ADVERTISEMENT

വേനൽ മഴ അകന്നു നിൽക്കുന്ന വയനാട് ജില്ലയിൽ കഴിഞ്ഞ 2 വർഷത്തെ ഏറ്റവും കൂടുതൽ ചൂട് ഇന്നലെ രേഖപ്പെടുത്തി. 34.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നലെത്തെ ജില്ലയിലെ താപനില. വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പുമുണ്ട്. കഴിഞ്ഞ വർഷത്തെ താപനിലയേക്കാൾ ജില്ലയിൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഇൗ വർഷം വർധിച്ചിട്ടുണ്ട്.  വേനൽ മഴ കുറഞ്ഞതും താപനില കൂടാൻ കാരണമായിട്ടുണ്ട്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ഇതുവരെ കാര്യമായ വേനൽ മഴ ലഭിച്ചില്ല. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാർച്ച് 12 ന് ആണ് ഏറ്റവും കൂടുതൽ ചൂട് – 33. 2 ഡിഗ്രി സെൽഷ്യസ്. എന്നാൽ ഇന്നലെ ഒരു ഡിഗ്രി സെൽഷ്യസ് കൂടെ വർധിച്ച് 34 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തി. കഴിഞ്ഞ വർഷം ഭൂരിപക്ഷം ദിവസങ്ങളിലും താപനില 30 ഡിഗ്രി സെൽഷ്യസിന് താഴെയായിരുന്നെങ്കിൽ ഇത്തവണ കൂടുതൽ ദിവസങ്ങളിലും 30 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്.

മിക്ക ദിവസങ്ങളിലും 31, 32 ‍ഡിഗ്രി സെൽഷ്യസായി താപനില നിൽ‍ക്കുകയും ചെയ്യുന്നുണ്ട്.  വേനൽക്കാലം അവസാനിക്കാൻ ഇനിയും ആഴ്ചകൾ ഉള്ളതിനാൽ  താപനില ഇതിലും കൂടുതൽ രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കാർഷിക, തെ‍ാഴിൽ മേഖലകളെയാണ് കനത്ത ചൂട് കാര്യമായി ബാധിച്ചത്.

പലയിടങ്ങളിലും കൃഷിയിടങ്ങളിൽ ആവശ്യത്തിന് വെള്ളമില്ലാതെ കർഷകർ വലയുകയാണ്. തോട്ടം മേഖലയിൽ അടക്കം  ജോലി ചെയ്യുന്ന തെ‍ാഴിലാളികളും കനത്ത ചൂടിൽ ബുദ്ധിമുട്ടുകയാണ്. തോട്ടം മേഖലയിൽ സമയ നിയന്ത്രണം ഉണ്ടെങ്കിലും പല മേഖലകളിലും നിയന്ത്രണമില്ല. വേനൽ ശക്തമായതോടെ പലയിടങ്ങളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com