sections
MORE

പകുതി ആണും പകുതി പെണ്ണും; ഇത് പക്ഷികള്‍ക്കിടയിലെ അർധനാരീശ്വരൻ!

Northern Cardinal
SHARE

അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ഇറിയിലുള്ള കാള്‍ഡ് വെല്‍ ദമ്പതികള്‍ കഴിഞ്ഞ 25 വര്‍ഷമായി പക്ഷികളുമായി അടുത്തിടപഴകുന്നവരാണ്. വീടിനു പിന്‍വശത്തായി പക്ഷികള്‍ക്കു തീറ്റ നല്‍കുന്നതിനായി പ്രത്യേക സൗകര്യം പോലും ഇവര്‍ ഒരുക്കിയിട്ടുണ്ട്. ദിവസേന നൂറു കണക്കിനു പക്ഷികളാണ് ഇവിടെയെത്തി ഭക്ഷണവും വെള്ളവും സ്വീകരിക്കുന്നത്. മിക്ക പക്ഷികളെയും സ്ഥിരമായി കാണുന്നതിനാല്‍ തന്നെ അവയെ ശ്രദ്ധയോടെ നിരീക്ഷിക്കാനും ഷെര്‍ലി കാള്‍ഡ്‌വെലിനും ഭര്‍ത്താവ് ജെഫ്രിക്കും സാധിക്കാറുണ്ട്, ഇങ്ങനെയുള്ള നിരീക്ഷണത്തിലാണ് അടുത്തിടെ സ്ഥിരം സന്ദര്‍ശനം നടത്തുന്ന ഒരു പക്ഷിയുടെ പ്രത്യേകത അവരെ അദ്ഭുതപ്പെടുത്തിയത്.

പകുതി ആണ്‍പക്ഷിയും ബാക്കി പകുതി പെണ്‍പക്ഷിയും

നോർതേൺ കാര്‍ഡിനല്‍ വിഭാഗത്തില്‍ പെട്ട പക്ഷിയിലാണ് ഈ ശ്രദ്ധേയമായ ശാരീരിക അവസ്ഥ ഇവര്‍ കണ്ടെത്തിയത്. ഈ പക്ഷികളില്‍ ആണ്‍ പക്ഷികളുടെ നിറം കടും ചുവപ്പും, പെണ്‍ പക്ഷികളുടേത് ഇളം മഞ്ഞയും ആയിരിക്കും. എന്നാല്‍ ഇവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്ന കാര്‍ഡിനല്‍ പക്ഷികളില്‍ ഒന്നില്‍ ഈ രണ്ട് നിറങ്ങളുമുണ്ട്. തല മുതല്‍ വാലിന്‍റെ തുടക്കത്തില്‍ വരെ പകുതി ചുവപ്പും പകുതി മഞ്ഞയും നിറങ്ങളാണ് ഈ പക്ഷിക്കുള്ളത്. ഈ നിറം മാറ്റമാണ് പക്ഷിയെ വേഗത്തില്‍ ശ്രദ്ധിക്കാന്‍ കാരണമായതും. എന്നാല്‍ തുടര്‍ന്നുള്ള നിരീക്ഷണത്തില്‍ നിറത്തില്‍ മാത്രമല്ല ശാരീരികമായും ആണിന്‍റെയും പെണ്ണിന്‍റെയും ഘടനകള്‍ ഈ പക്ഷിക്കുണ്ടെന്ന് ഇവര്‍ക്കു ബോദ്ധ്യപ്പെടുകയായിരുന്നു.

ബൈലാറ്ററല്‍ ഗൈനാന്‍ഡ്രോമോര്‍ഫിസം

ഒരു ശരീരത്തില്‍ തന്നെ ആണിന്‍റെയും പെണ്ണിന്‍റെയും ശാരീരിക പ്രത്യേകതകള്‍ പകുതി വീതം കാണപ്പെടുന്നതിനാണ് ബൈലാറ്ററല്‍ ഗൈനാന്‍ഡ്രോമോര്‍ഫിസം എന്നു വിളിക്കുന്നത്. സാധാരണ പ്രാണികളിലും പുഴുക്കളിലും മാറ്റുമാണ് ഇവ സംഭവിക്കാറുള്ളത്.എന്നാല്‍ അപൂര്‍വമായി പക്ഷികളിലും ഈ അവസ്ഥ കണ്ടു വരാറുണ്ട്. 1922 ല്‍ ഒരു കോഴിയിലാണ് ഈ ശാരീരിക അവസ്ഥ ആദ്യമായി തിരിച്ചറിഞ്ഞത്. മനുഷ്യരില്‍ കണ്ടു വരുന്ന ഹോര്‍മോണുകള്‍ മൂലമുള്ള മാറ്റങ്ങളില്‍ നിന്നു വ്യത്യസ്തമായി പക്ഷികളിലും പ്രാണികളും ഇതിനു കാരണമാകുന്നത് ഡിഎന്‍എയിലുണ്ടാകുന്ന മാറ്റങ്ങളാണ്. 

