sections
MORE

നദിയില്‍ രൂപപ്പെട്ടത് വിചിത്ര ‘മഞ്ഞു ചക്രം’; പിന്നിൽ അന്യഗ്രഹജീവികളോ?

Ice disc
SHARE

അമേരിക്കയിലെ കൃഷിയിടങ്ങളില്‍ കാണപ്പെടുന്ന വൃത്താകൃതിയിലും മറ്റുമുള്ള ചിഹ്നങ്ങള്‍ ഏറെ ജനശ്രദ്ധ നേടാറുണ്ട്. ഒരു രാത്രികൊണ്ടും മറ്റും രൂപപ്പെടുന്ന ഇത്തരം കൂറ്റന്‍ അടയാളങ്ങള്‍ അന്യഗ്രഹ ജീവികളുടെയോ അമാനുഷിക ശക്തികളുടെയോ സൃഷ്ടിയാണെന്ന കഥകളും വ്യാപകമാണ്. ഇത്തരത്തില്‍ വൃത്താകൃതിയിലുള്ള ഒരു രൂപമാണ് അമേരിക്കയിലെ വെസ്റ്റ് ബ്രൂക്കിലുള്ള നദിയിലും രൂപപ്പെട്ടത്. നദിയില്‍ മഞ്ഞു കൊണ്ടു രൂപപ്പെട്ട ഈ വൃത്തം, ചക്രം പോലെ കറങ്ങുകയും ചെയ്യുന്നുണ്ട്. 

പ്രെസ്യൂമ്സ്കോട്ട് എന്ന നദിയിലാണ് ഈ അപൂര്‍വ പ്രതിഭാസം രൂപപ്പെട്ടത്. ഒട്ടും പരിചിതമല്ലാത്ത ഈ കാഴ്ച കണ്ടതോടെ വെസ്റ്റ് ബ്രൂക്ക് നിവാസികളും അദ്ഭുതപ്പെട്ടു. പലരും പല തരത്തിലുള്ള കഥകളും ഊഹങ്ങളും മെനഞ്ഞെടുത്തു. ഇത്തരത്തില്‍ ഒന്നായിരുന്നു അന്യഗ്രഹ ജീവികളുടെ സാന്നിധ്യം. അന്യഗ്രഹ ജീവികള്‍ സഞ്ചരിച്ച പറക്കും തളിക ഈ മഞ്ഞു ചക്രത്തിനു മുകളിലുണ്ടെന്നു വരെ പലരും വിശ്വസിച്ചു. മനുഷ്യര്‍ക്കു കാണാന്‍ കഴിയില്ലെന്നും, ഭാരമില്ലാത്തവയാണ് ഈ പറക്കും തളികയെന്നും കിംവദന്തികള്‍ പരന്നു. ഇതോടെയാണ് ഈ മഞ്ഞ് ചക്രത്തിന്‍റെ പിന്നിലെ സത്യം വെളിപ്പെടുത്തി ഗവേഷകര്‍ രംഗത്തെത്തിയത്. 

ഐസ് ഡിസ്ക്

വൃത്തത്തില്‍ കാണപ്പെടുന്ന തീരെ കനം കുറഞ്ഞ ഒരു മഞ്ഞു പാളിയാണ് നദിയില്‍ രൂപപ്പെട്ടത്. ഡിസ്കിനോട് സാമ്യമുള്ള രൂപമായതിനാല്‍ ഐസ് ഡിസ്ക് എന്നതാണ് ഈ പ്രതിഭാസത്തിനു ശാസ്ത്രം നല്‍കിയിരിക്കുന്ന പേര്. ഐസ് ഡിസ്ക് അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. സാധാരണ ഗതിയില്‍ ധ്രുവപ്രദേശങ്ങളോടു ചേര്‍ന്നു കിടക്കുന്ന അലാസ്കയിലും, സൈബീരിയയിലും നദികളില്‍ ശൈത്യാകാലത്തിന്‍റെ അവസാനത്തിലാണ് ഇവ രൂപപ്പെടുക. 

90 മീറ്റര്‍ വിസ്തൃതിയാണ് വെസ്റ്റ് ബ്രൂക്കില്‍ രൂപപ്പെട്ട ഈ മഞ്ഞുചക്രത്തിനുണ്ടായിരുന്നത്. സാധാരണ കാണപ്പെടുന്ന ഐസ് ഡിസ്ക്കുകളേക്കാള്‍ ഇതിനു വലുപ്പവും കൂടുതലുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഒരു പക്ഷെ ലോകത്ത് ഇതേവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ഐസ് ഡിസ്ക് ആയേക്കാം ഇതെന്നും ഗവേഷകര്‍ കരുതുന്നു. ഇന്നേവരെ രേഖപ്പെടുത്തിയ ഐസ് ഡിസ്കുകള്‍ ഒന്നും തന്നെ ഇത്രയും വലുപ്പമുള്ളതായി കണ്ടെത്തിയിട്ടില്ല. 

തിങ്കളാഴ്ച രാവിലെയാണ് ഈ ഐസ് ഡിസ്ക് വെസ്റ്റ് ബ്രൂക്ക് നിവാസികള്‍ കണ്ടെത്തയത്. തുടക്കത്തില്‍ ആരും അതത്ര കാര്യമാക്കിയില്ല. വെയില്‍ തെളിയുന്നതോടെ ഇത് അപ്രത്യക്ഷമാകുമെന്നാണു കരുതിയത്. എന്നാല്‍ നാല് ദിവസമായിട്ടും ഐസ് ഡിസ്ക് സമാന അവസ്ഥയില്‍ തന്നെ തുടരുകയാണ്. കൂടാതെ ക്ലോക്കിന്‍റെ വിപരീത ദിശയില്‍ സാവധാനം ഈ ഐസ് ഡിസ്ക് കറങ്ങുന്നുമുണ്ട്. ഒരു ദിവസം കഴിഞ്ഞിട്ടും അപ്രത്യക്ഷമാകാതായതോടെ ചൊവ്വാഴ്ച തന്നെ ഗവേഷകരെത്തി ഐസ് ഡിസ്ക് പരിശോധിച്ചിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു.

ഭൂമിയുടെ ദ്വിമാന ചിത്രം

Ice disc
Image Credit: City of Westbrook/Facebook

ശൂന്യാകാശത്തു നിന്നു നോക്കുമ്പോള്‍ മേഘാവൃതമായ ഭൂമിയെ കാണുന്നതു പോലെയാണ് ഈ ഐസ് ഡിസ്ക് പലപ്പോഴും കാണപ്പെടുന്നത്. ഐസിന്‍റെ വെള്ള നിറവും, നദിയുടെ നീല നിറവും ഇടകലരുമ്പോഴാണ് ഈ കാഴ്ച. അതേസമയം ഡിസ്ക് രാവിലെ പൂർണമായും ഐസ് നിറഞ്ഞു കാണപ്പെടും. ഈ സമയത്തെ ഡിസ്കിന്‍റെ രൂപത്തോട് സാമ്യമുള്ളത് ചന്ദ്രനാണെന്നും പ്രദേശവാസികള്‍ പറയുന്നു. 

മനുഷ്യര്‍ അല്‍പം പേടിയോടു കൂടിയാണ് സമീപിച്ചതെങ്കിലും പ്രദേശത്തെ മറ്റു ജീവികള്‍ക്ക് ഈ അപൂര്‍വ പ്രതിഭാസം പുതിയ താവളമായി. നീന്തി ക്ഷീണിച്ച താറാവുകളും, മറ്റു പക്ഷികളും ഐസ് ഡിസ്കിനു സമീപമെത്തുകയും അതില്‍ വിശ്രമിക്കുകയുമൊക്കെ ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ആദ്യമായി ഐസ് ഡിസ്ക് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. അന്ന് റൗണ്ട് ഐസ് കേക്ക് എന്നാണ് ഈ പ്രതിഭാസത്തെ ഗവേഷകര്‍ വിളിച്ചത്. 

പരാജയപ്പെട്ട പരീക്ഷണങ്ങള്‍

Ice disc

ഐസ് ഡിസ്കിനെക്കുറിച്ച് കൂടുതലറിയാനും ഇവയുടെ വിപരീത ദിശയിലുള്ള കറക്കത്തിന്‍റെ രഹസ്യമറിയാനും ഗവേഷകര്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. 2016 ല്‍ കൃത്രിമമായി ഐസ് ഡിസ്കിന് ലാബില്‍ രൂപം നല്‍കുക പോലും ചെയ്തിരുന്നു. എന്നാല്‍ അപ്പോള്‍ ഐസ് ഡിസ്ക് രൂപപ്പെട്ടെങ്കിലും കറക്കം സംഭവിച്ചില്ല. അതുകൊണ്ട് തന്നെ ഐസ് ഡിസ്കുകളുടെ കറക്കത്തിനു പിന്നിലെ രഹസ്യം ഇതുവരെ ശാസ്ത്രത്തിനു കണ്ടെത്താനായിട്ടില്ല. 

എങ്കിലും ഐസ് ഡിസ്കുകളുടെ കറക്കം സംബന്ധിച്ച് ഗവേഷകരുടെ കണക്കു കൂട്ടല്‍ ഇങ്ങനെയാണ്. ഐസ് ഡിസ്കിന് കീഴിലുള്ള മഞ്ഞുരുകി വെള്ളമാകുമ്പോള്‍ അത് അടിയിലേക്കു പോകും,  ഈ സമയത്ത് രൂപപ്പെടുന്ന വെര്‍ട്ടല്‍ വോര്‍ട്ടക്സ്  മൂലം മുകളിലുള്ള മഞ്ഞു കറങ്ങുകയും ചെയ്യുന്നു. പക്ഷെ ഇത് ശാസ്ത്രീയമായി തെളിയിക്കാന്‍ ഇതുവരെ ഗവേഷകര്‍ക്കു സാധിച്ചിട്ടില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA