ADVERTISEMENT

ദക്ഷിണാഫ്രിക്കയിൽ ഒരു മാസത്തിനിടെ രണ്ട് തവണ ആലിപ്പഴങ്ങള്‍ പൊഴിഞ്ഞതാണ് അമുര്‍ ഫാല്‍ക്കനുകള്‍ക്ക് വിനയായി മാറിയത്. ന്യൂ കാസിലിലാണ് ഒട്ടനവധി ഫാല്‍ക്കനുകള്‍ക്ക് ആലിപ്പഴ വീഴ്ചയില്‍ പരിക്കേറ്റ് വീണത്. ഇവയെ കൂട്ടത്തോടെ രക്ഷപ്പെടുത്തിയ വനപാലകരാണ്. ഇവയിൽ സാരമായി പരിക്കേറ്റവയെ ചികിത്സിച്ചു കൊണ്ടിരിക്കുകയാണ്. പരിക്ക് കാര്യമായില്ലാത്ത ഫാല്‍ക്കനുകളെ ക്ഷീണ മാറിയ ശേഷം വിട്ടയച്ചു. റഷ്യയില്‍ നിന്ന് ശൈത്യകാലത്ത് ആഫ്രിക്കയുടെ തെക്കന്‍ മേഖലകളിലേക്കെത്തുന്ന പരുന്തിനമാണ് അമുര്‍ ഫാല്‍ക്കനുകള്‍.

രക്ഷകരെത്തിയത് 245 കിലോമീറ്റര്‍ അകലെ നിന്ന്

ആലിപ്പഴ വീഴ്ചയില്‍ പരിക്കേറ്റും, ചത്തും, ക്ഷീണച്ചും കിടന്നിരുന്ന ഫാല്‍ക്കനുകള്‍ക്ക് തുണയായത് ഫ്രീമി വൈല്‍ഡ് ലൈഫ് റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ നിന്നുള്ള സംഘമാണ്. ന്യൂ കാസിലില്‍ പരിക്കേറ്റ പരുന്തുകളെ കണ്ടെത്തിയ മേഖലയില്‍ നിന്നും ഏതാണ്ട് 245 കിലോമീറ്റര്‍ അകലെയായിരുന്നു ഫ്രീമി റീഹാബിലിറ്റേഷന്‍ സെന്‍ററിന്‍റെ ആസ്ഥാനം. പക്ഷേ വിവരമറിഞ്ഞ ദിവസം രാത്രി തന്നെ വളരെക്കുറഞ്ഞ മണിക്കൂറുകള്‍ക്കകം മെഡിക്കൽ സംഘം പരുന്തുകളുടെ രക്ഷക്കെത്തി. വനപാലകരാണ് പരുന്തുകളെ രക്ഷിക്കാന്‍ ഇവരുടെ സഹായം തേടിയത്. 

ക്യൂസുലു നദാല്‍ പ്രവശ്യയിലെ താമസക്കാരിയായ ആംഗസ് ബേണ്‍സാണ് ഫാല്‍ക്കണുകളെ കണ്ടെത്തിയത്. തുടര്‍ന്ന് വനപാലകയായ സില്‍വിയ ഫ്രാന്‍സിസിന്‍റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ പരുന്തുകളെ ഒരു കാര്‍പാര്‍ക്കിങ് ഷെഡിലേക്ക് മാറ്റി. ഏകദേശം ആയിരത്തോളം വരുന്ന പരുന്തുകളാണ് ഇങ്ങനെ പരിക്കേറ്റു കിടന്നിരുന്നത്. അമുര്‍ ഫാല്‍ക്കന്‍സും, റെഡ് ഫൂട്ടട് ഫാല്‍ക്കന്‍സുമാണ് പരിക്കേറ്റ പക്ഷികളില്‍ ഉള്‍പ്പെട്ടിരുന്നത്.

കണ്ടെത്തുമ്പോഴേക്കും പകുതിയോളം പരുന്തുകള്‍ ചത്തിരുന്നു. ശേഷിച്ചവയെയാണ് കാര്‍പാര്‍ക്കിങ് ഷെഡിലേക്ക് മാറ്റിയത്. രക്ഷാപ്രവര്‍ത്തകരെത്തിയപ്പോഴേക്കും ഇവയിൽ ചിലത് ജീവന്‍ വെടിഞ്ഞു. നാനൂറോളം പരുന്തുകളാണ് ഒടുവില്‍ ശേഷിച്ചത്. ഇവയില്‍ ചിലതിനെ സ്വതന്ത്രമാക്കി. പരുക്കേറ്റവയ്ക്ക് ചികിൽസ തുടരുകയാണ്.

രണ്ടാഴ്ച മുന്‍പും സമാനമായ സംഭവം

കൂട്ടത്തോടെ മരങ്ങളില്‍ കൂടൊരുക്കുന്നവയാണ് അമുര്‍ ഫാല്‍ക്കണുകള്‍. ദക്ഷിണാഫ്രിക്കയിലാകട്ടെ ഏപ്രില്‍ മധ്യത്തോടെ ആരംഭിക്കാനിരിക്കുന്ന ശൈത്യത്തിന് മുന്നോടിയായി മരങ്ങളെല്ലാം ഇല പൊഴിച്ച്നില്‍ക്കുകയാണ്. അപ്രതീക്ഷിതമായി പ്പെയ്ത ആലിപ്പഴ മഴയാണ് ഫാല്‍ക്കണുകളുടെ കൂട് വേഗത്തില്‍ തകരാൻ കാരണമായത്. റഷ്യയില്‍ ശൈത്യകാലം അവസാനിച്ചതോടെ ഫാല്‍ക്കനുകള്‍ അവിടേയ്ക്ക് തിരികെ പോകുന്ന സമയമാണ്. കുറേ ഫാല്‍ക്കനുകള്‍ ഇതിനകം തന്നെ കൂടൊഴിഞ്ഞിരുന്നുവെന്നും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സില്‍വിയ ഫ്രാന്‍സിസ് പറയുന്നു.

രണ്ടാഴ്ച മുന്‍പ് ക്യൂസുലു നദാല്‍ പ്രവശ്യയില്‍ തന്നൊയാണ് സമാനമായ സംഭവം ഉണ്ടായതും. അന്ന് ആലിപ്പഴ മഴയില്‍ പരിക്കേറ്റ് വീണത് രണ്ടായിരത്തിലധികം പരുന്തുകളായിരുന്നു. ഇതില്‍ നിന്ന് 724 എണ്ണത്തിനെയാണ് രക്ഷിക്കാനായത്. ഇവയില്‍ ഇരുപത്തി നാല് പരുന്തുകള്‍ ഇപ്പോഴും ചികിത്സയിലാണ്. ഫ്രീമി വൈല്‍ഡ് ലൈഫ് റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ നിന്നുള്ള സംഘം തന്നെയാണ് അവിടെയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

ഏഷ്യയുടെ വടക്കുകിഴക്കേ അറ്റത്ത് നിന്ന് തുടങ്ങി ദക്ഷിണാഫ്രിക്കയിലേക്കെത്തുന്ന ഈ അമുര്‍ ഫാല്‍ക്കണുകളുടെ ദേശാടനം പലപ്പോഴും അദ്ഭുതമാണ്. 4000 കിലോമീറ്റര്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലൂടെ പറന്നാണ് ഇവ ദക്ഷിണാഫ്രിക്കയിലേക്ക് എത്തുന്നത്. ദേശാടനത്തിന്‍റെ ഇടവേളയില്‍ നീര്‍ത്തടങ്ങള്‍ തേടി ഇന്ത്യയില്‍ കേരളം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്ക് ഇവ വിശ്രമിക്കാനായി എത്താറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com