പത്ത് വര്‍ഷ ചലഞ്ചില്‍ ഭയപ്പെടുത്തുന്ന പാരിസ്ഥിതിക മാറ്റങ്ങൾ

10yearchallengeenvironmental
SHARE

പത്തു വര്‍ഷം മുന്‍പെടുത്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന തിരക്കിലാണ് ഏവരും. 2009 ലേയും 2019 ലെ ചിത്രങ്ങള്‍ പങ്കു വച്ച് ഇവ തമ്മില്‍ താരതമ്യപ്പെടുത്തുന്ന തിരക്കിനു പിന്നാലെയാണ് ലോകം. സ്വന്തം ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ മാത്രമല്ല രാഷ്ട്രീയമായും, സാമൂഹികമായും ഉള്ള മാറ്റങ്ങള്‍ ഓര്‍മ്മിപ്പിക്കാനും ഈ ചലഞ്ച് ഉപയോഗിക്കുന്നവരുണ്ട്. ഇത്തരമൊരു ശ്രമത്തിന്‍റെ ഭാഗമായി പരിസ്ഥിതി പ്രവര്‍ത്തകരും പരിസ്ഥിതി സംഘടനകളും പങ്കുവച്ച് ചില ചിത്രങ്ങളുണ്ട്. മനുഷ്യര്‍ സൃഷ്ടിച്ച ആഘാതത്തില്‍ പ്രകൃതിയിലുണ്ടായിട്ടുള്ള മാറ്റങ്ങളുടെ ചിത്രങ്ങളാണിവ . ഇനിയൊരു തിരിച്ചു പോക്കില്ലാത്ത ആശങ്കപ്പെടേണ്ട കാലത്തേക്കാണു മനുഷ്യര്‍ പ്രകൃതിയെ എത്തിച്ചിരിക്കുന്നതെന്ന് മിക്ക ചിത്രങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

വനനശീകരണം

ഒരിക്കല്‍ ഹരിതാഭവും, ഇടതൂര്‍ന്ന ചെടികളും മരങ്ങളും നിറഞ്ഞ ഒരു പ്രദേശത്ത് വെട്ടിനിരത്തപ്പെട്ട കുറ്റികള്‍ മാത്രം ശേഷിക്കുക. ഈ കാഴ്ച ഏതൊരു പരിസ്ഥിതി സ്നേഹിക്കും ഹൃദയഭേദകമാണ്. ഇത്തരത്തില്‍ നിരവധി ചിത്രങ്ങളാണ് 10 വര്‍ഷ ചലഞ്ചിന്‍റെ ഭാഗമായി പങ്കു വയ്ക്കപ്പെട്ടത്. ബോര്‍ണിയോ വനത്തില്‍ നിന്നുള്ള രണ്ട് ചിത്രങ്ങളടങ്ങിയ പത്തു വര്‍ഷ ചലഞ്ചിൽ ഒന്നില്‍ മരങ്ങള്‍ നിറഞ്ഞ വനത്തിലെ വള്ളിയില്‍ തൂങ്ങിയാടുന്ന ഉറാങ്ങ് ഉട്ടാനാണ്. മറ്റൊന്ന് പത്ത് വര്‍ഷത്തിന് ശേഷം പ്രദേശത്തെ മരങ്ങള് മുഴുവന്‍ വെട്ടി നീക്കപ്പെട്ട നിലയിലും. ബോര്‍ണിയോയിലും തെക്കുകിഴക്കനേഷ്യയില്‍ വ്യാപകമായും നടക്കുന്ന വനനശീകരണത്തിന്‍റെ ഓര്‍മ്മിപ്പിക്കലായി ഈ ചിത്രം.

