ADVERTISEMENT

ആയിരത്തോളം പർവതാരോഹകരാണ് ഓരോ വർഷവും എവറസ്റ്റ് കീഴടക്കാനെത്തുന്നത്. ഇവരിൽ പകുതി പേരെങ്കിലും ലോകത്തിലെ ഏറ്റവും ഉയരമുള്ള ഈ പർവതം കീഴടക്കും. ശേഷിക്കുന്നവരിലേറെയും തോറ്റു പിന്മാറും, ചിലർ യാത്രയ്ക്കിടെ മരിക്കും. എന്നാൽ മരിക്കുന്നവരെ തിരികെയെത്തിക്കുന്നതിന് ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങളുണ്ട്. 1990കളുടെ ആദ്യം മുതൽ ഒട്ടേറെ പേരാണ് എവറസ്റ്റ് കീഴടക്കുകയെന്ന സ്വപ്നവുമായി രംഗത്തു വന്നത്. അന്നു മുതൽ നൂറുകണക്കിനു പേർ അവിടെ മരിച്ചു വീണിട്ടുമുണ്ട്. എന്നാൽ ഭൂരിപക്ഷം മൃതദേഹങ്ങളും തിരിച്ചെത്തിക്കാനായിട്ടില്ല. ഇപ്പോഴാണെങ്കിൽ ഒരു മൃതദേഹം താഴ്‌വാരത്തിലെത്തിക്കാൻ കുറഞ്ഞത് 25 മുതൽ 50 ലക്ഷം രൂപ വരെ ചെലവാകും. 

Mount Everest

കാലാവസ്ഥ പ്രതികൂലമാവുകയും മഞ്ഞുവീണ് മൃതദേഹങ്ങൾ മൂടിപ്പോകുന്നതും മറ്റൊരു പ്രശ്നം. ഇങ്ങനെ പലവിധ കാരണങ്ങളാലാണ് എവറസ്റ്റിൽ പർവതാരോഹകരുടെ മൃതദേഹം നിറഞ്ഞത്. ചില മൃതദേഹങ്ങൾ ഇന്നും യാത്രികർക്കുള്ള വഴികാട്ടി പോലുമാണ്. ഇത്തരത്തിൽ അനാഥമായി കിടക്കുന്ന മൃതദേഹങ്ങൾ പുറംലോകത്തിനു മുന്നിലേക്കെത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കാരണമാകുന്നതാകട്ടെ ആഗോള താപനവും. രാജ്യാന്തര തലത്തിൽ വർധിച്ച ചൂടിൽ മഞ്ഞുരുകൽ ശക്തമായത് എവറസ്റ്റിനെയും ബാധിച്ചിരിക്കുന്നു. പല മഞ്ഞുമലകളും മഞ്ഞുപാളികളും ഉരുകിയൊലിക്കുകയാണ്. അതും അതിവേഗത്തിൽ. ഇങ്ങനെ മഞ്ഞ് ഉരുകി മാറുന്നതോടെയാണ് വർഷങ്ങൾ പഴക്കമുള്ള മൃതദേഹങ്ങളും തെളിഞ്ഞു വന്നത്. 

അടുത്തിടെ യാത്രയ്ക്കിടെ മരണപ്പെട്ട ചിലരുടെ മൃതദേഹങ്ങൾ ഷെർപ്പകൾ താഴ്‌വാരത്തിലേക്കെത്തിച്ചു. എന്നാൽ ആരുടേതാണെന്നു പോലും അറിയാതെ ഇപ്പോൾ തെളിഞ്ഞുവരുന്ന മൃതദേഹങ്ങൾ എങ്ങോട്ടു കൊണ്ടുപോകും എന്തു ചെയ്യും എന്നതിൽ ഇപ്പോഴും അവ്യക്തതയാണ്. പല മൃതദേഹങ്ങളും പാറക്കല്ലുകൾ കൊണ്ടു മൂടി പ്രാർഥനകളോടെ ചിലയിടത്തായി അടക്കുന്നുണ്ട്. എവറസ്റ്റ് യാത്രയ്ക്കു പോകുന്നവർക്ക് ഇത്തരം മൃതദേഹങ്ങള്‍ കാണുമ്പോഴുള്ള മാനസികാഘാതം മറികടക്കാൻ പ്രത്യേക പരിശീലനം പോലും നൽകുന്നുണ്ട്. സർക്കാർ തലത്തിൽ ഈ പ്രശ്നത്തിനു പരിഹാരം കാണണമെന്നും നേപ്പാൻ മൗണ്ടനീയറിങ് അസോസിയേഷൻ പറയുന്നു. 

Mount Everest

പ്രതീക്ഷിച്ചതിലും അതിവേഗത്തിലാണ് മഞ്ഞുരുകുന്നതെന്ന് ഗവേഷകരും സാക്ഷ്യപ്പെടുത്തുന്നു. യുഎസിലെ നാഷനൽ സ്നോ ആന്‍ഡ് ഐസ് ഡേറ്റ സെന്റർ ഇതിന്റെ വിവരങ്ങളും പുറത്തുവിട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ രാജ്യാന്തര തലത്തിൽ മഞ്ഞുരുകൽ ശക്തമായെന്നാണ് സെന്ററിന്റെ വാദം. ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നതാകട്ടെ യുഎസിലെ ഗ്ലേഷ്യർ നാഷനൽ പാർക്കും. കുറഞ്ഞത് 150 മഞ്ഞുമലകളെങ്കിലും ഉണ്ടായിരുന്ന ഇവിടെ ഇന്ന് ആ സംഖ്യ മുപ്പതിലേക്കെത്തിയിരിക്കുന്നു! ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡിലും സമാന അവസ്ഥയാണ്.

ഇതിനിടെയാണ് മഞ്ഞിനടിയിൽ കാലങ്ങളായി ഒളിച്ചിരിക്കുന്ന വൈറസുകളുടെ സാന്നിധ്യം. നാലു വർഷം മുന്‍പ് ലോകത്തെ ഞെട്ടിച്ച് സൈബീരിയയിൽ അത്തരമൊരു പ്രാചീന വൈറസിനെ കണ്ടെത്തിയിരുന്നു. ആർട്ടിക് പ്രദേശത്തിനു താഴെയുള്ള പെർമഫ്രോസ്റ്റിലാണ് മോളിവൈറസ് സൈബീരിക്കത്തെ കണ്ടെത്തിയത്. 30,000 വര്‍ഷം പഴക്കമുള്ള ആ വൈറസിന് ഇപ്പോഴും രോഗം പരത്താന്‍ സാധിക്കുമെന്ന വിവരമാണ് ഞെട്ടിച്ചത്. ഇതേ സാഹചര്യം തന്നെ എവറസ്റ്റിലും സംഭവിക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കിൽ മേഖലയിലെ ടൂറിസത്തെ തന്നെ ദോഷകരമായി ബാധിക്കുന്നതായിരിക്കും അത്. ഈ സാഹചര്യത്തിൽ വിഷയത്തിൽ നേപ്പാൾ സർക്കാർ അടിയന്തരമായി ഇടപെട്ടു തീരുമാനമുണ്ടാക്കണമെന്നാണ് ഗവേഷകരുടെയും മൗണ്ടനീയറിങ് ഓപ്പറേറ്റർമാരുടെയും കൂട്ടായ്മ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com