ADVERTISEMENT

ഭൂമി മുഴുവന്‍ കീഴടക്കിയെന്ന് അഹങ്കരിക്കുമ്പോഴും മനുഷ്യരാശിക്ക് ഇന്നും കാര്യമായി പിടിതരാതെ ഒരു പ്രദേശം മാത്രം നിലകൊള്ളുന്നുണ്ട്. സമുദ്രാന്തര്‍ഭാഗത്തെ നിഗൂഢതയാണ് ഇന്നും മനുഷ്യനെ കുഴയ്ക്കുന്ന ഈ മേഖല. സമുദ്രത്തിനടിയിലെ ഭൂമിശാസ്ത്രത്തെക്കുറിച്ചോ ജൈവവ്യവസ്ഥയെക്കുറിച്ചോ ഇന്നും ചെറിയൊരു ശതമാനം മാത്രമേ മനുഷ്യന്‍ മനസ്സിലാക്കിയിട്ടുള്ളൂ. ഇതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് പസിഫിക്കിന്‍റെ സമുദ്രാന്തര്‍ഭാഗത്തു കണ്ടെത്തിയ പുതിയ മല നിരകളെ സംബന്ധിച്ച വിവരങ്ങള്‍.

കലിഫോര്‍ണിയയിലെ സ്ക്രിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെ ഗവേഷകരാണ് എസ്ആര്‍ടിഎം 15, വി2.0 എന്നീ പര്‍വതനിരകളുടെ മാപ്പ് തയാറാക്കിയത്. സാറ്റ്‌ലെറ്റ് മാപ്പിങ് ഉപയോഗിച്ചു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പര്‍വതങ്ങളുടെ മാപ്പിനു രൂപം നല്‍കിയത്. ഈ മാപ്പിനു വേണ്ടി നടത്തിയ സാറ്റ്‌ലെറ്റ് പഠനത്തിനിടെയാണ് ഈ പര്‍വതങ്ങളുടെ ഭാഗമല്ലാത്ത എന്നാല്‍ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്ന ഒരു പറ്റം മലനിരകള്‍ കണ്ടെത്തിയത്. വൈകാതെ ഈ മലനിരകള്‍ പര്‍വതങ്ങളുടെ സമീപത്തു മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും സമുദ്രതടത്തിലാകെ വ്യാപിച്ചു കിടക്കുന്നതാണെന്നും ഗവേഷകര്‍ തിരിച്ചറിഞ്ഞു.

സമ്പന്നമായ ജൈവവ്യവസ്ഥ

ഈ മലനിരകളുടെ കൃത്യമായ എണ്ണം കണക്കാക്കിയിട്ടില്ല. സാറ്റ്‌ലെറ്റ് മാപ്പിങ്ങിലൂടെ ലഭിച്ച സൂചനകള്‍ അനുസരിച്ച് ഇത്തരത്തിലുള്ള 5000 മുതല്‍ 10000 വരെ മലകളെയാണ് പുതിയതായി കണ്ടെത്തിയിരിക്കുന്നത്. വ്യത്യസ്തമായ ജൈവ വ്യവസ്ഥയുടെ കേന്ദ്രങ്ങള്‍ കൂടിയാകാം ഇത്തരത്തിലുള്ള മലനിരകളെന്നാണു ഗവേഷകര്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ഇവയെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്കായി ഗവേഷകര്‍ തയ്യാറെടുക്കുകയാണ്. ഒരു പക്ഷേ ചന്ദ്രനുള്‍പ്പടെയുള്ള പല അന്യഗ്രഹങ്ങളുടെ  പ്രതലത്തെക്കുറിച്ചു അറിയാവുന്നത്ര പോലും ഭൂമിയുടെ പ്രതലത്തെ ശാസ്ത്രം പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ലെന്നാണ് ഈ കണ്ടെത്തല്‍ തെളിയിക്കുന്നതെന്ന് പുതിയ പഠനം ഓര്‍മിപ്പിക്കുന്നു.

മലനിരകളുടെ ചെരിവുളില്‍ ഒരു വലിയ ജീവിവിഭാഗത്തിന്‍റെ തന്നെ ആവാസവ്യവസ്ഥയ്ക്കു സാധ്യതയുണ്ട്. പ്രാഥമിക ഭക്ഷ്യ ശൃംഖലയ്ക്ക് അനുയോജ്യമായ സാഹചര്യമാണ് ഈ പ്രദേശങ്ങളിലുള്ളത്. അതിനാല്‍ തന്നെ പവിഴപ്പുറ്റുകളും, ക്രില്ലുകളും, സ്പോഞ്ചുകളും പോലുള്ള ജീവികള്‍ ഈ ചെരുവുകളില്‍ ധാരാളമായി കാണപ്പെടാന്‍ സാധ്യതയുണ്ടെന്നു ഗവേഷകര്‍ പറയുന്നു. മലനിരകള്‍ക്കിടയിലൂടെ ഒഴുകുന്ന ജലത്തില്‍ നിന്ന് ഇവയ്ക്കാവശ്യമായ ഭക്ഷണം ധാരാളമായി ലഭിക്കുമെന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു.

ഇങ്ങനെ ഒരു ജൈവവ്യവസ്ഥ സമ്പന്നമായി നിലനിര്‍ത്താനുള്ള എല്ലാ സാഹചര്യവും കടലിനടിയിലെ ഈ മലഞ്ചെരുവുകളിലുണ്ട്. ഒപ്പം ഇവയെ ആശ്രയിച്ചു ജീവിക്കുന്ന മറ്റു ജീവി സമൂഹങ്ങള്‍ക്കും ഈ പ്രദേശങ്ങളില്‍ വ്യാപകമായി വളരാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഈ മലഞ്ചെരുവുകളെ ചുറ്റിപ്പറ്റിയുള്ള ജൈവവൈവസ്ഥ വ്യത്യസ്തമായതും അതിസമ്പന്നവും ആയിരിക്കുമെന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു.  മലഞ്ചെരുവില്‍ മാത്രം കാണപ്പെടുന്ന ജീവിവര്‍ഗങ്ങളും ഇതിനിടയില്‍ ഉണ്ടായേക്കാമെന്നും ഗവേഷകര്‍ കരുതുന്നു.

അഗ്നിപര്‍വതങ്ങളായിരുന്ന മലനിരകള്‍

ഈ മലനിരകളില്‍ ഭൂരിഭാഗവും ഒരു കാലത്ത് സജീവമായിരുന്ന അഗ്നിപര്‍വതങ്ങളായിരിക്കാമെന്നതാണ് മറ്റൊരു നിഗമനം. ഇപ്പോള്‍ സാറ്റ്‌ലെറ്റ് മാപ്പിങ് നടത്തിയ പസിഫിക്കിലെ മേഖഖലയ്ക്കു പുറത്ത് ഇത്തരത്തിലുള്ള കൂടുതല്‍ മലകള്‍ ഉണ്ടാകുമെന്നും ഗവേഷകര്‍ കരുതുന്നു. പസിഫിക്കില്‍ മാത്രം മുപ്പതിനായിരത്തോളം മലകള്‍ ഉണ്ടാകാമെന്നും ഭൂമിയിലെ കടലിന്‍റെ അടിത്തട്ടുകളിലാകെ കണക്കു കൂട്ടിയാല്‍ ഇവയുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞേക്കുമെന്നുമാണു പ്രതീക്ഷ. 

കടല്‍ത്തട്ടുകളുടെ മാപ്പിങ്ങിന് ഉപയോഗിച്ചിരുന്നത് സോണാര്‍ സാങ്കേതികതയാണ്. ഇത് ഉപയോഗിച്ച് പത്ത് ശതമാനം കടല്‍ത്തട്ട് മാത്രമാണ് മാപ്പ് ചെയ്യാനായത്. എന്നാല്‍ സാറ്റ്‌ലെറ്റിന്‍റെ സഹായത്തോടെയുള്ള പുതിയ രീതിയില്‍ വൈകാതെ തന്നെ കടല്‍ത്തട്ടുകളെ കുറിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം ലഭ്യമാകുമെന്നാണു ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. ഉദാഹരണത്തിന് കടല്‍ത്തട്ടിലെ ഉയരവ്യത്യാസങ്ങളെക്കുറിച്ചും മറ്റും കൂടുതല്‍ മനസ്സിലാക്കാന്‍ പുതിയ മാപ്പിങ് രീതി സഹായകരമായേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com