ADVERTISEMENT

ഡൽഹിയിൽ മഴയോടൊപ്പം ഈയാഴ്ചയും ആലിപ്പഴം പെയ്യുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ വ്യാഴാഴ്ച ഉത്തരേന്ത്യയിൽ പരക്കേ കനത്ത മഴയോടൊപ്പം ആലിപ്പഴം പൊഴിഞ്ഞതു കാരണം വ്യോമ ഗതാഗതം താളംതെറ്റുകയും കാർഷിക വിളകൾക്കു വ്യാപക നാശമുണ്ടാവുകയും ചെയ്തിരുന്നു. ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലാണു വ്യാപകകൃഷി നാശം റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാളെ മുതൽ മഴയും ആലിപ്പഴം പെയ്ത്തും തുടങ്ങുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇതു വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കും. കഴിഞ്ഞ വ്യാഴാഴ്ച ആലിപ്പഴം പെയ്തതിനെ തുടർന്നു ഡൽഹി വിമാനത്താവളത്തിൽ വൈകിട്ട് ആറിനും 8.45നും മധ്യേ വിവിധ കമ്പനികളുടെ 36 വിമാനങ്ങളാണു വഴിതിരിച്ചുവിട്ടത്.

പല വിമാന സർവീസുകളും റദ്ദാക്കുകയും ചെയ്തു. ഇതു വ്യോമ ഗതാഗത ഷെഡ്യൂളിനെ ആകെ താറുമാറാക്കിയിരുന്നു. ഷെഡ്യൂൾ പ്രകാരം വിമാനങ്ങളുടെ സർവീസ് പുനക്രമീകരിക്കുന്നതിനു പല സർവീസുകളും റദ്ദാക്കുകയും ജീവനക്കാരെ പുനർവിന്യസിച്ചതുമാണു വ്യോമ ഗതാഗതം അവതാളത്തിലാക്കിയത്. എന്നാൽ, കഴിഞ്ഞ ആഴ്ചയിലേതു പോലെ അത്ര ശക്തമായിരിക്കില്ല വരുംദിവസങ്ങളിലെ ആലിപ്പഴം പെയ്ത്തെന്നാണ് അധികൃതർ പറയുന്നത്. ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആലിപ്പഴം പെയ്യുമെങ്കിലും മറ്റു ചില സ്ഥലങ്ങളിൽ മഴ മാത്രം ലഭിക്കാനാണു സാധ്യതയെന്നും വ്യക്തമാക്കി.

വിമാനങ്ങളുടെ വില്ലൻ

ശക്തമായി ആലിപ്പഴം പെയ്യുന്ന സമയത്ത് വിമാനങ്ങൾക്കു പുറപ്പെടാനും ഇറങ്ങാനും സാധിക്കില്ല.

ഐസ് കഷണങ്ങൾ റൺവേയെ മൂടുന്നതു വ്യോമ ഗതാഗതത്തെ താറുമാറാക്കും.

കട്ടിയുള്ള ഐസ് കഷണങ്ങളും താഴേക്കു പൊഴിയുമെന്നതിനാൽ വിമാനങ്ങളുടെ ചില്ലുകൾക്കു കേടുപറ്റാൻ സാധ്യത.

ആലിപ്പഴം പെയ്യുന്നതു റൺവേയിലെ കാഴ്ച തടസ്സപ്പെടുത്തും.

വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിന്റെ പ്രവർത്തനവും തടസ്സപ്പെടും.

യാത്രക്കാരെ ബസ്സിൽ വിമാനത്തിനു സമീപമെത്തിക്കുന്നതു തടസ്സപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com