചാൽ ഇനി രാജ്യാന്തര വിപണിയിൽ നിർണായക സ്വാധീന ശക്തിയാകാൻ അവർക്കു സാധിക്കും.  ചുരുങ്ങിയത് അടുത്ത എട്ടു നൂറ്റാണ്ടു കാലത്തേക്കുള്ള ആവശ്യം നിറവേറാനുള്ള അപൂർവ ധാതുക്കൾ ഇവിടെയുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്–അതായത് ഏകദേശം 1.6 കോടി ടൺ. ജപ്പാന്റെ ‘എക്സ്ക്ലുസിവ് ഇക്കണോമിക് സോൺ’ ആണ് ഈ ദ്വീപ്. അതിനാൽത്തന്നെ ഇവിടത്തെ എല്ലാ വിഭവങ്ങളും രാജ്യത്തിനു സ്വന്തം. നേച്ചർ ജേണലിൽ ഇതു സംബന്ധിച്ച വിശദമായ പഠനവും വന്നിട്ടുണ്ട്.

സ്മാർട് ഫോൺ ബാറ്ററികൾ മുതൽ ഇലക്ട്രിക് വാഹനങ്ങൾ വരെ നിർമിക്കാൻ അത്യന്താപേക്ഷിതമായ 17 തരം മൂലകങ്ങൾ ഇതിൽ നിന്നു വേർതിരിച്ചെടുക്കാനാകും. എന്നാൽ അതിനു വരുന്ന ചെലവാണു മറ്റൊരു പ്രശ്നം. മറ്റു രാജ്യങ്ങളുമായി കരാറുണ്ടാക്കുകയാണെങ്കിൽ ആ പ്രശ്നവും ജപ്പാനു മറികടക്കാം. ചൈനയുടെ കുത്തകവത്കരണത്തെ വെല്ലുവിളിക്കാൻ യുഎസും ജപ്പാനും ഇപ്പോൾത്തന്നെ തയാറായിരിക്കുകയാണെന്നതും ജപ്പാന് സഹായകരമായ ഘടകമായി മുന്നിലുണ്ട്.

ലോകത്തിന് അടുത്ത 780 വർഷത്തേക്കു വേണ്ട യ്ട്രിയം ജപ്പാനിലുണ്ടെന്നാണു കണ്ടെത്തൽ. ഡിസ്പ്രോസിയം 730 വർഷത്തേക്കും യൂറോപ്പിയം 620 വർഷത്തേക്കും ടെർബിയം 420 വർഷത്തേക്കും ജപ്പാനിൽ റെഡിയാണ്. അഗ്നിപർവത സ്ഫോടനം വഴിയാണ് ഈ അപൂർവ ധാതുക്കളുണ്ടാകുന്നത്. എന്നാൽ ഇന്നു ഭൂമിയിൽ കാണുന്ന ധാതുക്കൾ സൂപ്പർ നോവ പൊട്ടിത്തെറികളിലൂടെ ഉണ്ടായതാണെന്നാണു കരുതുന്നത്. അതും ഭൂമി രൂപപ്പെടും മുൻപ്. ഭൂമി രൂപപ്പെട്ടപ്പോൾ ഈ ധാതുക്കൾ ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിക്കു താഴെ മാന്റിലിനോടു ചേർന്ന് ആഴങ്ങളിലെത്തി. ഇതിനിടെയുണ്ടായ ടെക്ടോണിക് ചലനങ്ങളാണ് മാന്റിലിൽ നിന്ന് അപൂർവ ധാതുക്കളെ ഭൂമിയുടെ പുറംപാളിയിലെത്തിച്ചത്. എന്തായാലും മിനാമിറ്റോറി ദ്വീപിലെ ‘അപൂർവ നിധി’ വിട്ടുകളയാൻ ജപ്പാന് ഉദ്ദേശമില്ല. അതിനാൽത്തന്നെ ഖനനവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും ശക്തമാക്കിക്കഴിഞ്ഞു അവർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA