ADVERTISEMENT

ദക്ഷിണാഫ്രിക്കയെ ക്രൂഗര്‍ ദേശീയ പാര്‍ക്കിൽ കാട്ടില്‍ വേട്ടയ്ക്കെത്തിയ ആള്‍ക്ക് ദാരുണാന്ത്യം. കാണ്ടാമൃഗത്തെ വേട്ടയാടാനെത്തിയവരെന്നു സംശയിക്കുന്ന അഞ്ച് പേരില്‍ ഒരാളാണ് ആനയുടെ ചവിട്ടേറ്റു മരിച്ചത്. പിന്നീട് ഇയാളുടെ ശരീരാവശിഷ്ടങ്ങൾ സിംഹങ്ങള്‍ തിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാര്‍ക്ക് സന്ദര്‍ശനത്തിനാണ് തങ്ങള്‍ എത്തിയതെന്ന് രക്ഷപെട്ട നാലു പേരും പറഞ്ഞെങ്കിലും അധികൃതര്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വേട്ടക്കാരാണെന്നു വ്യക്തമായത്.

ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ കാല്‍നടയായി പ്രവേശിക്കുന്നത് ഒട്ടും ബുദ്ധിപരമായ തീരുമാനമല്ലെന്ന് വീണ്ടും തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് പാര്‍ക്കിന്‍റ എക്സിക്യൂട്ടീവ് മാനേജര്‍ ഗ്ലെന്‍ ഫിലിപ്സ് പറഞ്ഞു. രക്ഷപെട്ട നാലു പേരെയും അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു. ഇവരുടെ കൂട്ടാളിയും കൊല്ലപ്പെട്ടയാളുമായ വ്യക്തിയുടെ മരണത്തില്‍ പാര്‍ക്ക് അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയോടെയാണ് അഞ്ചംഗ സംഘം വേട്ടയ്ക്കായി കാട്ടില്‍ പ്രവേശിച്ചത്. കാട്ടിലൂടെ നടക്കുന്നതിനിടെ സംഘത്തെ അപ്രതീക്ഷിതമായി കാട്ടാനകള്‍ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരാള്‍ മാത്രം ആനക്കൂട്ടത്തിനിടയില്‍ പെട്ടു. ആനക്കൂട്ടം പോയ ശേഷം കൂട്ടാളികള്‍ കണ്ടെത്തിയത് ഇയാളുടെ ശവശരീരമാണ്. ഇതോടെ ഭയന്ന് പോയ സംഘം ശവശരീരവും തൂക്കി റോഡിനു സമീപമെത്തി. തുടര്‍ന്ന് നേരം വെളുത്താല്‍ റോഡിലൂടെ പോകുന്നവര്‍ കാണുമെന്ന പ്രതീക്ഷയില്‍ മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു.

തുടര്‍ന്ന് മരിച്ചയാളുടെ കുടുംബത്തെ ഫോണ്‍ ചെയ്ത് വിവരമറിയിച്ചു. കുടുംബാംഗങ്ങള്‍ പരിചയക്കാരനായ ഫോറസ്റ്റ് റെയ്ഞ്ചര്‍ ഡോണ്‍ ഇംഗ്ലിഷിനെ വിവരമറിയിച്ചു. ഇതോടെയാണ് പാര്‍ക്ക് അധികൃതര്‍ വിവരമറിയുന്നത്. ഇവര്‍ രാത്രി തന്നെ അന്വേഷിച്ചെത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. സമീപത്തു നിന്ന് തന്നെ സിംഹക്കൂട്ടത്തിന്‍റെ മുരള്‍ച്ച കേട്ടെങ്കിലും നേരം വെളുക്കാതെ എന്തെങ്കിലും ചെയ്യാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. രാവിലെ നടത്തിയ തിരച്ചിലിനിടയിലാണ് സിംഹങ്ങള്‍ തിന്നു തീര്‍ത്ത മൃതദേഹാവശിഷ്ടം റെയ്ഞ്ചര്‍മാര്‍ കണ്ടെത്തുന്നത്.

സിംഹങ്ങള്‍ പൂര്‍ണമായും ഭക്ഷണമാക്കിയ ആളുടെ  തലയോട്ടിയും പാന്‍റിന്‍റെ അവശിഷ്ടങ്ങളും മാത്രമാണ് ശേഷിച്ചിരുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ മരിച്ചയാളുടെ കൂട്ടാളികള്‍ക്കു വേണ്ടി പൊലീസ് അന്വേഷണമാരംഭിച്ചു. ഇവരെ വൈകാതെ പിടികൂടുകയും ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് രണ്ട് തോക്കുകളും വെടിയുണ്ടകളും അറക്കവാളുകളും മറ്റും കണ്ടെത്തി. 

ലോകത്ത് ഏറ്റവുമധികം കാണ്ടാമൃഗങ്ങള്‍ കാണപ്പെടുന്ന പ്രദേശമാണ് ദക്ഷിണാഫ്രിക്ക. ആഫ്രിക്കയിലെ തന്നെ കാണ്ടാമൃഗങ്ങളുടെ എണ്ണത്തിന്‍റെ 80 ശതമാനത്തോളം കാണപ്പെടുന്നത് ദക്ഷിണാഫ്രിക്കയിലാണ്. അതുകൊണ്ട് തന്നെ കാണ്ടാമൃഗങ്ങള്‍ ഏറ്റവുമധികം വേട്ടയാടപ്പെടുന്നതും ദക്ഷിണാഫ്രിക്കയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com