ADVERTISEMENT

കുംഭ‘മാസം പിറന്ന് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും ചുട്ടുപൊള്ളി കേരളം. തിരുവനന്തപുരത്ത് ഇന്നലെ  38.2 ഡിഗ്രിയും കടന്ന്  മുന്നേറിയ ചൂട്  വരാനിരിക്കുന്ന കഠിനവേനലിനു മുന്നോടിയാണോ എന്ന ആശങ്കയിൽ സംസ്ഥാനം.  രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന മൂന്നാമത്തെ താപനിലയാണിത്.  കർണാടക റെയ്ചൂർ മേഖലയിലെ  2 മാപിനികൾ മാത്രമാണ് ഇന്നലെ തിരുവനന്തപുരത്തെ കടത്തിവെട്ടിയത്. 2017 ഫെബ്രുവരി 17 നു രേഖപ്പെടുത്തിയ 37.2 ഡിഗ്രിയാണ് ഇതിനു മുമ്പ് തിരുവനന്തപുരത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഫെബ്രുവരി താപനില. രാജ്യത്തെ തന്നെ ഏറ്റവും പഴക്കമുള്ള നിരീക്ഷണ കേന്ദ്രമാണ് തിരുവനന്തപുരത്തേതെന്നതും ശ്രദ്ധേയമാണ്. കാലാവസ്ഥാ മാറ്റവും നഗരവൽക്കരണവും വൻനഗരങ്ങളെ വറചട്ടിയാക്കുമെന്ന കാലാവസ്ഥാ മാറ്റം സംബന്ധിച്ച ആഗോള സമിതിയുടെ റിപ്പോർട്ടിലെ മുന്നറിയിപ്പ് യാഥാർഥ്യമാകുന്നുവോ എന്ന ആശങ്കയാണ്  നിരീക്ഷകർ പങ്കുവയ്ക്കുന്നത്. കോൺക്രീറ്റ് നിർമിതിയും ടാർ റോഡും വാഹനപ്പുകയും എസി വാഹനങ്ങളിൽ നിന്നു പുറന്തള്ളുന്ന അധിക ചൂടും നഗരങ്ങളിൽ താപതുരുത്ത് സൃഷ്ടിക്കുന്നതായി പഠനങ്ങൾ പറയുന്നു. ലാൻഡ് സ്കേപ്പിങ് മാനദണ്ഡമോ വായുവിന്റെ സുഗമ സഞ്ചാരമോ (ഈസ്മെന്റ്) ഉറപ്പാക്കാത്ത തരത്തിലുള്ള വൻസൗധങ്ങളുടെ നിർമിതിയും ഇവിടെ ചൂട് വർധിക്കാൻ കാരണമാകുന്നു. 

sun

 ചൂട് നേരത്തെയെത്തി 

സംസ്ഥാനത്തിന്റെ പല ഭാഗത്തും ഈ ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെട്ടു. മഴ അകന്ന ഈസ്ഥിതി തുടർന്നാൽ കേരളത്തിന്റെ പല ജില്ലകളും ഈ വർഷം ചൂടിന്റെ കാര്യത്തിൽ റെക്കോഡ് സ്ഥാപിക്കാനാണു സാധ്യത. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ്  ചൂട് ഏറുന്നതെങ്കിൽ ഇക്കുറി ഫെബ്രുവരി മാസത്തിൽ തന്നെ ചൂട് കടുത്ത നിലപാടെടുത്തിരിക്കയാണ്. തലസ്ഥാനമായ തിരുവനന്തപുരത്ത്  ഇന്നലെ (21) രേഖപ്പെടുത്തിയ 38.2 ഡിഗ്രി സെൽഷ്യസ് അസാധാരണമാണെന്ന് കാലാവസ്ഥാ വകുപ്പു വിശദീകരിച്ചു. ആറ്റുകാൽ പൊങ്കാല സമയത്ത് തന്നെ ചൂട് പതിവിലും ഉയർന്നിരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജനങ്ങൾക്ക് മുന്നറിയിപ്പു നൽകിയിരുന്നു.

മഴകുറഞ്ഞു, കാറ്റില്ല

തുലാമഴയിലെ വലിയ കുറവും കടൽക്കാറ്റ് കളമൊഴിഞ്ഞു നിൽക്കുന്നതുമാണ് മാറ്റത്തിന്റെ പ്രധാന കാരണമെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു. പതിവിലും രണ്ടു മുതൽ അഞ്ചു ഡിഗ്രി വരെയാണ് പരമാവധി ചൂടിൽ വന്നിരിക്കുന്ന വർധന. മഴമേഘങ്ങൾ ഒഴിഞ്ഞ് ആകാശം തെളിഞ്ഞതും വെയിൽ കത്തിക്കയറാൻ കാരണമാകുന്നു. 

sun

മഴക്കുറവിന്റെ കണക്ക് ഇങ്ങനെ

കേരളത്തിൽ ജനുവരി 1 മുതൽ ഇന്നലെ വരെ ലഭിക്കേണ്ട മഴയിൽ 27 ശതമാനത്തിന്റെ കുറവുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒരു തുള്ളിപോലും പെയ്തിട്ടില്ല— 100 ശതമാനം കുറവ്. ആലപ്പുഴ ജില്ലയിൽ 91 ശതമാനത്തിന്റെ കുറവുണ്ട്. 

