ADVERTISEMENT

കഴിഞ്ഞ ആഴ്ച തെക്കേ അമേരിക്കന്‍ ഐക്യനാടുകളില്‍ പരക്കെ നാശം വിതച്ച് ഒരു ചുഴലിക്കാറ്റ് വീശിയിരുന്നു. ഒട്ടേറെ ഇടങ്ങളില്‍ വെള്ളപ്പൊക്കത്തിനും വൈദ്യുത തടസ്സത്തിനും മറ്റും കാരണമായ ചുഴലിക്കാറ്റില്‍ രണ്ട് പേര്‍ മരിക്കുകയും ചെയ്തു. കാറ്റിനു പുറമേ ശക്തമായ മഴയും മഞ്ഞുമാണ് ഈ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടത്.  അപ്രതീക്ഷിതമായാണ് ഇത്ര ശക്തമായ കാറ്റും മഴയുമെല്ലാം രൂപപ്പെട്ടതും യുഎസിനു മേല്‍ വീശിയടിച്ചതും. ബോംബോജനിസിസ് അഥവാ ബോംബ് ചുഴലിക്കാറ്റ് എന്നാണ് ഈ പ്രതിഭാസത്തെ ഗവേഷകര്‍ വിളിക്കുന്നത്.

ബോംബോജനിസിസ്

അന്തരീക്ഷ മര്‍ദം കുത്തനെ താഴുന്ന പ്രതിഭാസത്തെയാണ് ബോംബോജെനിസിസ് എന്നു വിളിക്കുന്നത്. ഇങ്ങനെ സംഭവിക്കുമ്പോള്‍ ചുഴലിക്കാറ്റുണ്ടാകും എന്നതിനാല്‍ ഈ പ്രതിഭാസത്തിന് ബോംബ് ചുഴലിക്കാറ്റ് എന്ന പേരു കൂടി ലഭിച്ചു. ഇങ്ങനെ അന്തരീക്ഷ മര്‍ദം കുത്തനെ താഴുമ്പോള്‍ അതേ വേഗതയില്‍ തന്നെയാകും ചുഴലിക്കാറ്റും രൂപപ്പെടുക. അതുകൊണ്ട് തന്നെ കുറഞ്ഞ സമയത്തിനിടെ രൂപം കൊള്ളുന്ന ഈ ചുഴലിക്കാറ്റ് മുന്‍കൂട്ടി പ്രവചിക്കാനും കഴിയാറില്ല. അമേരിക്കയില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ ബോംബ് ചുഴലിക്കാറ്റിന് മുന്‍പായി ഒറ്റ രാത്രി കൊണ്ട് അന്തരീക്ഷ മർദം കുറഞ്ഞത് ബാരോമീറ്ററില്‍ 24 മില്ലീബാറാണ്.

സാധാരണ 24 മണിക്കൂറിനുള്ളില്‍ 1 മില്ലി ബാര്‍ മര്‍ദം കുറഞ്ഞാല്‍ തന്നെ അതിനെ ബോംബോജനിസിസ് ആയാണു കണക്കാക്കുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ 12 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 24 മുതല്‍ 27 വരെ മില്ലീബാര്‍ അന്തരീക്ഷ മര്‍ദമാണെന്നു നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് ഏജന്‍സി ഗവേഷകന്‍ ഗ്രെഗ് കാര്‍ബിന്‍ പറയുന്നു. ഇത് മര്‍ദത്തിലുണ്ടായ അപ്രതീക്ഷിതമായ ഇടിവാണെന്നും കാര്‍ബിന്‍ ചൂണ്ടിക്കാട്ടുന്നു.

അതുകൊണ്ട് തന്നെ ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നതും ചുഴലിക്കാറ്റിനേക്കാള്‍ ഉപരി ഈ അന്തരീക്ഷമര്‍ത്തിലെ മാറ്റമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചുഴലിക്കാറ്റ് സ്വാഭാവികമാണെന്നും എന്നാല്‍ അന്തരീക്ഷ മര്‍ദത്തിലെ ഈ കുറവ് അമേരിക്കയിലെ സര്‍വകാല റെക്കോര്‍ഡാണെന്നും ഗവേഷകര്‍ പറയുന്നു. 1950 ല്‍ കൊളറാഡോയിലെ കാലാവസ്ഥാ സ്റ്റേഷനില്‍ രേഖപ്പെടുത്തിയ മര്‍ദ വ്യതിയാനത്തിന്‍റെ വേഗതയെ മറികടക്കുന്നതായിരുന്നു കഴിഞ്ഞ ആഴ്ചയിലുണ്ടായ മാറ്റം.

അമേരിക്കയിലുണ്ടായ ബോംബോജെനിസിസ് പ്രതിഭാസത്തെ തുടര്‍ന്നു രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ദേശീയ കാലാവസ്ഥാ ഏജന്‍സി പുറത്തു വിട്ടിട്ടുണ്ട്. കാഴാചയില്‍ അദ്ഭുതപ്പെടുത്തുന്നതാണ് ഈ ദൃശ്യങ്ങള്‍. വെള്ള മേഖങ്ങള്‍ ചക്രം പോലെ കറങ്ങി നില്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.സാറ്റ്‌ലെറ്റില്‍നിന്നുള്ള ദൃശ്യങ്ങള്‍ ഭംഗിയുള്ളതാണെങ്കിലും ഇതു വീശിയടിച്ച പ്രദേശങ്ങളിലെ അനുഭവം അത്ര സുഖകരമല്ലായിരുന്നു. ഇത്തവണ കാര്യമായ ആള്‍നാശം സൃഷ്ടിച്ചില്ലെങ്കിലും അതീവ അപകടകാരിയായി മാറാന്‍ ശേഷിയുള്ളതാണ് ബോംബോജനിസിസ് പ്രതിഭാസം മൂലമുണ്ടാകുന്ന ചുഴലിക്കാറ്റുകള് എന്നും ഗവേഷകർ വ്യക്തമാക്കി‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com