ADVERTISEMENT

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടുന്നവര്‍ക്ക് പ്രതീക്ഷയായി വളരെ കുറച്ച് സ്ഥലങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഭൂമിയില്‍ അവശേഷിക്കുന്നത്. അവയിലൊന്നായിരുന്നു നോര്‍വെയിലെ പെര്‍മാഫ്രോസ്റ്റ് മേഖലയില്‍ സ്ഥാപിച്ച ആഗോള വിത്ത് നിലവറ. പേര് സൂചിപ്പിക്കുന്നതു പോലെ ലോകത്തെ ഒട്ടുമിക്ക ചെടികളുടെയും വിത്തുകളും നിരവധി ജീവികളുടെ ജീനുകളുമെല്ലാം ഈ നിലവറയിൽ സൂക്ഷിച്ചിട്ടുണ്ട്‍. ആഗോളതാപന കാലത്തും എപ്പോഴും തണുപ്പുണ്ടാകുന്ന പ്രദേശത്തായിരിക്കണം നിലവറ വേണ്ടതെന്ന ലക്ഷ്യത്തിലാണ് പെര്‍മാഫ്രോസ്റ്റ് മേഖലയില്‍ ഡൂമ്സ് ഡേ വോള്‍ട്ട് എന്നറിയപ്പെടുന്ന ഈ നിലവറ നിര്‍മിച്ചത്.

എന്നാല്‍ കണക്കു കൂട്ടലുകള്‍ തെറ്റിയിരിക്കുകയാണ്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ആഗോളതാപനില ഉയര്‍ന്നതോടെ ഈ വിത്ത് നിലവറയില്‍ ഏതാനും ദശാബ്ദങ്ങള്‍ക്കുള്ളില്‍ വെള്ളം കയറുമെന്നാണ് ഇപ്പോള്‍ കണക്കുകൂട്ടുന്നത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ഈ നിഗമനത്തില്‍ ഗവേഷകരെത്തിയത്. വെള്ളം കയറും മുന്‍പായി സുരക്ഷിതമായ മറ്റൊരു പ്രദേശത്ത് പുതിയൊരു നിലവറ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണ് പുതിയ ചില ഭീഷണികളും ഉയര്‍ന്നു വരുന്നതായി ശാസ്ത്രലോകം തിരിച്ചറിഞ്ഞത്.

Doomsday Vault

പെര്‍മാഫ്രോസ്റ്റ് ഉരുകുന്നത് മുതല്‍ മഞ്ഞിടിച്ചില്‍ വരെ

നോര്‍വെയിലെ സ്വാൽബാര്‍ഡിലാണ് ആഗോള വിത്തു നിലവറ സ്ഥിതി ചെയ്യുന്നത്. പെര്‍മാഫ്രോസ്റ്റ് മെഖലയായ ഈ പ്രദേശത്തെ മഞ്ഞുരുകുന്നതിന്‍റെ വേഗം വർധിച്ചിരിക്കുകയാണ്. കൂടാതെ പ്രദേശത്തെ താപനിലയിലും ഇതിന് അനുപാതമായ വർധനവ് ഉണ്ടായിട്ടുണ്ട്. 1971 നും 2017 മും ഇടയ്ക്ക് ഈ മേഖലയില്‍ 4 ഡിഗ്രി സെല്‍ഷ്യസിന്‍റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ശൈത്യകാലത്തെ വ്യത്യാസമാണ് ഇതില്‍ ഉയര്‍ന്നുനില്‍ക്കുന്നത്. ഇതിനര്‍ത്ഥം ശൈത്യകാലത്തു രൂപപ്പെടുന്ന മഞ്ഞുപാളികളുട അളവിലും കുറവുണ്ടാകുന്നു എന്നുള്ളതാണ്. ഇപ്പോള്‍ ഒരു വര്‍ഷത്തെ ശരാശരി താപനില സ്വാല്‍ബാര്‍ഡില്‍ മൈനസ് 8.7 ഡിഗ്രി സെല്‍ഷ്യസാണ്.

മഞ്ഞിടിച്ചിലാണ് നിലവറയ്ക്കു ഭീഷണി ഉയര്‍ത്തുന്ന മറ്റൊരു പ്രതിഭാസം. ഉയര്‍ന്ന താപനില മൂലം മഞ്ഞുപാളികളിലെ മഞ്ഞ് വലിയ തോതില്‍ നഷ്ടപ്പെടുന്നതാണ് ഇതിനു കാരണം. 2015 ന് ശേഷം 17 തവണയാണ് വലിയ തോതിലുള്ള മഞ്ഞിടിച്ചില്‍ ഈ പ്രദേശത്തുണ്ടാകുന്നത്. മഞ്ഞിടിച്ചിലില്‍ ഇതുവരെ ഇരുപതോളം പേര്‍ പ്രദേശത്തു മരിക്കുകയും ചെയ്തു.വ്യാപകമായ തോതില്‍ മഞ്ഞിടിയുന്നത് പ്രദേശത്തെ താപനില കുത്തനെ ഉയരുന്നതിലേക്കു നയിക്കും.

ഇപ്പോള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ സാധിച്ചാല്‍ 2100 ആകുമ്പോഴേയ്ക്കും പ്രദേശത്തെ താപനിലയിലുണ്ടാകുക 6-7 ഡിഗ്രി സെല്‍ഷ്യസിന്റെ വർധനവായിരിക്കും. എന്നാല്‍ ഇനിയും കാര്‍ബണ്‍ പുറന്തള്ളുന്നത് നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ ശരാശരി 10-11 ഡിഗ്രി സെല്‍ഷ്യസിന്‍റെ വർധനവ് പ്രദേശത്തുണ്ടാകുമെന്നാണു കണക്കു കൂട്ടുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ താാപനില നിയന്ത്രണം പരാജയപ്പെടുന്നതു വഴിയോ അല്ലെങ്കില്‍ വെള്ളപ്പൊക്കം മൂലമോ ഇപ്പോഴത്തെ ആഗോള വിത്ത് നിലവറ ഉപയോഗശൂന്യമാകും.

Arctic

ആര്‍ട്ടിക്കിന്‍റെ ഭാവി

ആര്‍ട്ടിക്കിനോടു ചേര്‍ന്നു തന്നെയാണ് പെര്‍മാഫ്രോസ്റ്റ് മേഖലയും സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്ന ആര്‍ട്ടിക്കിലെ കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വേഗത്തില്‍തന്നെ പെര്‍മാഫ്രോസ്റ്റിനേയും ബാധിക്കും. വിത്തുനിലവറ സ്ഥിതി ചെയ്യുന്ന സ്വാല്‍ബാര്‍ഡ് ആര്‍ട്ടിക്കിലേക്കു പര്യവേഷണത്തിനായി പോകുന്ന ഗവേഷകരുടെ യൂറോപ്പിലെ അവസാന ഇടത്താവളം കൂടിയാണ്. ഇത്രയും അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ തന്നെ ആര്‍ട്ടിക്കിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്വാല്‍ബാര്‍ഡിലെ മഞ്ഞുപാളികളുടെ രൂപപ്പെടലിനെയും മറ്റും ബാധിക്കുന്നുണ്ട്. ആര്‍ട്ടിക് സമുദ്രത്തിന്‍റെ ആകെ താപനില വർധിച്ചത്  സ്വാല്‍ബാര്‍ഡിലെ കാലാവസ്ഥയെയും ഉലച്ചിട്ടുണ്ട്. മേഖലയില്‍ വർധിച്ചു വരുന്ന മഴയും ചെളിയും മഞ്ഞും കലര്‍ന്ന ഉരുള്‍ പൊട്ടലുമെല്ലാം മാറിയ കാലാവസ്ഥയെ തന്നെയണ് ചൂണ്ടിക്കാട്ടുന്നത്.

Svalbard

സ്വാല്‍ബാര്‍ഡിലെ മനുഷ്യവാസം

നോര്‍വെയുടെ കീഴിലുള്ള ദ്വീപായ സ്വാല്‍ബാര്‍‍ഡ് വന്‍കരയ്ക്കും ആർട്ടിക്കിനും മധ്യത്തിലായാണ് സ്ഥിതി ചെയ്യുന്നത്. ഉത്തരധ്രുവത്തോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഏറ്റവും വടക്കന്‍ മേഖലയിലുള്ള ജനവാസ കേന്ദ്രം കൂടിയാണിത് . സ്വാല്‍ബാര്‍ഡിലെ ലോങ്ങിയർബെൻ എന്ന മേഖലയാണ് മനുഷ്യവാസമുള്ള പ്രദേശം.  കൂടാതെ മുകളില്‍ സൂചിപ്പിച്ചതു പോലെ ആര്‍ട്ടിക് പര്യവേഷണത്തിന്‍റെ നാഡിയായി പ്രവര്‍ത്തിക്കുന്ന പ്രദേശം കൂടിയാണിത്. ഇക്കാരണങ്ങളാല്‍ സ്വാല്‍ബാര്‍ഡിലെ താപനില വർധനവ് വിത്തു നിലവറയെ മാത്രമല്ല മറിച്ച് ഒരു ജനവിഭാഗത്തെയും ആര്‍ട്ടിക് പര്യവേഷണത്തെയും പ്രതികൂലമായി ബാധിക്കുന്ന പ്രതിഭാസമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com