ആര്‍ട്ടിക്കിലെ മഞ്ഞ്

യുകെ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പങ്കുവച്ച ആര്‍ട്ടിക്കിന്‍റെ ഉപഗ്രഹ ചിത്രങ്ങളാണ് പരിസ്ഥിതി സ്നേഹികള്‍ ഏറ്റവുമധികം പങ്കുവച്ച 10 വര്‍ഷ ചലഞ്ച് ചിത്രങ്ങളില്‍ ഒന്ന്. 2009 ലെ ആര്‍ട്ടിക്കിലെ മഞ്ഞിന്‍റെ അളവും 2019 ലെ അളവും തമ്മിലുള്ള വ്യത്യാസം ആരെയും ആശങ്കപ്പെടുത്തും. ഈ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടു തന്നെയാണ് നാസ പ്രസിദ്ധീകരിച്ച ഈ ഉപഗ്രഹ ചിത്രങ്ങള്‍ യുകെ വേള്‍ഡ് വൈല്‍ഡ് ലൈഫും മറ്റുള്ളവരും ഈ ചിത്രം പങ്ക് വച്ചത്. ഈ കാലയളവില്‍ ആര്‍ട്ടിക്കിലെ മഞ്ഞിന്‍റെ അളവില്‍ ഏതാണ്ട് മൂന്നില്‍ രണ്ട് ശതമാനത്തിന്‍റെ കുറവ് വന്നിട്ടുണ്ടെന്നാണു കരുതുന്നത്.

ഗ്രീന്‍പീസ് പങ്കുവച്ച ആര്‍ട്ടിക്കിന്‍റെ ചിത്രങ്ങളും സമാനമായ തോതില്‍ ആശങ്കപ്പെടുത്തുന്നതാണ്. പക്ഷെ ഈ ചിത്രങ്ങള്‍ പറയുന്നത് പത്ത് വര്‍ഷത്തെ അല്ല മറിച്ച് നൂറ് വര്‍ഷത്തെ മാറ്റമാണ്. ആര്‍ട്ടിക്കിലെ മഞ്ഞു പുതഞ്ഞ ഒരു പർവതമാണ് നൂറ് വര്‍ഷം മുന്‍പുള്ള ചിത്രത്തിലെങ്കില്‍ ഇപ്പോള്‍ പ്രദേശം കാണപ്പെടുന്നത് നേരിയ തോതില്‍ മഞ്ഞു വീഴ്ച അനുഭവപ്പെടുന്ന ഒരു പ്രദേശത്തെപ്പോലെയാണ്.

മലിനീകരിക്കപ്പെടുന്ന ജലാശയങ്ങള്‍

ജലാശയങ്ങളുടെ മലിനീകരണമാണ് പരിസ്ഥിതി നേരിടുന്ന മറ്റൊരു ഭീതിജനകമായ കാര്യം. ഘാന വൈല്‍ഡ് ലൈഫ് സൊസൈറ്റി പങ്കു വച്ച ഒരു നദിയുടെ ചിത്രമാണ് ഇതിനുദാഹരണം. ഘാനയില്‍ പത്തു വര്‍ഷത്തിനിടെ ക്രമാതീതമായി വർധിച്ച സ്വര്‍ണ്ണ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം ചൂണ്ടിക്കാട്ടുന്നതാണ് ഈ ദൃശ്യം. തെളിഞ്ഞ വെള്ളമൊഴുകിയിരുന്ന പത്തു വര്‍ഷം മുന്‍പുള്ള നദിയുടെ ദൃശ്യത്തിനൊപ്പം മലിനീകരിക്കപ്പെട്ടു മഞ്ഞ നിറത്തിലൊഴുകുന്ന അതേ നദിയുടെ ദൃശ്യമാണ് ഘാന വൈല്‍ഡ് ലൈഫ് സൊസൈറ്റി പങ്കു വച്ചത്.

ജൈവ വൈവിധ്യം നേരിടുന്ന ഭീഷണി

ഭൂമിയിലെ ജൈവവൈവിധ്യത്തില്‍ സംഭവിക്കുന്ന കുറവ് അപായകരമായ നിലയിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ഈ പ്രതിസന്ധി ചൂണ്ടിക്കാട്ടാന്‍ നിരവധി പേര്‍ ഉപയോഗിച്ചത് മുന്‍പ് തന്നെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഒരു ധ്രുവക്കരടിയുടെ ചിത്രമാണ്. ആര്‍ട്ടിക്കിലെ മഞ്ഞുരുക്കം മൂലം പുറത്തേക്കു കടക്കാന്‍ കഴിയാതെ ഒരു ദ്വീപില്‍ ഭക്ഷണമില്ലാത്തെ ഒറ്റപ്പെട്ട ധ്രുവക്കരടിയാണ് ചിത്രങ്ങളില്‍ ഒന്നിലുള്ളത്. പട്ടിണിക്കോലമായി മരണത്തെ മുന്നില്‍ കാണുന്ന കരടിയുടെ ദൃശ്യം ആരുടെയും കരളലിയിപ്പിക്കും. ഒപ്പം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ഏവരേയും ചിന്തിപ്പിക്കാനും ഈ ചിത്രത്തിനു ശേഷിയുണ്ട്.

കെവിന്‍ പീറ്റേഴ്സണിന്‍റെ കാണ്ടാമൃഗ ചലഞ്ച്

എല്ലാവരും പത്തു വര്‍ഷത്തിനിടെ സംഭവിച്ച മാറ്റങ്ങളാണ് ചൂണ്ടിക്കാട്ടിയതെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍ വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ചു മുന്നറിയിപ്പ് നല്‍കാനാണ് ഈ ചലഞ്ച് ഉപയോഗിച്ചത്. 2019 ല്‍ പുല്‍മൈതാനത്ത് മേയുന്ന രണ്ട് കാണാമൃഗങ്ങളുടെ ചിത്രത്തിനൊപ്പം 2029 ല്‍ വിജനമായ പുല്‍മൈതാനത്തിന്‍റെ ചിത്രമാണ് കെവിന്‍ പീറ്റേഴ്സണ്‍ ട്വീറ്റ് ചെയ്തത്. ആഫ്രിക്കയില്‍ വ്യാപകമായ കാണ്ടാമൃഗ വേട്ട സൃഷ്ടിക്കാന്‍ പോകുന്ന വിനാശത്തെക്കുറിച്ചു സൂചന നല്‍കുന്നതായിരുന്നു കെവിന്‍ പീറ്റേഴ്സണ്‍ പങ്കു വച്ച ഈ ചിത്രങ്ങള്‍.

വംശനാശം സംഭവിച്ച ജീവികള്‍

കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ വംശനാശം സംഭവിച്ച ജീവികള്‍ ഏതാണ്ട് ആയിരത്തിലധികം വരുമെന്നാണു കണക്കാക്കുന്നത്. ബ്ലൂ സ്പിക്സ് മക്വാവ് എന്ന തത്തയാണ് ഇവയിലൊന്ന്. 2009 ല്‍ മരക്കൊമ്പിലിരിക്കുന്ന ബ്ലൂ മക്വാവ് തത്തയും 2019 ല്‍ ഒഴിഞ്ഞ മരക്കൊമ്പുമാണ് വംശനാശം സംഭവിച്ച ജീവികള്‍ക്കു വേണ്ടിയുള്ള 10 വര്‍ഷ ചലഞ്ചില്‍ പങ്കു വയ്ക്കപ്പെട്ട ചിത്രങ്ങള്‍. റിയോ എന്ന ചിത്രത്തിലൂടെ പ്രശസ്തമായ ബ്ലൂ സൈക്സ് മക്കാവു എന്ന ഈ തത്തയ്ക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടത് 2019 ലാണ്. 2018 ല്‍ ഈ തത്തയുള്‍പ്പടെ 48 ജീവികള്‍ക്കു വംശനാശം സംഭവിച്ചതായാണ് ഇതുവരെ കണക്കാക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA