ADVERTISEMENT

ഏറെ ആശങ്കയോടെയും ഒരു പരിധിവരെ ഭയത്തോടുകൂടിയുമാണ് ഈ വരികൾ എഴുതുന്നത്. ഈ ഭൂമിയിൽ ഇനി ജീവന്റെ തുടിപ്പുകൾ എത്രനാൾ എന്ന് ആലോചിക്കുമ്പോഴാണ് വേദനയുടെ ആഴം കൂടുന്നത്.  എല്ലാവർക്കും വെള്ളം... ആരും പിറകിൽ ഉപേക്ഷിക്കപ്പെടരുത് എന്ന ഐക്യരാഷ്ട്ര സഭയുടെ വിഷയത്തിൽ അടിസ്ഥാനമാക്കി ലോകമാകെ വിവിധ രൂപത്തിൽ ജല ദിനാചരണ പരിപാടികൾ നടക്കുമ്പോഴും ലോകത്താകെ രണ്ടു ബില്യൺ ജനങ്ങൾക്കു ദാഹനീർ കിട്ടാക്കനിയാണ്. 

ഒരു വശത്തു ശുദ്ധജലത്തിന്റെ കുറവ് മറുവശത്ത് ജല മലിനീകരണവും. അതോടൊപ്പം ജല ചൂഷണവും ജല കച്ചവടവും കൂടിയാകുമ്പോൾ വെല്ലുവിളികളുടെ മാനം വലുതാകുന്നു. ശുദ്ധജല ലഭ്യതയുടെ കുറവ് ഏറ്റവും കൂടുതൽ ബാധിക്കുന്നതു കുട്ടികളെയും സ്ത്രീകളെയുമാണെന്നതാണ് കൺമുന്നിലെ യാഥാർഥ്യം. ജലജന്യ  രോഗങ്ങളാൽ ലക്ഷകണക്കിനു കുട്ടികളാണ് പ്രതിദിനം ലോകത്താകെ മരിക്കുന്നത്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ഏറ്റവും കൂടുതൽ ഇല്ലാതാക്കിയത് ജലത്തെയാണ്.  ജീവന്റെ ആദ്യ സ്ഫുരണമുണ്ടായത് ജലത്തിലാണ്. ജലമില്ലെങ്കിൽ ജീവനുമില്ല. ഭൂമിയിൽ എല്ലാ ആദിമ സംസ്കാരങ്ങളും രൂപപ്പെട്ടത് നദീതടങ്ങളിലാണ്. വായു കഴിഞ്ഞാൽ ഏറ്റവും വേണ്ടത് ജലം തന്നെ. ഓക്സിജൻ ലഭിക്കുവാൻ സസ്യലതാദികൾ വേണം .അവയ്ക്കാവട്ടെ ജലം അവശ്യമായ ഘടകവും. ജലത്തിനു പകരം വയ്ക്കാൻ തൽക്കാലം നമ്മുടെ കയ്യിൽ മറ്റൊരു വസ്തുവുമില്ല എന്നതാണ് യാഥാർഥ്യം. കുടിവെള്ളം മുതൽ പല കാര്യങ്ങൾക്കും ജലം അനിവാര്യമാണ്.

മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഭൂമിയിൽ നല്ല വെള്ളം ഒരു ശതമാനത്തിൽ താഴെയാണെന്നു നാമറിയണം.പ്രകൃതിയുടെയും വെള്ളത്തിന്റെയും സ്വന്തം നാടായ കേരളത്തിലും ജലപ്രതിസന്ധി രൂക്ഷമാവുന്ന നാളുകളാണു മുന്നിലുള്ളത്.

സഹ്യാദ്രി മുതൽ അറബിക്കടലോളം സ്വച്ഛയാം പച്ചവിരിച്ചു പറന്നു വിടർന്ന എന്റെ മാമല നാടിനു ദാഹിക്കുവാൻ തുടങ്ങിയിട്ട് നാളേറെയായി.. നൂറ്റിനാൽപതുവർഷത്തിനിടയിലെ ഏറ്റവും വലിയ ചൂട് 2016 ൽ വന്നുപോയി. 2017 ൽ  ഓഖിയും 2018 ൽ നൂറ്റാണ്ടു കണ്ട വലിയ പ്രളയവും കേരളത്തെ തലോടി. മലയാള നാട്ടിലും കാലവും കാലാവസ്ഥയും വല്ലാതെ മാറുന്നു. മഴയിൽ ഏറ്റക്കുറച്ചിലുകൾ  ഉണ്ടാകുന്നതിനനുസരിച്ചു മഴക്കാലത്തു വെള്ളപ്പൊക്കം, മഴയൊന്നു മാറിയാൽ വരൾച്ച. അതികഠിനമായ ചൂടും  മഞ്ഞും മഴയും എല്ലാംകൂടി മാറിമറിയുന്നതു നമ്മുടെ താളം തെറ്റിക്കുന്നു. 

മൺസൂണിന്റെ കവാടമായ കേരത്തിൽ മഴയെ കണക്കാക്കിയാണ് കൃഷിരീതികളെല്ലാം നടക്കുന്നത്. വിളകൾക്ക് കാലം മാറുന്നത് നല്ല കാഴ്ചയല്ല. കണിക്കൊന്നയും  മാവുമെല്ലാം കാലംമാറി പൂക്കുന്നതു എന്തിന്റെ സൂചനകളാണ്? കടലിനു ചൂട് കൂടുന്നു. അല്ല ചൂട് കൂട്ടാൻ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള  മാലിന്യങ്ങൾ മനുഷ്യർ നൽകുന്നുണ്ടല്ലോ. മണ്ണെല്ലാം നമുക്ക് മുറിച്ചു  വിൽക്കാനായുള്ളതാണ്. മലകൾ ഭാരമാണ്. വയലുകൾ ശല്യമായാതിനാൽ വരട്ടെ ജെസിബി. നിരത്തട്ടെ മലകൾ ഒന്നാകെ. വയലുകളും നമുക്ക് നിരപ്പാക്കാം മഴ നമുക്കു ശല്യമാണ്.ജല സ്രോതസ്സുകൾ മാലിന്യങ്ങൾ വലിച്ചെറിയുവാനുള്ള വെളിയിടങ്ങൾ. എങ്ങോട്ടാണ് നാം പോകുന്നത്?  ദുരന്തങ്ങൾ പലതു കണ്ടില്ലേ? എന്നാണ് നാം  ഒന്ന് മാറി ചിന്തിച്ചു തുടങ്ങുന്നത്.

 ഒരു ഹെക്ടർ വനം മുപ്പതിനായിരം ഘന കിലോമീറ്റർ മഴയെയും ഒരു ഹെക്ടർ വയൽ മൂന്ന് ലക്ഷം ലിറ്റർ വെള്ളവും ഉൾക്കൊള്ളും. കാവുകൾ നല്ലൊരു ജല ആവാസവ്യവസ്ഥയാണ്.കടും കാവും കുളവും എല്ലാം നമുക്ക് വീണ്ടെടുക്കണം. മഴയെ കരുതാൻ, വെള്ളം അച്ചടക്കത്തോട ഉപയോഗിക്കുവാൻ, മണ്ണിനെയും മരത്തെയും സംരക്ഷിക്കുവാൻ നാം ശീലിക്കണം .വേണം നമുക്കൊരു ജല ജാഗ്രത. നമുക്കു തുടങ്ങാം  ജലപാഠങ്ങൾ ഒന്നൊന്നായി പഠിക്കുവാൻ. കാടു കാക്കാം.മഴവെള്ളം സംഭരിക്കാം,ഭൂജലം നിറക്കാം. നിലനിർത്താം ജല സ്രോതസുകൾ ഒന്നാകെ നന്നായി തന്നെ.

ജലസംരക്ഷണം കേവലം കുറെ പദ്ധതികൾ കൊണ്ടുമാത്രം ഉറപ്പാക്കാനാവില്ല. അതൊരു ജനതയുടെ  കൃഷി രീതികളുടെ, ഭൂവിനിയോഗത്തിന്റെ, മാലിന്യ സംസ്കരണ മാർഗങ്ങളുടെ, കെട്ടിട നിർമാണ രീതികളുടെ, പ്രവർത്തികളുടെ, നിയമങ്ങളുടെ, നിയമ പാലനത്തിന്റെ, മണ്ണ് ജലജൈവസംരക്ഷണ ശീലങ്ങളുടെ, അച്ചടക്കത്തിന്റെ  ആകെ തുകയാണ്. അതൊരു സംസ്കാരമാണ്. പോരാ സംസ്കാരമാവണം. ഓരോ ജലദിനവും നമ്മെ ഓർമിപ്പിക്കുന്നത് നാം മനസ്സിലാക്കണം. ജലം അമൂല്യമാണ് അത് പാഴാക്കരുത്.

പ്രശ്നം നിലനിൽപിന്റേതാകുമ്പോൾ മാറണം നാം ഒന്നാകെ .മാറേണ്ടതുപോലെ. ഇതാകട്ടെ ഈ ജലദിനത്തിലെ നമ്മുടെ പ്രതിജ്‍ഞ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com