ADVERTISEMENT

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കടൽപ്പക്ഷി വിസ്ഡം വീണ്ടും അമ്മയായി. ഇപ്പോൾ 68 വയസ്സുള്ള വിസ്ഡം മുട്ടയിടുന്നതും അടയിരിക്കുന്നതും  കുഞ്ഞിനെ വിരിയിക്കുന്നതുമെല്ലാം പോയ വർഷങ്ങളിലും വാർത്തകളിൽ നിറഞ്ഞിരുന്നു. വിസ്ഡം എന്നു വിളിപ്പേരുള്ള ലേയ്സന്‍ ആല്‍ബട്രോസ് ഗണത്തിൽ പെട്ട ഈ കടല്‍ പക്ഷിയെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കടല്‍ പക്ഷിയായാണ് കണക്കാക്കുന്നത്. ഹവായിയിലെ മിഡ്‌വേ അറ്റോൾ ദ്വീപിലെ വന്യജീവി സങ്കേതത്തിലാണ് ഇത്തവണയും വിസ്ഡം മുട്ടയിട്ട് അടയിരുന്നു കുഞ്ഞിനെ വിരിയിച്ചത്.

2006 മുതൽ വിസ്ഡവും ഇണയായ അക്കീകാമായും ഈ പതിവ് തെറ്റിച്ചിട്ടില്ല. എല്ലാ വർഷവും ഒക്ടോബറിലാണ് ആല്‍ബട്രോസ് പക്ഷികൾ  മിഡ്‌വേ അറ്റോൾ ദ്വീപിലേക്കെത്തുന്നത്.പിന്നീട് ഏഴുമാസത്തോളം ഇവ ദ്വീപിൽ തുടരും. മുട്ടയിടാനും അടയിരിക്കാനും കുഞ്ഞിനെ വിരിയിച്ചിറക്കി വളർത്താനുമാണ് ഇത്രയും സമയം ദ്വീപിൽ തങ്ങുന്നത്. 1956ലാണ് വിസ്ഡത്തെ തിരിച്ചറിയാനായി കാലിൽ ടാഗ് ധരിപ്പിച്ചത്. പക്ഷിഗവേഷകനായ ഷാൻഡ്‌ലർ റേബിൻസായിരുന്നു ഇതിനു പിന്നിൽ.അന്നു മുതലാണ് ഗവേഷകര്‍ വിസ്ഡത്തെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. അന്ന് വിസ്ഡത്തിന് ഏകദേശം ആറ് വയസ്സായിരുന്നു പ്രായമെന്നാണ് നിഗമനം.  

ഡിസംബറിലാണ് വിസ്ഡം മുട്ടയിട്ടത്. ഏകദേശം രണ്ടു മാസത്തോളമെടുത്തു മുട്ട വിരിയാൻ.വിസ്ഡവും ഇണയും മാറിമാറി അടയിരുന്നാണ് മുട്ട വിരിയിച്ചത്. ഇപ്പോൾ കുഞ്ഞിനായി ഇരതേടാൻ പോകുന്നതും ഇങ്ങനെതന്നെയാണ്. ഒരാൾ ഇര തേടാൻ കടലിലേക്കു പോകുമ്പോൾ അടുത്തയാൾ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കും.

Wisdom
Image Credit: USFWS - Pacific Region

ഈ വിഭാഗത്തിൽ പെട്ട പക്ഷികൾ എല്ലാ വർഷവും മുട്ടയിടാറില്ല. മുട്ടയിടുമ്പോൾ ഒരു മുട്ട മാത്രമേ ഇടാറുള്ളൂ എന്നതും ഇവയുടെ പ്രത്യേകതയാണ്. ലേയ്സന്‍ ആല്‍ബട്രോസിന്റെ കോളനിയെന്നാണ് മിഡ്‌വേ ദ്വീപിനെ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ 70 ശതമാനം ലേയ്സന്‍ ആല്‍ബട്രോസ് പക്ഷികളും ഇവിടെയാണുള്ളത്. ഈ വിഭാഗത്തിൽ പെട്ട ഏകദേശം പത്തു ലക്ഷത്തോളം പക്ഷികൾ ദ്വീപിലുണ്ടെന്നാണു കണക്കാക്കുന്നത്. കടലിൽ നിന്നും ഇണചേരാനും മുട്ടയിടാനുമായി ഇവ ഈ ദ്വീപിലേക്കെത്തുന്നത് ഒക്ടോബർ നവംബർ മാസങ്ങളിലാണ്.

ഇണയോടൊപ്പം തയ്യാറാക്കുന്ന കൂട്ടിലാണണു വിസ്ഡം മുട്ടയിട്ട് അടയിരിക്കുന്നത്. മുൻ വർഷങ്ങളിൽ തയാറാക്കിയ കൂട്ടിൽ മിനുക്കു പണികൾ നടത്തിയാണ് വീണ്ടും മുട്ടയിട്ടിരിക്കുന്നത്. എല്ലാ വർഷവും ഈ ഗണത്തിൽ പെട്ട പക്ഷികൾ മുട്ടയിടാറില്ല. ഇപ്പോള്‍ വിസ്ഡത്തിനൊപ്പമുള്ളത് ഏഴാമത്തെ ഇണയാണ്. അക്കീകാമെ തന്നെയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി വിസ്ഡത്തിന്റെ ഇണ.വിസ്ഡത്തിന് ഏതാണ്ട് 31നും 37 നും ഇടയിൽ കുട്ടികള്‍ ഉണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വിസ്ഡത്തിന്റെ പുതിയ കുഞ്ഞിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള ആരാധകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com