ADVERTISEMENT

കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ആഗോളതാപനത്തിന്‍റെയും ഏറ്റവും വലിയ ആഘാതം ഏറ്റുവാങ്ങുന്ന ജീവിയായി പ്രഥമദൃഷ്ട്യാ വിലയിരുത്തപ്പെടുന്നത് ധ്രുവക്കരടികളാണ്. ആര്‍ട്ടിക്കിലെ മഞ്ഞുരുക്കല്‍ വ്യാപകമായതോടെ ആവാസവ്യവസ്ഥ ഗണ്യമായി കുറഞ്ഞ ഇവ പലപ്പോഴും ഒറ്റപ്പെട്ടു പോവുകയും ഭക്ഷണമൊന്നും ലഭിക്കാതെ പട്ടിണികിടന്ന് ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ വർധിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇങ്ങനെ പട്ടിണി കിടന്നു ജീവനറ്റ പല ധ്രുവക്കരടികളും ആഗോളതാലത്തില്‍ തന്നെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം വർധിക്കുന്നതിനു കാരണമായിരുന്നു. ഇപ്പോഴിതാ ഇതേ ശ്രേണിയിലേക്ക് ഒരു ധ്രുവക്കരടികൂടി എത്തിയിരിക്കുകയാണ്.

റഷ്യയുടെ ആര്‍ട്ടിക്ക് മേഖലയില്‍ നിന്ന് ഏതാണ്ട് 700 കിലോമീറ്റര്‍ തെക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ധ്രുവക്കരടി എത്തിച്ചേർന്നത്. ഹിമയുറക്കത്തിനു ശേഷം ഭക്ഷണം ലഭിക്കാതെ ക്ഷീണിച്ച് അവശനായ നിലയിലാണ് കരടി കാണപ്പെട്ടത്. റഷ്യയിലെ കംചാട്കാ പ്രവിശ്യയിലെ ടിലിച്ചിക്കി ഗ്രാമത്തിലാണ് കരടിയെ കണ്ടെത്തിയത്. ഉംകാ എന്നാണ് ഈ ധ്രുവക്കരടിക്ക് പ്രദേശവാസികള്‍ നല്‍കിയിരിക്കുന്ന പേര്. ഇപ്പോള്‍ പ്രദേശവാസികള്‍ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളാണ് ഉംകയുടെ പട്ടിണി മാറ്റുന്നത്. അതേസമയം ഒരു ധ്രുവക്കരടിയെ സ്വാഭാവിക വാസസ്ഥലത്തു നിന്ന് ഇത്രയും അകലെ കണ്ടെത്തിയത് ഒട്ടും ശുഭകരമായ സൂചനയല്ല നല്‍കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. 

പ്രദേശത്തെത്തിയപ്പോള്‍ മീനുകളെയോ മേഖലയില്‍ കാണപ്പെടുന്ന സീലുകളെയോ വേട്ടയാടാനുള്ള ആരോഗ്യം പോലും കരടിക്കുണ്ടായിരുന്നില്ല. പ്രദേശവാസികള്‍ നല്കിയ ഭക്ഷണം കഴിച്ചാണ് കരടി ആരോഗ്യം മെച്ചപ്പടുത്തിയത്. ഇപ്പോള്‍ നദിയില്‍ ഇറങ്ങി മത്സ്യം പിടിക്കാനും മറ്റും കരടി തയാറാകുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. പക്ഷെ മനുഷ്യരെ കണ്ടാല്‍ കരടി ഓടി മറയും. 

കാലാവസ്ഥാ വ്യതിയാനം മൂലം ആര്‍ട്ടിക്കിന്‍റെ വിസ്തൃതി കുറയുകയാണ്.സ്വഭാവികമായും ധ്രുവക്കരടികളുടെ വേട്ടയാടാനുള്ള സാധ്യതകളും കുറയും. പ്രധാന ഇരകളായ സീലുകളും മറ്റും ഇപ്പോള്‍ ധ്രുവക്കരടികളുടെ കൈയെത്താത്ത മേഖലയിലാണ് കൂടുതലുമുള്ളത്. ഈ സാഹചര്യമാണ് കരടികളെ കൂടുതല്‍ കരമേഖലയുള്ള തെക്കന്‍ പ്രദേശങ്ങളിലേക്കെത്തിക്കുന്നതെന്ന് റഷ്യന്‍ ഗ്രീന്‍പീസ് മേധാവിയായ വ്ലാഡിമിര്‍ ചുപ്റോവ് പറയുന്നു. അതിജീവനത്തിന് ധ്രുവക്കരടികള്‍ക്ക് അവശേഷിക്കുന്ന ഏക മാർഗം മനുഷ്യവാസമുള്ള പ്രദേശത്തേക്കെത്തുകയെന്നതാണെന്നും വ്ലാഡിമിര്‍ പറയുന്നു.

ഇപ്പോള്‍ എത്തിയ ഒരു കരടി മൂലം പ്രദശവാസകള്‍ക്കു വലിയ പ്രശ്നങ്ങളില്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ സമാനമായ രീതിയിലാകില്ല മനുഷ്യര്‍ പ്രതികരിക്കുകയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ധ്രുവപ്രദേശത്തിനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്നതാണെങ്കിലും വടക്കുകിഴക്കന്‍ റഷ്യന്‍ഗ്രാമത്തില്‍ അന്‍പതിലേറെ ധ്രുവക്കരടികള്‍ കൂട്ടത്തോടെയെത്തി പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ്.

ടിലിചിക്കിയില്‍ എത്തിയ കരടിയെ പിടികൂടെ തിരികെ ആര്‍ട്ടിക്കിലേക്കയ്ക്കാന്‍ വനം വകുപ്പ് തയ്യാറെടുക്കുകയാണ്. എന്നാല്‍ കരടിയെ ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള ഒരു കൂട് പ്രദേശത്തില്ല. ഈ സാഹചര്യത്തില്‍ പുതിയ കൂടിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിനു ശേഷം മാത്രമെ കരടിയെ മയക്കി കൂട്ടിലാക്കി സ്വന്തം അവാസവ്യവസ്ഥയിലേക്കു തിരികെയെത്തിക്കാനാകൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com