northern-cardinal1

ഒരു ജീവിയില്‍ തന്നെ ഒന്നില്‍ കൂടുതല്‍ ഡിഎന്‍എ കാണപ്പെടുന്ന ജനറ്റിക് കിമേറ ആണ് ബൈലാറ്ററല്‍ ഗൈനാന്‍ഡ്രോമോര്‍ഫിസത്തിനു കാരണമാകുന്നത്. രണ്ട് ബീജവും രണ്ട് അണ്ഡവും ചേര്‍ന്ന് ഒരു ജീവി ഉണ്ടാകുമ്പോളാണ് ജനറ്റിക് കിമേറ സംഭവിക്കുന്നത്. ഒരോ അണ്ഡവും ബീജവും വ്യത്യസ്തമായാണു കൂടിച്ചേരുക.ഇവയിലൊന്ന് ആണും ഒന്ന് പെണ്ണുമായിരിക്കും. അതേസമയം ഇരട്ടകളായി രൂപപ്പെടുന്നതിന് മുന്‍പ് ആദ്യ ഘട്ടത്തില്‍ തന്നെ ഇവ ഒരുമിക്കുകയും ചെയ്യും. ഇങ്ങനെ ഒരു ശരീരത്തില്‍ തന്നെയുള്ള ഇരട്ടകളായി ഇവ മാറും. കൂടിച്ചേരല്‍ ആദ്യ ഘട്ടത്തിലായതുകൊണ്ടു തന്നെ തലച്ചോറ് ഒന്നേ ഉണ്ടാകൂ എന്നതിനാല്‍ ഇവയുടെ വ്യക്തിത്വവും ഒന്നു മാത്രമായിരിക്കും. വളര്‍ന്നു കഴിഞ്ഞാല്‍ ശാരീരികമായി ആണ്‍ പെണ്‍ സവിശേഷതകള്‍ കാണിക്കുമ്പോള്‍ ഇവയില്‍ മറ്റ്  സാധാരണ ജീവികളെ പോലെ ഒരു ഡിഎന്‍എ മാത്രമേ കാണപ്പെടുകയുള്ളൂ എന്നതും ശാസ്ത്രത്തെ കുഴക്കുന്ന പ്രത്യേകതയാണ്. ഇവയ്ക്കുള്ള പൂര്‍ണമായ ഉത്തരം ഇതുവരെ കണ്ടെത്താന്‍ ശാസ്ത്രത്തിനു കഴിഞ്ഞിട്ടുമില്ല.

പത്ത് ലക്ഷത്തില്‍ ഒന്ന്

മനുഷ്യരുള്‍പ്പടെയുള്ള സസ്തനികളില്‍ കണ്ടുവരുന്ന ഹോര്‍മോണ്‍ ഘടനയിലെ വ്യത്യസങ്ങള്‍ മൂലം സംഭവിക്കുന്ന ആണ്‍ പെണ്‍ ശാരീരിക മാറ്റങ്ങളുമായി ഇതിനെ താരതമ്യപ്പെടുത്താനാകില്ല. പ്രാണികളിലും മറ്റും ഇത്തരം ഡിഎന്‍എ മൂലമുള്ള ആണ്‍പെണ്‍ ശരീരത്തിന്‍റെ രൂപപ്പെടല്‍ പലപ്പോഴും കണ്ടു വരാറുണ്ടെങ്കിലും പക്ഷികളില്‍ ഇവ പത്തു ലക്ഷത്തില്‍ ഒന്നില്‍ മാത്രമാണ് കണ്ടുവരുന്നത്. ഇവ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

എന്നാല്‍ നോര്‍തേണ്‍ കാര്‍ഡിനല്‍ പോലുള്ള ജീവികളില്‍ ഈ ശാരീരിക മാറ്റം വേഗത്തില്‍ തിരിച്ചറിയും. ആണ്‍ പെണ്‍ പക്ഷികളുടെ നിറ വ്യത്യാസമാണ് ഇതിനു കാരണം. നേരത്തെ 2008 ലും സമാനമായി ഡിഎന്‍എ പ്രത്യകതയുള്ള ഒരു നോര്‍ത്തേണ്‍ കാര്‍ഡിനലിനെ ഇല്ലിനോസ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. സാധാരണ ഒറ്റയ്ക്കുള്ള ജീവിതമാണ് ഇത്തരം പക്ഷികള്‍ നയിക്കുന്നത്. എന്നാല്‍ കാള്‍ഡ് വെല്‍ കുടുംബം കണ്ടെത്തിയ കാര്‍ഡിനല്‍ പക്ഷി ഇതില്‍ നിന്ന് വ്യത്യസ്തമാണ്. എപ്പോഴും ഒരു ആണ്‍പക്ഷിയോടൊപ്പമാണ് ഈ കാര്‍ഡിനല്‍ കിളിയുടെ സഞ്ചാരം. ഇതോടൊപ്പം തന്നെ ആണ്‍ പെണ്‍ ശാരീരിക അവസ്ഥയുള്ള പക്ഷികള്‍ പാട്ടു പാടുന്നതായി കണ്ടെത്തിയിട്ടില്ല, എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ പക്ഷി ആണ്‍കിളിയൊടൊപ്പം പാട്ടു പാടുന്നതും താന്‍ കണ്ടിട്ടുണടെന്ന് ഷെര്‍ലി കാള്‍ഡ് വെല്‍ പറയുന്നു.

പ്രത്യുല്പാദനം

ഇത്തരം സങ്കീര്‍ണ്ണ ഡിഎന്‍എ ഉള്ള പക്ഷികളില്‍ പ്രത്യുല്പാദനവും അപൂര്‍വ്വമായി നടക്കാറുണ്ട്. 1922 ല്‍ ഈ ശാരീരിക പ്രത്യേകത ആദ്യമായി കണ്ടെത്തിയ കോഴി രണ്ട് മുട്ടയിടുകയും അതു വിരിയുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ കാര്‍ഡിനല്‍ പക്ഷിയും തന്‍റെ ആണ്‍സുഹൃത്തിനൊപ്പം ഇണചേര്‍ന്ന് ഒരിക്കല്‍ മുട്ടയിടുമെന്നും ആ കുഞ്ഞിക്കിളികളുമായി വരുമെന്നുമുള്ള പ്രതീക്ഷയിലാണ് കാള്‍ഡ് വെല്‍ ദമ്പതികള്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA