ADVERTISEMENT

ദിനോസറുകളെ ഭൂലോകത്തു നിന്ന് എന്നന്നേക്കുമായി ഇല്ലാതാക്കിയത് ഒരു ഉൽക്കാപതനമാണെന്നാണ് ഏറെ പ്രചാരമുള്ള തിയറി. അത്രയും പ്രശസ്തമല്ലെങ്കിലും അവതരിപ്പിക്കപ്പെട്ട കാലം മുതൽ വിവാദത്തിലാക്കപ്പെട്ട മറ്റൊരു സിദ്ധാന്തം കൂടിയുണ്ട്– യങ്ങർ ഡ്രയസ് ഇംപാക്ട് തിയറി അഥവാ ക്ലോവിസ് കോമെറ്റ് ഹൈപ്പോതിസിസ്.

ഏതാനും വർഷം മുൻപാണ് സിദ്ധാന്തം ഏറെ ചർച്ചയായത്. വടക്കേ അമേരിക്കയിലെ ക്ലോവിസ് സംസ്കാരത്തെ ഉൾപ്പെടെ ഇല്ലാതാക്കിയത് ഉൽക്കാപതനമാണെന്നാണ് തിയറി. കല്ലു കൊണ്ടുള്ള ആയുധങ്ങളുണ്ടാക്കുന്നതിൽ പ്രഗത്ഭരായിരുന്നു ക്ലോവിസ് സംസ്കാരത്തിന്റെ ഭാഗമായിരുന്ന ജനങ്ങൾ. ഒന്നോ അതിലേറെയോ ഉൽക്കകള്‍ വന്നിടിച്ച് തീപിടിത്തമുണ്ടാവുകയും ആ പുക നിറഞ്ഞ് സൂര്യപ്രകാശം ഭൂമിയിലേക്കു പതിക്കാതെ മേഖലയാകെ തണുത്തു വിറയ്ക്കുകയും ചെയ്തെന്ന് സിദ്ധാന്തത്തിൽ വ്യക്തമാക്കുന്നു. 

അതായത് ഒരു ചെറിയ കാലത്തേക്ക് വടക്കേ അമേരിക്കൻ മേഖല ‘ഹിമയുഗ’ത്തിന്റെ പിടിയിൽപ്പെട്ടു. മാമത്തുകളും സാബ്ർടൂത്ത് പുലികളും വമ്പൻ സ്ലോത്തുകളും ഉൾപ്പെടെയുള്ള ‘മെഗാഫോണ’യും ഈ ഉൽക്കാപതനത്തിൽ ഇല്ലാതായെന്നും പറയപ്പെടുന്നു. 12,800 കൊല്ലം മുൻപാണ് ഇതു സംഭവിച്ചത്. ക്ലോവിസ് സംസ്കാരം നിലനിന്നിരുന്ന വടക്കേ അമേരിക്കയുടെ പല ഭാഗങ്ങളിലും നടത്തിയ പരിശോധനയിലാണ് ഈ തിയറിക്കു ചേർന്ന തെളിവുകൾ ലഭിച്ചത്.

മണ്ണിലെ ഓരോ അടരുകളും പരിശോധിച്ചാണ് കാലങ്ങളായുണ്ടായ കാലാവസ്ഥാ മാറ്റങ്ങള്‍ ജിയോളജിസ്റ്റുകൾ തിരിച്ചറിയുന്നത്. ക്ലോവിസ് സംസ്കാരത്തിന്റെ അവസാന കാലമെന്നു വിശ്വസിക്കുന്ന സമയത്ത് അടരുകളില്‍ ഒരു കറുത്ത ‘പാളി’യായിരുന്നെന്നാണ് യങ്ങർ ഡ്രയസ് ഇംപാക്ട് തിയറിക്കാർ പറയുന്നത്. അതായത്, അക്കാലത്തു മണ്ണിന് കറുത്ത നിറമായിരുന്നു. ഉൽക്കയുടെ ആഘാതത്തിൽ കത്തിക്കരിഞ്ഞതാണിതെന്നാണു വാദം. 

എന്തായാലും ഈ സിദ്ധാന്തത്തെ ബലപ്പെടുത്തുന്ന മറ്റൊരു തെളിവ് കൂടി ഇപ്പോൾ ലഭിച്ചിരിക്കുന്നു. ഉത്തരാർധ ഗോളത്തിൽ മാത്രമല്ല, ദക്ഷിണാർധ ഗോളത്തിലും 12,800 വർഷം മുൻപ് ഉൽക്കകൾ പതിച്ചിരുന്നുവെന്നതാണ് അത്. നേരത്തേ കരുതിയിരുന്നതിലും അതിശക്തമായിരുന്നു ഉൽക്കാപതനമെന്നും ചിലെയിൽ നിന്നു ലഭിച്ച സാംപിളുകളുടെ സഹായത്തോടെ ജിയോളജിസ്റ്റുകളുടെ രാജ്യാന്തരസംഘം വാദിക്കുന്നു.

സയൻ റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്. ചിലെയൻ പാലിയന്റോളജിസ്റ്റ് മാരിയോ പിനോയുടെ നേതൃത്വത്തിൽ ചിലെയിലെയും യുഎസിലെയും ഗവേഷകരമാണ് തെളിവുകൾ ശേഖരിച്ചത്. തെക്കൻ ചിലെയിലെ ഒസോർണോ പ്രവിശ്യയിൽ കണ്ടെത്തിയ വിള്ളലാണ് ഇതിനു ഗവേഷകരെ സഹായിച്ചത്. 

comet-earth-01

ചെടികളും മരങ്ങളുമെല്ലാം കത്തിക്കരിയാനും ജീവജാലങ്ങള്‍ നശിക്കാനും മേഖലയാകെ ചെറുഹിമയുഗത്തിലേക്കു മാറാനുമെല്ലാം ഉൽക്കാപതനം കാരണമായെന്നു തെളിയിക്കുന്ന വിവരങ്ങള്‍ വിള്ളലിനോടു ചേർന്നുള്ള മണ്ണിൽ നിന്നു തന്നെ ലഭിച്ചു. വടക്കേ അമേരിക്കയിൽ കണ്ടെത്തിയ കറുത്ത മണ്ണിന്റെ ‘പാളി’ തന്നെയായിരുന്നു അതിൽ പ്രധാനം.

ചെടികളും മരങ്ങളും കത്തിയുണ്ടാകുന്ന ചാർക്കോളിന്റെയും പരാഗരേണുക്കളുടെയുമെല്ലാം സാന്നിധ്യം ഈ പാളിയി ലുണ്ടായിരുന്നു. ധാതുക്കളാൽ രൂപപ്പെട്ട ചെറു സ്ഫെറ്യൂളുകളും ധാരാളമായി ഗവേഷകര്‍ കണ്ടെത്തി. അതിശക്തമായ ചൂടിൽ മാത്രമേ ഇവ രൂപപ്പെടുകയുള്ളൂ. ഭൂമിയിൽ വളരെ അപൂർവമായ സ്വർണം, ഇരുമ്പ്സ പ്ലാറ്റിനം സ്ഫെറ്യൂളുകളും ഇതിനൊപ്പമുണ്ടായിരുന്നു. അപൂർവമായ ക്രോമിയത്തിന്റെ സാന്നിധ്യവും ഉൽക്കാപതന സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നു. 

തെക്കേ അമേരിക്കയോടു വളരെ അടുത്തുള്ള പ്രദേശങ്ങളിലായിരുന്നു പുതിയ കണ്ടെത്തൽ. അതായത് വടക്കേ അമേരിക്കയിലുണ്ടായ അതേ പാരിസ്ഥിതിക പ്രശ്നങ്ങൾ അതേ കാലയളവിൽ തെക്കേ അമേരിക്കൻ ഭാഗങ്ങളിലും സംഭവിച്ചെന്നു ചുരുക്കം. വടക്കും തെക്കും തെളിവു ലഭിച്ചിരിക്കുന്ന സ്ഥലങ്ങള്‍ തമ്മിൽ ഏകദേശം 6000 കിലോമീറ്റർ അകലവുമുണ്ട്.

വടക്ക് അന്തരീക്ഷം പെട്ടെന്നു തണുത്തു പോയെങ്കിൽ തെക്ക് കാലാവസ്ഥ ചൂടിലേക്കും വരൾച്ചയിലേക്കും പതിയെ മാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സസ്യജന്തു ജാലങ്ങളെയും മനുഷ്യവംശത്തെയും വരെ ഇല്ലാതാക്കാൻ ശേഷിയുണ്ടായിരുന്ന ഉൽക്കാ ‘ആക്രമണമാണ്’ 12,800  വർഷം മുൻപു നടന്നത് എന്നു ഗവേഷകർ സംശയലേശമില്ലാതെ പ്രസ്താവിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com