sections
MORE

കേരളം കത്തുന്നു, ചൂട് ഇനിയും കൂടും; തീവ്രത 50 ഡിഗ്രിക്ക് മുകളിലെത്തുമെന്ന് മുന്നറിയിപ്പ്!

sun
SHARE

കേരളത്തിൽ 14 വരെ ചൂട് ഇനിയും കൂടുമെന്നും സൂര്യാതപ സാധ്യത വർധിക്കുമെന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പു പ്രകാരം ചൂട് ശരാശരിയിൽ നിന്നു 4 ഡിഗ്രി വരെ വർധിക്കും. താപസൂചിക പ്രകാരം ഇന്നും നാളെയും അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത 50 ഡിഗ്രിക്കു മുകളിലെത്തും.

ചൂട് 40 ഡിഗ്രിക്കു താഴെയാണെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് (ഹ്യുമിഡിറ്റി) കൂടുതലായതും വായൂപ്രവാഹത്തിലെ മാറ്റങ്ങളുമാണു താപസൂചിക ഉയരാനുള്ള കാരണം. ഇന്നലെ പാലക്കാട്ടാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് – 39.6. തിരുവനന്തപുരത്തും (36.8) ആലപ്പുഴയിലും (37.4) ശരാശരിയിൽ നിന്ന് 4 ഡിഗ്രി ഉയർന്ന ചൂട് രേഖപ്പെടുത്തി.

മഴക്കമ്മി 65%

ശരാശരി 59.5 മില്ലിമീറ്റർ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. പെയ്തത് 20.8 മില്ലിമീറ്റർ മാത്രം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ മഴ 90 ശതമാനത്തിനു മുകളിൽ കുറഞ്ഞു. പത്തനംതിട്ട, വയനാട് ജില്ലകളിലാണു താരതമ്യേന വേനൽമഴ ലഭിച്ചത്. 

Temperature Kerala

ചൂടു കൂടാനുള്ള കാരണങ്ങൾ

പുറത്തിറങ്ങിയാൽ ദേഹം പൊള്ളുന്ന സ്‌ഥിതിയാണ് കേരളത്തിൽ. സൂര്യൻ ഭൂമധ്യരേഖയ്ക്കു നേരെ മുകളിൽ എത്തിയതാണ് പ്രധാന കാരണമെങ്കിലും മഴമേഘങ്ങൾ അകന്ന് തെളിഞ്ഞ ആകാശത്തുകൂടി സൂര്യതാപം നേരിട്ടു പതിക്കുന്നതും ചൂടുകൂടാൻ കാരണമായി.

∙ പ്രളയത്തിനു ശേഷം ജൈവാംശമുള്ള മേൽമണ്ണ് ഒഴുകി നഷ്‌ടമായതും ഈർപ്പം കുറയുന്നതും

∙ പാറഖനനം,  നിർമാണ  പ്രവർത്തന ഫലമായുള്ള പൊടിയും പ്ലാസ്‌റ്റിക്  മാലിന്യവും 

∙ വാർക്കവീടുകളും ടാർ റോഡുകളും വാഹനങ്ങളും വർധിച്ചത്

∙ വാഹനങ്ങളുടെ എസിയും കെട്ടിടങ്ങളുടെ ഗ്ലാസ് പാളികളും

∙ നഗരവൽക്കരണഫലമായി ചെറു സസ്യങ്ങളും വഴിയോര കാടുകളും നശിപ്പിക്കപ്പെട്ടത്

∙ തഴക്കൈതയും കണ്ടലും ഉൾപ്പെട്ട തോടുകളുടെ ജൈവവ്യവസ്‌ഥയ്‌ക്കേറ്റ തിരിച്ചടി

ശ്രദ്ധിക്കുക

sun

∙ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പൂർണമായും ഒഴിവാക്കുക.

∙കുട്ടികൾ പുറത്തിറങ്ങി കളിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്. 

∙വിനോദ സഞ്ചാരത്തിന് പോകുന്നവർ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുവാൻ ശ്രദ്ധിക്കുക 

∙കുട്ടികളെ വാഹനങ്ങളിൽ തനിച്ച് ഇരുത്തരുത്.

∙തൊഴിൽ സമയം രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ. ഉത്തരവ് തൊഴിൽ ദാതാക്കൾ പാലിക്കണം. 

∙ ജോലി സ്ഥലത്ത് ശുദ്ധജലം സജ്ജീകരിക്കുക.

∙ പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗം മൂലം അവശത അനുഭവിക്കുന്നവർ എന്നിവർ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 

∙പരമാവധി ശുദ്ധജലം കുടിക്കുക. 

∙ മദ്യം, കാപ്പി, ചായ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

∙അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.

∙മൃഗങ്ങൾക്കും പക്ഷികൾക്കും പ്രത്യേകം പരിഗണന നൽകണം.

ശുദ്ധജലം ഉറപ്പാക്കണമെന്ന് കലക്ടർമാർക്ക് നിർദേശം

സംസ്ഥാനത്ത് ചൂട് കനത്ത സാഹചര്യത്തിൽ ജനങ്ങൾക്ക് ശുദ്ധജലം ഉറപ്പാക്കാൻ നടപടിയെടുക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് കലക്ടർമാർക്ക് നിർദേശം നൽകി. 306 തദ്ദേശ സ്ഥാപനങ്ങളിൽ ടാങ്കറിൽ കുടിവെള്ളം കിയോസ്‌കുകളിൽ എത്തിച്ച് വിതരണം തുടങ്ങി. 20 പഞ്ചായത്തുകൾ ജലവിതരണത്തിന് കലക്ടർമാരുടെ സാമ്പത്തിക സഹായം തേടിയിട്ടുണ്ട്. ജല അതോറിറ്റി, ജലസേചന വകുപ്പ് എൻജിനിയർമാരുടെ നേതൃത്വത്തിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ ജില്ലാതലത്തിൽ കമ്മിറ്റി രൂപവൽക്കരിക്കാനും നിർദേശം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA