sections
MORE

ഭൂഗര്‍ഭജലത്തെ ടൈം ബോംബാക്കി മാറ്റുന്ന ആ ‘ഭീകരൻ’; വരും തലമുറയെ കാത്തിരിക്കുന്നത്?

HIGHLIGHTS
  • ഭൂഗര്‍ഭജലത്തിലുണ്ടാകുന്ന കുറവ് ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും
  • ഭൂഗര്‍ഭജലം പാരിസ്ഥിതിക 'ടൈംബോംബ്' എന്ന് ഗവേഷകര്‍
647967422
SHARE

ഭൂമിക്കടിയില്‍ മണ്ണിലും പാറകള്‍ക്കിടയിലുമാണ് ജലം കാണപ്പെടുന്നത്. ഭൂഗര്‍ഭജലം എന്നു വിളിക്കുന്ന ഈ ജലം മഴ പെയ്യുമ്പോള്‍ സംഭരിക്കപ്പെടുകയും പലയിടങ്ങളിലും ഉറവയായി പുറത്തേക്കു വരികയും ചെയ്യുന്നു. പക്ഷേ ഭൂഗര്‍ഭജലത്തിന്‍റെ ഈ സ്വാഭാവിക ക്രമീകരണത്തെ ആഗോളതാപനം സാരമായി ബാധിക്കുന്നു എന്നാണ് ഭൂഗര്‍ഭ ഗവേഷകര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ആഗോളതാപനം നിലവിലുള്ള ഭൂഗര്‍ഭജലത്തെ കാര്യമായി സ്വാധീനിക്കില്ലെങ്കിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതും ഭാവിയില്‍ നടക്കാനിരിക്കുന്നതുമായി ഭൂഗര്‍ഭജലത്തിന്‍റെ രൂപീകരണത്തില്‍ സാരമായ മാറ്റമുണ്ടാക്കുമെന്നാണു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

വർധിക്കുന്ന ചൂടും മഴക്കുറവും

ഭൂഗര്‍ഭജലത്തെ ഒരു ടൈം ബോംബായി കണക്കാക്കിയാല്‍ അതിന്‍റെ ഫ്യൂസായി ഗവേഷകര്‍ വിശേഷിപ്പിക്കുന്നത് ചൂടിലുണ്ടാകുന്ന വർധനവും മഴക്കുറവുമാണ്. ലോകത്ത് പലയിടങ്ങളിലും മഴയുടെ കുറവ് വലിയ തോതില്‍ അനുഭവപ്പെടുന്നുണ്ട്. ഇതു ഭാവിയിലേക്കുള്ള ഭൂഗര്‍ഭജലത്തിന്‍റെ രൂപീകരണത്തെ സാരമായി തന്നെ ബാധിക്കും. താപനിലയിലുണ്ടാകുന്ന വർധനവാകട്ടെ ഭൂമിയില്‍ എല്ലായിടത്തും ക്രമാതീതമാണ്. ഇതും മഴയുടെ രൂപത്തിലെത്തുന്ന ജലം നീരാവിയായി പോകുന്ന പ്രതിഭാസത്തിന് ആക്കം കൂട്ടും. ഇങ്ങനെ ആഗോളതാപനം സൃഷ്ടിക്കുന്ന ഈ രണ്ട് നിര്‍ണായക മാറ്റങ്ങളും ഭാവിയിലേക്കുള്ള ഭൂഗര്‍ഭജലത്തിന്‍റെ അളവില്‍ വലിയ കുറവുണ്ടാക്കുമെന്നാണു ഗവേഷകര്‍ ആശങ്കപ്പെടുന്നത്.

water

മുന്‍കാലങ്ങളേക്കാള്‍ മനുഷ്യര്‍ ഭൂഗര്‍ഭജലം വ്യാപകമായി നേരിട്ട് ഊറ്റിയെടുക്കുന്ന കാലം കൂടിയാണിത്. കുഴല്‍ക്കിണറുകളുടേയും മറ്റും വരവോടെ ഭൂഗര്‍ഭജലത്തിന്‍റെ ഉപയോഗത്തിലുണ്ടായിട്ടുള്ള ഈ വർധനവും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നു. വരും കാലങ്ങളിലും സമാനമായ വര്‍ധനവ് ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നതില്‍ ഉണ്ടാകുമെന്നും ഉറപ്പാണ്. ഇതും സമീപഭാവിയില്‍ വരാനാരിക്കുന്ന ജലക്ഷാമം മൂലമുള്ള ദൂരന്തത്തെ കൂടുതല്‍ വേഗത്തിലാക്കാന്‍ കാരണമാകും. ഈ കാരണങ്ങളെല്ലാം കൊണ്ടു തന്നെയാണ് ഭൂഗര്‍ഭജലത്തെ പാരിസ്ഥിതിക ടൈംബോംബ് എന്ന് ഗവേഷകര്‍ വിശേഷിപ്പിക്കുന്നതും.

ഭൂഗര്‍ഭജലത്തെ ബാധിക്കാനെടുക്കുന്ന സമയം

താപനിലയിലും മഴയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ വിവിധ ഇടങ്ങളിലെ ഭൂഗര്‍ഭജലത്തിന്‍റെ രൂപീകരണത്തെ ബാധിക്കുന്നതിലും വ്യത്യാസമുണ്ടാകും. മഴ കൂടുതല്‍ ലഭിക്കുന്ന ആമോസോണ്‍, മധ്യ ആഫ്രിക്ക ഉള്‍പ്പടെയുള്ള ഭൂമധ്യരേഖാ പ്രദേശങ്ങളില്‍ ഈ മാറ്റം വേഗത്തില്‍ സംഭവിക്കും. അതായത് ഈ പ്രദേശങ്ങളില്‍ ലഭിക്കുന്ന മഴയിലുണ്ടാകുന്ന കുറവ് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ തന്നെ മേഖലയിലെ ഭൂഗര്‍ഭജലത്തില്‍ കുറവുണ്ടാകാന്‍ കാരണമാകും. അതേസമയം വരണ്ടതും, ചൂട് കൂടിയതുമായി മേഖലകളില്‍ ഈ മാറ്റത്തിന് ഒട്ടേറെ സമയമെടുക്കും.

നിലവിലെ കണക്കുകളനുസരിച്ച് ഭൂമിയില്‍ ഇപ്പോഴുള്ള ഭൂഗര്‍ഭജലത്തിന്‍റെ പകുതിയോളം രൂപപ്പെടാന്‍ ശരാശരി 100 വര്‍ഷമെടുക്കും. പക്ഷെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലും ആഗോളതാപനം ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ സ്വാധീനിക്കുന്ന പശ്ചാത്തലത്തിലും വരും കാലങ്ങളില്‍ ഈ സമയപരിധിയില്‍ വർധനവുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. അതായത് വരും തലമുറയെ സാരമായ ജലക്ഷാമം തന്നെയാണു കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് ശാസ്ത്രലോകം നല്‍കുന്നത്.

ഭൂഗര്‍ഭജലത്തെ വീണ്ടെടുക്കല്‍

water

നേരിട്ടും അല്ലാതെയും ഭൂമിയിലെ ജീവികളുടെ ഭക്ഷ്യവ്യവസ്ഥയില്‍ നിര്‍ണായക പങ്കാണ് ഭൂഗര്‍ഭജലത്തിനുള്ളത്. അതുകൊണ്ട് തന്നെ ഭൂഗര്‍ഭജലത്തിലുണ്ടാകുന്ന കുറവ് മനുഷ്യരെ മാത്രമല്ല ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. പക്ഷെ ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് ഒരു പരിഹാരം കാണുകയെന്നത് അത്ര എളുപ്പമാകില്ല. ഭൂഗര്‍ഭജലത്തിന്‍റെ ഉപയോഗം കുറച്ചാല്‍ തന്നെയും കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി അപ്പോഴും ബാക്കിയാവുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA