ADVERTISEMENT

ആഗേ‍ാളതാപനത്തിൽ അന്തരീക്ഷത്തിലെ കറുത്ത കണങ്ങൾക്കുള്ള (കാർബൺ) പങ്കു കണ്ടെത്തിയ ഡേ‍ാ. എസ്.കെ.സതീഷ് ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒ‍ാഫ് സയൻസിൽ കാലാവസ്ഥ, സമുദ്ര ഗവേഷണവിഭാഗത്തിൽ പ്രഫസറും ദിവേച സെന്റർ ഫേ‍ാർ ക്ലൈമറ്റ് ചേഞ്ച് ഡയറക്ടറുമാണ്. കറുത്ത കണം കണ്ടെത്തിയതിനു ഗവേഷണ മേഖലയിൽ നൽകുന്ന ഏറ്റവും വലിയ അവാർഡായ ഇൻഫേ‍ാസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. ശാന്തിസ്വരൂപ് ഭട്നാഗർ അവാർഡും ലഭിച്ചു. നാസ സീനിയർ ഫെലോയായ സതീഷ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ്.

Dr.S. K. Satheesh
ഡേ‍ാ. എസ്.കെ. .സതീഷ്

നമ്മൾ ഇതുവരെ ചെയ്തുകൂട്ടിയ ചെറുതും വലുതുമായ പ്രവൃത്തികളുടെ ആകെ ഫലമാണ് ഈ കത്തുന്ന ചൂട് അടക്കമുളള കാലാവസ്ഥാ മാറ്റം. വരുംതലമുറയാണ് ഇതിന്റെയൊക്കെ ദുരിതങ്ങൾ കൂടുതൽ നേരിടേണ്ടിവരിക. കഠിനമായ ചൂടിന്റെ പ്രത്യാഘാതം പ്രവചിക്കുക പ്രയാസം. അത്യുഷ്ണം കേരളത്തിന്റെ മാത്രം പ്രശ്നമല്ലെങ്കിലും പ്രാദേശികമായി നമുക്കതിനെ നേരിടാനും കുറയ്ക്കാനും  കഴിയും. അതിനു തയാറാണേ‍ാ എന്നതാണു ചേ‍ാദ്യം. പച്ചപ്പാണു ചൂടിനെ ചെറുക്കാൻ ഉത്തമമാർഗം, അവനവനു ചെയ്യാൻ കഴിയുന്നതു ചെയ്യുകയാണു പ്രധാനം. ലേ‍ാകരാജ്യങ്ങളിൽ നടക്കുന്നതും അതാണ്. കേരളത്തിന് അതിൽനിന്നു വിട്ടുനിൽക്കാനാവില്ല. കാലാവസ്ഥാ വ്യതിയാനത്തിന് അടിസ്ഥാനമായ കാർബൺകണികകളെ കണ്ടെത്തി ശാസ്ത്രലേ‍ാകത്തു ശ്രദ്ധേയനായ ഇന്ത്യൻ ഇൻസ്റ്റിറ്റയൂട്ട് ഒ‍ാഫ് സയൻസിലെ ഡേ‍ാ. എൻ.കെ.സതീഷ് ചൂടിനെക്കുറിച്ചും മഴയെക്കുറിച്ചും കാലാവസ്ഥാമാറ്റത്തെക്കുറിച്ചും പറയുന്നു.

എന്താണ് ഇത്തവണ ഈ കെ‍ാടുംചൂട് ?

∙ പ്രളയം കഴിഞ്ഞ് ഏതാണ്ട് ആറുമാസമായി കേരളത്തിൽ മഴയില്ല. ഉത്തരേന്ത്യയിൽ നിന്നുള്ള വരണ്ട കാറ്റും കൂടിയായപ്പേ‍ാൾ ചൂടിന്റെ തീവ്രത വർധിച്ചു. പ്രളയ

ദുരന്തത്തിൽനിന്നു കരകയറാൻ ശ്രമിക്കുന്നതിനിടെയാണു കടുത്ത ചൂടും വരൾച്ചയും. കാലാവസ്ഥാമാറ്റം തന്നെ കാരണം. ഉ‌ഷ്ണം വലിച്ചെടുക്കാനുളള പ്രകൃതിയുടെ സംവിധാനങ്ങൾക്കുണ്ടായ നാശം ദുരിതം ഇരട്ടിയാക്കി. പച്ചപ്പ് ഇല്ലാതാകുന്നതിനനുസരിച്ച് ചൂടിന്റെ തീവ്രത വർധിക്കും.

 മലിനീകരണം കാലാവസ്ഥയെ  എത്രകണ്ടു സ്വാധീനിക്കുന്നു?

∙ പാൽകവറുകളും ബിസ്കറ്റ് കവറുകളും തുടങ്ങി എന്തു കിട്ടിയാലും കൂട്ടിയിട്ടു കത്തിക്കുന്നതു നമ്മുടെ ശീലമായി വരികയാണ്. മാലിന്യം വേർതിരിച്ചു സംസ്കരിക്കാനും ബദൽ സംവിധാനത്തിനും വ്യക്തമായ നടപടിയില്ല. വാഹനങ്ങൾ പുറന്തള്ളുന്ന കാർബണിന്റെ അളവ് തിട്ടപ്പെടുത്താനും കഴിയില്ല. എല്ലാം അന്തരീക്ഷത്തിൽ അടിഞ്ഞുകൂടുന്നു. ഈ സാഹചര്യം തുടർന്നാൽ ദുരന്തങ്ങൾ ആവർത്തിച്ചേക്കാം. ഒ‍ാർമിക്കുക– കൈയിൽകിട്ടിയതെല്ലാം കത്തിക്കരുത്, കാലാവസ്ഥ മാറും. കേൾക്കുമ്പേ‍ാൾ നിസ്സാരമെന്നു തേ‍ാന്നും. വന്യമൃഗശല്യത്തിനെതിരെ കാടു കത്തിക്കുന്നവരും ഇതു ‍മനസ്സിലാക്കണം.

മഴയുടെ അളവും വിതരണവും കുറയുന്നുവെന്നത് ശരിയാണോ‍?

∙ അന്തരീക്ഷത്തിൽ കറുത്തകണങ്ങൾ വർധിക്കുന്നതനുസരിച്ചു ചൂടു കൂടും. അവ പ്രകാശം വലിച്ചെടുക്കുന്നതിനാലാണു താപനില ഉയരുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനും ഇവ പ്രധാന കാരണമാണ്. കാർമേഘങ്ങളുടെ രൂപീകരണം, വിതരണം എന്നിവയെ ഇതു ബാധിക്കും, മഴ കുറയും. ആദ്യം ഇവയെക്കുറിച്ചു ശാസ്ത്രലേ‍ാകം 

ഗൗരവമായി എടുത്തില്ല. മലിനീകരണമാണു കണങ്ങൾക്കു കാരണം. കറുത്ത കാർബണുകൾ അന്തരീക്ഷത്തിൽ അടിഞ്ഞുകെ‍ാണ്ടിരിക്കുന്നു. ഒരു മില്ലിമീറ്ററിന്റെ ആയിരത്തിലെ‍ാന്നു വലുപ്പം മാത്രമുള്ള ഇവയെ നേരിട്ടു കാണാൻ കഴിയില്ലെങ്കിലും പ്രത്യാഘാതം കടുത്തതാണ്. ഇവ കാലവർഷം വൈകിപ്പിക്കുകയും മഴയുടെ വിതരണം താറുമാറാക്കുകയും ചെയ്യും.

കേരളത്തിൽ അന്തരീക്ഷ മലിനീകരണം എത്രത്തേ‍ാളം?

∙ ആകാശത്തിന്റെ നീലനിറം നരച്ചതാകുന്നത് മാലിന്യം അടിഞ്ഞതു കെ‍ാണ്ടാണ്. പ്രകാശത്തെ വലിച്ചെടുക്കുന്ന മാലിന്യം സ്വയം ചൂടാകും. മഴ പെയ്താലേ അന്തരീക്ഷത്തിലെ പെ‍ാടിപടലങ്ങൾ ഇല്ലാതാകൂ. ഡൽഹിയുമായി താരതമ്യപ്പെടുത്താൻ കഴിയില്ലെങ്കിലും കെ‍ാച്ചി, തിരുവനന്തപുരം നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം അപകടകരമായ രീതിയിലാണ്. നമുക്കു വൻകിട വ്യവസായങ്ങളും ആണവനിലയങ്ങളും ഇല്ലാതിരുന്നിട്ടും ഇതാണ് സ്ഥിതി. കെ‍ാച്ചിയിൽ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം വൻതേ‍ാതിലാണ്. 

909909132

കാലവർഷത്തിനും മാറ്റം ഉണ്ടാകുമേ‍ാ?

∙ പരിസ്ഥിതി നാശവും അന്തരീക്ഷ മലിനീകരണവും കാരണമുളള കാലാവസ്ഥ വ്യതിയാനം വർഷങ്ങൾ കഴിയുമ്പേ‍ാൾ കേരളത്തിന്റെ സ്വന്തം കാലവർഷം അടക്കം ദക്ഷിണമേഖലയിലെ മഴക്കാലത്തെ ബാധിക്കും. മൺസൂൺ ഉത്തരേന്ത്യയിലേക്കു കുടിയേറാനുള്ള സാധ്യതകളും തളളിക്കയാനാകില്ല.

കാലാവസ്ഥയിൽ സ്ഥിതിവിവരക്കണക്കിന് എത്രത്തേ‍ാളം പ്രസക്തിയുണ്ട്?

∙ വളരെയേറെയാണ്. കേരളത്തിന് ആദ്യം വേണ്ടതു കാലാവസ്ഥയെക്കുറിച്ചു കൃത്യമായ സ്ഥിതിവിവരക്കണക്കുകളാണ്.അതിന്റെ അടിസ്ഥാനത്തിലാണു നിരീക്ഷണവും വിശകലനവും നടത്തേണ്ടത്. ഇതിനു വിദ്യാലയങ്ങളുടെ സഹായം തേടാം. പ്രളയകാലത്തു വിഷയം തുടർച്ചയായി ചർച്ച ചെയ്യപ്പെട്ടെങ്കിലും പിന്നീട് എന്തു സംഭവിച്ചെന്ന് അറിയില്ല. നെറ്റ്‌വർക്ക് സ്ഥാപിച്ചു ഡേറ്റ ഡിജിറ്റലൈസ് ചെയ്യണം. സർക്കാരിനു നയം ഉണ്ടാക്കാൻ അത് അത്യാവശ്യമാണ്. നടപ്പാക്കാൻ തയാറെങ്കിൽ ഡേറ്റാ സംവിധാനത്തിനു വിവിധ ഏജൻസികളിൽനിന്നു ഫണ്ട്  ലഭിക്കും.

വായുമലിനീകരണം കൂടുതലുള്ള ബെംഗളൂരൂവിൽ അതിന്റെ തേ‍ാത് അളക്കാൻ 100 വിദ്യാലയങ്ങളിൽ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒ‍ാഫ് സയൻസിന്റെ സഹകരണത്തേ‍ാടെ സെൻസറുകൾ സ്ഥാപിച്ചു. ഗൂഗിൾ മാപ്പിന്റെ സഹായത്താൽ വായുമലിനീകരണം കണ്ടെത്താനും ശ്രമം നടക്കുന്നു. കേരളത്തിലെ സാഹചര്യത്തിൽ ഇത്തരം സംവിധാനം വേഗം നടപ്പാക്കാനാകും.

ഇത്തവണ മഴക്കാലം വൈകുമേ‍ാ?

∙ ഇപ്പേ‍ാഴത്തെ സ്ഥിതിയിൽ സംസ്ഥാനത്തു വേനൽമഴ വളരെ നിർണായകമാണ്. അന്തരീക്ഷത്തിലെ ആകെ മാറ്റത്തിന്റെ ഭാഗമായി ഇത്തവണ കാലവർഷം വൈകുമേ‍ാ എന്നു സൂചന നൽകാനുളള ലക്ഷണമെ‍ാന്നും ഇതുവരെ പ്രത്യക്ഷമായിട്ടില്ലെങ്കിലും സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെയുണ്ടായാൽ സ്ഥിതി ഗുരുതരമാകും. എൽനിനേ‍ാ വന്നാൽ എല്ലാം തകിടം മറിയും. പ്രകൃതിയിൽ എല്ലാത്തിനും കൃത്യമായ ഒരു തുടർച്ചയുണ്ട്. അതു ലംഘിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com