തുള്ളിപോലും പെയ്യാത്ത ജില്ലകൾ: കോഴിക്കോട്, കണ്ണൂർ, കാസർകോട് (0 ശതമാനം മഴ)

മഴകുറഞ്ഞ ജില്ലകൾ: ആലപ്പുഴ— 91 ശതമാനം  മലപ്പുറം— 86 ശതമാനം  എറണാകുളം 73 ശതമാനം  തിരുവനന്തപുരം 63 ശതമാനം  കൊല്ലം 52 ശതമാനം  കോട്ടയം 44 ശതമാനം  തൃശൂർ 42 ശതമാനം  പാലക്കാട് 32 ശതമാനം. 

അധികമഴ കിട്ടിയ ജില്ലകൾ: വയനാട് 69 ശതമാനം  പത്തനംതിട്ട 67 ശതമാനം ഇടുക്കി 5 ശതമാനം.

 temperature rising

ആർദ്രത കുറഞ്ഞു

സൂര്യൻ തെക്കൻ ചായ്വിൽ (ദക്ഷിണായനം) നിൽക്കുന്നതിനാൽ തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ പല ജില്ലകളിലും ഏകദേശം 9 മണിക്കൂറോളം സൂര്യപ്രകാശം ലഭിക്കുന്നു. സൂര്യൻ ഭൂമധ്യരേഖ കടന്ന് ഉത്തരധ്രുവപ്രദേശത്തേക്കു കടക്കണമെങ്കിൽ മാർച് വരെ കാക്കണം.  കാറ്റിന്റെ വേഗം മണിക്കൂറിൽ മൂന്നോ നാലോ കിലോമീറ്റർ മാത്രം. കടൽതാപനില ഏകദേശം 28ഡിഗ്രി സെന്റീഗ്രേഡ്. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് 71 ശതമാനം. വായുവിലെ യഥാർഥ ചൂടും നഗരത്തിൽ അനുഭവപ്പെടുന്ന ചൂടും കൂടി ചേർത്താണ് താപത്തോത്  (ഹീറ്റ് ഇൻഡക്സ്) നിശ്ചയിക്കുന്നത്. ഇത് ഈ വർഷം ശരാശരിയിലും കൂടുതലായതിനാൽ പൊള്ളൽ അസഹ്യമായി മാറുന്നു. ഈർപ്പത്തോത് കുറഞ്ഞതിനാൽ കടുത്ത ഉഷ്ണം അനുഭവപ്പെടുന്നില്ലെന്നു മാത്രം. 

sun

മുൻപേ കത്തി പാലക്കാട് 

അതേ സമയം കേരളത്തിലെ ചൂടിന്റെ തലസ്ഥാന ജില്ലയായ പാലക്കാട്ട് ചൂട് 39 ഡിഗ്രി വരെയായി ഉയർന്നിട്ടുണ്ടെന്ന് പാലക്കാട് മുണ്ടൂരിലെ ഐആർടിസി നിരീക്ഷണ കേന്ദ്രം പറയുന്നു. എന്നാൽ പാലക്കാട് ടൗണിലെ കാലാവസ്ഥാ വകുപ്പിന്റെ മാപിനികൾ ഇത്രത്തോളം ചുട്ടുപഴുത്തിട്ടില്ല. അവിടെ ചൂട് 35 ഡിഗ്രി മാത്രം. പാലക്കാട് ചുരത്തോടുള്ള സാമീപ്യമാവാം മുണ്ടൂരിലെ താപമാപിനിയെ പ്രകോപിക്കുന്നതെന്ന് നിരീക്ഷകർ പറയുന്നു. ചൂടിന്റെയും തണുപ്പിന്റെയും മറ്റൊരു തറവാടായ പുനലൂരിൽ ഇന്നലെ 36. 6 ഡിഗ്രി രേഖപ്പെടുത്തി. ഏറ്റവും കുറഞ്ഞ താപനിലയായ 19 ഡിഗ്രിയും ഇവിടെ തന്നെയാണെന്നതാണ് മറ്റൊരു കൗതുകം. കാലാവസ്ഥാ വകുപ്പിന്റെയോ മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളുടെയോ നിരീക്ഷണങ്ങൾ ഇല്ലാത്ത പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ദിവസം 38 ഡിഗ്രി രേഖപ്പെടുത്തി. സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയുടെ മാപിനിയിലാണ് ഈ കടുത്ത ചൂട് അടയാളപ്പെടുത്തിയത്. 

മഴസാധ്യത കുറവ്

അടുത്ത 5 ദിവസത്തേക്ക് സംസ്ഥാനത്ത് കാര്യമായി മഴപെയ്യാനുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട നേരിയ പ്രാദേശിക മഴയ്ക്കു മാത്രമാണ് സാധ്യത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com